'ആസിഫ് ബെസ്റ്റാണെന്നത് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന കാര്യം, പുള്ളി ഇവിടെ മാജിക്ക് കാണിക്കും'; അഭിലാഷ് പിള്ള
പണ്ടാരോ പറഞ്ഞ് കേട്ടിട്ടുണ്ട്... ഒരു അഭിനേതാവിന്റെ അഭിനയം അളക്കാൻ മണിക്കൂറുകൾ നീണ്ട അഭിനയം ആവശ്യമില്ല... ഒരു അഞ്ച് മിനിറ്റ് പ്രകടനമായാലും മതിയെന്ന്. അത്തരത്തിൽ നിരവധി പ്രകടനങ്ങൾ കാഴ്ചവെച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് ആസിഫ് അലി. മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളെന്ന് തന്നെ വേണമെങ്കിൽ ആസിഫ് അലിയെ വിശേഷിപ്പിക്കാം.
മുൻ നിര നായകനായിട്ടും തന്റെ സുഹൃത്തുക്കളുടെ സിനിമകളിൽ ചെറിയ കാമിയോ വേഷങ്ങളിൽ വരാൻ ഒരു മടിയും ആസിഫ് അലി കാണിച്ച് കണ്ടിട്ടില്ല. ആസിഫ് അലി ഗസ്റ്റ് റോൾ ചെയ്‌താൽ സിനിമ വിജയിക്കും എന്നൊരു ചൊല്ല് പോലും സിനിമാക്കാർക്കിടയിലുണ്ടെന്ന് കേട്ടിട്ടുണ്ട്. തലവനാണ് ആസിഫ് അലിയുടെ ഏറ്റവും അവസാനത്തെ ഹിറ്റ് ചിത്രം.

ഒരു സിനിമ പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽ നിന്നും വന്നാണ് ഇന്ന് കാണുന്ന രീതിയിലേക്ക് ആസിഫ് അലി ഉയർന്നതും മലയാള സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്തിയതും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആസിഫ് അലിയാണ് സോഷ്യൽമീഡിയ മുഴുവൻ നിറഞ്ഞ് നിൽക്കുന്നത്. സംഗീത സംവിധായകൻ രമേഷ് നാരായണൻ പൊതുവേദിയിൽ വെച്ച് മൊമന്റോ കൈമാറുന്ന ചടങ്ങിനിടെ നടനെ അപമാനിച്ചുവെന്നതാണ് കാരണം.
വീഡിയോ വൈറലായതോടെ ആസിഫിനെ പിന്തുണച്ച് സിനിമാ-സംഗീത-രാഷ്ട്രീയ ലോകത്ത് നിന്ന് വരെ നിരവധി പേർ എത്തിയിരുന്നു. തന്നെ ഇത്രത്തോളം മലയാളികൾ സ്നേഹിക്കുന്നുണ്ടെന്ന് ആസിഫ് തിരിച്ചറിഞ്ഞതും കഴിഞ്ഞ രണ്ട്, മൂന്ന് ദിവസത്തിനുള്ളിലാകും.
പൊതുവേദിയിൽ വെച്ച് അപമാനിതനായിട്ടും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കാതെ പുഞ്ചിരിയോടെ ആസിഫ് ആ സാഹചര്യം കൈകാര്യം ചെയ്തുവെന്നതാണ് താരത്തിന്റെ ആരാധകർക്ക് അടക്കം നടനോട് ബഹുമാനവും സ്നേഹവും കൂടാൻ കാരണമായത്. ഇപ്പോഴിതാ ആസിഫ് അലി എന്ന നടനെ കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. അടുത്തിടെ ചോയ്സ് നെറ്റ് വർക്ക് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭിലാഷ് പിള്ള ആസിഫ് അലിയിലെ പ്രതിഭയെ കുറിച്ച് സംസാരിച്ചത്.
ആസിഫ് ബെസ്റ്റാണെന്നത് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന കാര്യമാണെന്ന് അഭിലാഷ് പിള്ള പറയുന്നു. ആസിഫിക്കയെ പറ്റി പല ഇന്റർവ്യൂവിലും ഞാൻ പറയാറുണ്ട്. ഞാൻ സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ ആസിഫിക്കയെ വെച്ച് ചെയ്യണമെന്നത് ആഗ്രഹമാണ്. അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്.

പല ഇന്റർവ്യൂവിലും ഞാനിത് പറയാറുമുണ്ട്. കാരണം മലയാളത്തിലെ യങ് സ്റ്റേഴ്സിൽ ആർട്ടിസ്റ്റ് എന്ന രീതിയിൽ ആസിഫ് ബെസ്റ്റാണെന്നത് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന കാര്യമാണ്. ആസിഫിക്കയെ പറ്റിയുള്ള കോമൺ ടോക്കാണ് അത്. പിന്നെ അദ്ദേഹത്തിന്റെ ചില സിനിമകൾ... അതായത് കെട്ട്യോളാണെന്റെ മാലാഖയിലൊക്കെ ഭയങ്കരമായി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ യൂസ് ചെയ്യാൻ പറ്റുന്ന സിനിമകൾ വന്നാൽ പുള്ളി ഇവിടെ മാജിക്ക് കാണിക്കും.
കാരണം തലവൻ അതിന്റെ വലിയ ഉദാഹരണമാണ്. പുള്ളിയുടെ കരിയറിന്റെ സ്റ്റാർട്ടിങ് ടൈമിൽ സത്യൻ അന്തിക്കാട് സാർ ആസിഫ് അലി എന്ന നടനെ പറ്റി പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്കുള്ളിൽ തന്നെ മലയാള സിനിമയുടെ ടോപ്പിലേക്ക് ഇയാൾ വരുമെന്ന്. ആസിഫിക്ക ആ ലെവലിലേക്ക് വരുംമെന്നും അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു.
പുതിയ ചിത്രമായ സുമതി വളവിന്റെ തിരക്കഥ എഴുത്തും മറ്റുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോൾ അഭിലാഷ് പിള്ള. മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം അതിന്റെ അണിയറപ്രവർത്തകർ ഒന്നിക്കുന്ന പുതിയ ചിത്രമാണ് സുമതി വളവ്. ഒരു ഹൊറർ ത്രില്ലർ സിനിമയായിരിക്കും സുമതി വളവ് എന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications