'പവി കെയർടേക്കറിന്റെ പോസ്റ്ററിറങ്ങിയപ്പോൾ മുതൽ ഹേറ്റ് ക്യാംപെയ്ൻ, ദിലീപെന്ന പെർഫോമറെ തകർക്കാൻ പറ്റില്ല'
ഒരിടവേളയ്ക്കുശേഷം നടൻ ദിലീപിന്റെ കരിയറിൽ ചെറിയൊരു ചലനം സൃഷ്ടിച്ച സിനിമയായിരുന്നു നടൻ കൂടിയായ വിനീത് കുമാർ സംവിധാനം ചെയ്ത പവി കെയർടേക്കർ. രാമലീലയ്ക്കുശേഷം നല്ലൊരു ഹിറ്റ് ദിലീപിന്റെ കരിയറിൽ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ പവി കെയർടേക്കർ ഒടിടിയിൽ എത്തിയത്. ഒടിടിയിലും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കാലത്തിന് ഒത്ത് മാറി ദിലീപ് കുറേക്കൂടി നന്നായി മാറി ചിന്തിക്കണമെന്നാണ് സിനിമാപ്രേമികൾ കുറിക്കുന്നത്.
അതേസമയം ഇപ്പോഴിതാ പവി കെയർടേക്കർ എന്ന സിനിമയെ കുറിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് രാജേഷ് രാഘവൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ ഹേറ്റ് ക്യാംപെയ്ൻ നടന്നിരുന്നുവെന്നാണ് രാജേഷ് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

പവി കെയർ ടേക്കർ സിനിമയിൽ നർമ്മമുണ്ട്. അരവിന്ദന്റെ അതിഥികൾ കഴിഞ്ഞ് എന്നെ അന്വേഷിച്ച് പല പ്രോജക്ടുകൾ വന്നിട്ടുണ്ട്. അവയിൽ പലതും നടക്കാതെ പോയി. അങ്ങനെയിരിക്കവെയാണ് വിനീതുമായി സംസാരിക്കുന്നതും ഞാൻ പവി കെയർ ടേക്കറുടെ എലമെന്റ് പറഞ്ഞതും. പിന്നീട് ഇത് ലാൽ ജോസ് കേട്ടപ്പോൾ ദിലീപ് ചെയ്താൽ നന്നാകുമെന്ന് പറഞ്ഞു. അങ്ങനെയാണ് ദിലീപിന് അടുത്ത് നമ്മൾ എത്തുന്നത്.
പുള്ളിക്ക് കഥ ഇഷ്ടപ്പെട്ടു. പുള്ളി തന്നെ നിർമ്മിച്ചോളാമെന്ന് പറഞ്ഞ് അഡ്വാൻസും കാര്യങ്ങളും എല്ലാം ചെയ്തു. എന്നാൽ പിന്നീട് കൊവിഡും കേസുകളും വന്ന് കുറച്ചുകാലം നീണ്ടുപോയി. അല്ലായിരുന്നുവെങ്കിൽ 2020ൽ നടക്കേണ്ടിയിരുന്ന സിനിമയാണ്. എറണാകുളത്ത് വെച്ച് ഞാൻ പരിചയപ്പെട്ട ഒരു വ്യക്തിയിൽ നിന്നും ഇൻസ്പെയറായാണ് പവി കെയർ ടേക്കർ എഴുതിയത്.
ബെസ്റ്റ് പെർഫോമറാണ് ദിലീപെന്ന് പറഞ്ഞ നടൻ. ദിലീപ് ചെയ്യാത്ത എന്ത് തമാശയാണ് ഇവിടെയുള്ളത്. പവി കെയർ ടേക്കർ ഒരു പ്രണയ സിനിമയായിരുന്നു. ആളുകൾ പക്ഷെ അത് തമാശ സിനിമയായി തെറ്റിദ്ധരിച്ചു. നമുക്ക് വളരെ കംഫർട്ടബിളായിട്ട് വർക്ക് ചെയ്യാൻ പറ്റുന്ന ആർട്ടിസ്റ്റാണ് ദിലീപ്. തിരക്കഥാകൃത്തെന്ന നിലയിൽ നമുക്ക് റെസ്പെക്ട് തരും. പറയുന്ന സജഷൻസ് പുള്ളി നോക്കും. പുള്ളി പെർഫോം ചെയ്യുന്ന ഒരു പാറ്റേണുണ്ട്.
അതിലെ പുള്ളി ചെയ്യു. സമീപകാലത്ത് പുള്ളി ചെയ്ത ഏറ്റവും നല്ല പെർഫോമൻസുകളിൽ ഒന്ന് സംഭവിച്ചത് പവി കെയർ ടേക്കറിലാണ്. ഓരോ കാലത്തും ഓരോതരം സിനിമകളാണ് ആളുകൾക്ക് ആവശ്യമുള്ളത്. അല്ലാതെ പ്രേമലുവും ആവേശവുമാണ് സിനിമ ഡിഫൈൻ ചെയ്യുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ സിനിമകൾ ഇഷ്ടപ്പെടാത്തവരുമില്ലേ..?

ദിലീപെന്ന നടനിൽ നിന്ന് ആളുകൾ പ്രതീക്ഷിക്കുന്ന മാനറിസങ്ങളുള്ള സിനിമയാണ് പവി കെയർ ടേക്കർ. അത് ആളുകൾ എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് ജഡ്ജ് ചെയ്യേണ്ട കാര്യം എനിക്കില്ല. എന്നെ സംബന്ധിച്ച് എന്റെ റഫറൻസ് സിനിമയല്ല പ്രേമലുവും ആവേശവും. കേസിലും കാര്യങ്ങളിലുമൊന്നും ദിലീപ് ഉൾപ്പെട്ടില്ലായിരുന്നുവെങ്കിൽ പവി കെയർ ടേക്കർ വൻ ഹിറ്റിലേക്ക് പോകുമായിരുന്നു. ഈ സിനിമയ്ക്ക് നേരെ ഹേറ്റ് ക്യാംപെയ്ൻ ഉണ്ടായിരുന്നു.
കേട്ടു കേൾവിയില്ലാത്ത യുട്യൂബേഴ്സും ഐഡന്റിറ്റിയില്ലാത്ത കമന്റ്സുമെല്ലാം ഈ സിനിമയ്ക്ക് എതിരെ മനപൂർവം രംഗത്ത് വന്നു. രണ്ടായിരത്തിൽ കൂടുതൽ ഫേക്ക് അക്കൗണ്ടുകൾ ഞങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. പവി കെയർടേക്കറിന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ തന്നെ ചളി, ഇത് പൊട്ടും എന്നിങ്ങനെ കമന്റുകൾ വന്നിരുന്നു. നല്ല കമന്റ്സ് വന്നത് സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ്.
വ്യക്തി വിരോധം തീർത്തതാണ്. ദിലീപ് ഒന്നാന്തരം പെർഫോമറാണ്. ആ പെർഫോമറെ നിങ്ങൾക്ക് തകർക്കാൻ പറ്റില്ല. നല്ല നല്ല സിനിമകൾ ചെയ്യുമ്പോൾ പതിയെ ആളുകൾ അത് ഏറ്റെടുക്കും. ഒരു പെർഫോമറെ നമുക്ക് ഒതുക്കി വെക്കാൻ കഴിയില്ലെന്നാണ് രാജേഷ് പറഞ്ഞത്.


Click it and Unblock the Notifications