'മകൻ നല്ലവനും നിഷ്കളങ്കനുമാണെന്ന് തോന്നണം, ആ ദൈവവിളിയിൽ അപ്പനിട്ട ന്യൂജെൻ പേരാണ് ഇന്നസെന്റ്'; കലൂർ ഡെന്നീസ്
ചിരിച്ചുകൊണ്ട് തിരികെ വരുമെന്ന് പ്രതീക്ഷിച്ച് ഇരുന്നപ്പോഴാണ് അവയെല്ലാം തച്ചുടച്ച് ഇതാഹാസമായ നടൻ ഇന്നസെന്റിന്റെ മരണവാർത്ത ആരാധകരിലേക്ക് എത്തിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിൽ കൂടിയും അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷ സിനിമാ ലോകത്തിനും അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങൾക്കുമുണ്ടായിരുന്നു.
കഴിഞ്ഞ വർഷമാണ് അദ്ദേഹം സിനിമ ജീവിതത്തിന്റെ അമ്പത് വർഷം തികച്ചത്. ആദ്യ കാലത്ത് പട്ടിണിയും പിന്നീട് കാൻസറും ജീവൻ കവരാൻ ശ്രമിച്ചിട്ടും ചിരിച്ചുകൊണ്ട് നടന്ന അദ്ദേഹം ഇന്ന് മരണത്തിന് കീഴടങ്ങിയെന്നത് കലയെ സ്നേഹിക്കുന്നവർക്ക് കണ്ണീർ സമ്മാനിക്കുന്ന വാർത്തയാണ്. 1972 സെപ്റ്റംബർ 9ന് റിലീസ് ചെയ്ത നൃത്തശാലയിലൂടെയാണ് അദ്ദേഹം ആദ്യമായി തിരശ്ശീലയിലെത്തിയത്.

എ.ബി രാജ് സംവിധാനം ചെയ്ത സിനിമ നിർമിച്ചത് ശോഭന പരമേശ്വരൻ നായരാണ്. പ്രേംനസീറും ജയഭാരതിയും അടൂർ ഭാസിയുമായിരുന്നു പ്രധാന താരങ്ങൾ. കാണാനും ഓർത്തിരിക്കാനും മാത്രമുള്ള വലിയ വേഷമായിരുന്നില്ലെങ്കിലും അത് പട്ടിണിക്കാലത്ത് പ്രതീക്ഷകൾ സമ്മാനിച്ച ഒന്നായിരുന്നു. കുഞ്ഞുങ്ങൾ പിറന്ന് കഴിയുമ്പോൾ യൂനീക്കായ പേരിടണമെന്നത് എല്ലാവരുടേയും വലിയ മോഹമാണ്.
അത്തരത്തിൽ നോക്കുമ്പോൾ ഏറ്റവും യുനീക്ക് പേരുള്ള മലയാളിയാണ് ഇന്നസെന്റ്. വളരെ വർഷങ്ങളായി ഇന്നസെന്റുമായി സൗഹൃദമുണ്ട് നോവലിസ്റ്റും തിരക്കഥാകൃത്തുമായ കലൂർ ഡെന്നീസിന്. ആദ്യമായി ഇന്നസെന്റ് എന്ന പേര് കേട്ടപ്പോൾ തനിക്കുണ്ടായ കൗതുകം എത്രത്തോളമാണെന്ന് പറയുകയാണ് ഇപ്പോൾ കലൂർ ഡെന്നീസ് മനോരമയിൽ എഴുതിയ ആർട്ടിക്കിളിലൂടെ.
'ഞാൻ പല വിദേശ രാജ്യങ്ങളിലും പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പ്രത്യേക പേര് കേൾക്കുന്നത് നമ്മുടെ നാട്ടിലുള്ള ഒരു വ്യക്തിയിലാണ്. കേൾക്കാൻ നല്ല രസമുള്ള പേരാണെന്ന് തോന്നിയെങ്കിലും ചിലപ്പോൾ പള്ളിയിലിട്ടിരിക്കുന്ന ഒറിജിനൽ പേര് വേറെ ഉണ്ടാകുമെന്ന് എനിക്ക് തോന്നി. ആരാണ് ഈ നവ പേരുകാരൻ എന്നറിയണ്ടേ..?'
'ഇരിങ്ങാലക്കുടക്കാരൻ തെക്കേത്തല വറീതിന്റേയും മാർഗലീത്തയുടേയും മകനായ മലയാള സിനിമയിൽ അന്നേവരെ കാണാത്ത വ്യത്യസ്തമായ ഒരു ഹാസ്യധാര സൃഷ്ടിച്ച നമ്മുടെയെല്ലാം ചിരിപ്രസാദമായ സാക്ഷാല്‍ ഇന്നസന്റാണ് ഈ ന്യൂജൻ പേരിനുടമ. ഈ പേര് കേട്ടപ്പോൾ എന്റെ സുഹൃത്തും തിരക്കഥാകാരനുമായ ജോൺ പോളിനോട് ഞാൻ ചോദിച്ചു.... കൊള്ളാമല്ലോടാ ഈ പേര്.... നിഷ്കളങ്കനെന്ന് പറയുന്നതിന് പകരം ഇട്ട പേരായിരിക്കും അല്ലേ ജോണേ...?'

'അത് കേട്ടതും ജോൺ അൽപം വിശാലമായ ഫലിതത്തിന്റെ മേമ്പൊടിക്കൂട്ടോടെ പറഞ്ഞതിങ്ങനെയാണ്... അത് നിനക്കറിയില്ലേ? ഇന്നസന്റ് ജനിച്ച സമയത്ത് അവന്റെ അപ്പനിട്ട പേരാണത്. അവൻ പഠിക്കാൻ വളരെ മോശക്കാരനും വല്ലാത്ത ഉഴപ്പനും ആയിരിക്കുമെന്ന് അവന്റെ അപ്പന് പെട്ടെന്നൊരു ദൈവവിളിയുണ്ടായി.'
'അത് കേട്ടപ്പോൾ അപ്പന് വല്ലാത്ത വിഷമവുമായി. അപ്പോൾ തന്റെ മകൻ നല്ലവനും നിഷ്കളങ്കനുമാണെന്ന് നാട്ടുകാർക്ക് തോന്നാൻ വേണ്ടി അപ്പനിട്ട പേരാണ് ഈ ഇന്നസന്റ്. ജോണിന്റെ അതിഭാവന കേട്ട് ഞാൻ ചിരിച്ചു. 1980 കാലത്ത് ജോൺ പോൾ പറഞ്ഞാണ് ഇന്നസന്റ് എന്ന പേര് ഞാൻ ആദ്യമായി കേൾക്കുന്നത്. അന്ന് ഇന്നസന്റ് ചെറിയ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയ സമയമാണ്. അന്ന് മുതലെ ഈ നവ നാമധേയനെ നേരിട്ട് കാണണമെന്ന് എനിക്ക് തോന്നിയിരുന്നു.'
'1981 സെപ്റ്റംബർ അവസാനം അവളുടെ രാവുകളുടെ നിർമാതാവായ മുരളീ മൂവീസ് രാമചന്ദ്രന്റെ മദ്രാസിലെ വീട്ടിൽ വെച്ചാണ് ഞാൻ ഇന്നസന്റിനെ ആദ്യമായി കാണുന്നത്. ഇന്നസന്റിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്. പലപ്പോഴും ഫോണിലൂടെ ഇന്നസെന്റിന്റെ തമാശകളും രസികത്വവും കേട്ടുകേട്ട് ഞങ്ങളുടെ ബന്ധം ഒരു എടാ പോടാ വിളിവരെ വളർന്നിരുന്നു.'
'ഇന്നസന്റിന്റെ തമാശകൾ കേൾക്കാൻ വേണ്ടി എന്റെ പല സിനിമകളിലും അവന് ഞാൻ ചില കഥാപാത്രങ്ങൾ എഴുതിച്ചേർക്കാൻ തുടങ്ങി. മിക്കതിലും ഡ്രൈവറും ചെറുവാല്യക്കാരനുമൊക്കെയായ ചെറിയ ചെറിയ വേഷങ്ങളായിരുന്നു' സുഹൃത്തിനെ ഓർമിച്ച് ഇന്നസെന്റ് എഴുതി.


Click it and Unblock the Notifications