മമ്മൂട്ടിയുടെ 'ഉണ്ട'യിലെ വില്ലനാരാണ്? ഒരു പത്രവാര്‍ത്ത സിനിമയായപ്പോള്‍! മനസ് തുറന്ന് തിരക്കഥാകൃത്ത്
പട്ടാളക്കാരുടെ ജീവിതവും ജോലിയും പ്രതിസന്ധികളും മുന്‍നിര്‍ത്തി ഒരുപാട് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ പോലീസുകാര്‍ ജോലിയ്ക്കിടെ നേരിടേണ്ടി വരുന്ന ദുരിതത്തെ കുറിച്ചുള്ള സിനിമകളൊന്നും ഇതുവരെ പിറന്നിട്ടില്ല. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന പോലീസുകാരുടെ കഥയുമായി മമ്മൂട്ടി ചിത്രം എത്തിയിരിക്കുകയാണ്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിലൊരുക്കിയ ചിത്രമാണിത്.
മാവോയിസ്റ്റുകളെ നേരിട്ട് കേരളത്തിന് അഭമാനാകണമെന്ന നിര്‍ദ്ദേശത്തോടെ പോവുന്ന പോലീസുകാര്‍ തോക്കിലിടാന്‍ ഉണ്ട പോലുമില്ലാതെ ഒത്തിരിയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ചിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഉണ്ടായ യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയതിനെ കുറിച്ച് തിരക്കഥാകൃത്ത് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു പത്ര വാര്‍ത്തയുടെ പിന്നാലെ പോയിട്ടാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. ഖാലിദ് റഹ്മാനൊപ്പം ഹര്‍ഷാദ് ആണ് ഉണ്ടയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.

ഹര്‍ഷാദിന്റെ വാക്കുകളിലേക്ക്..
ഇതാണാ പത്രവാര്‍ത്ത. 'ചത്തിസ്ഘഡില്‍ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് സംഘം ദുരിതത്തില്‍. '2014 ലെ ലോകസഭാ ഇലക്ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഈ ബോക്സ് ഐറ്റത്തിന്റെ ചുവട് പിടിച്ചാണ് ഖാലിദ് റഹ്മാന്‍ അന്നേ യാത്ര തുടങ്ങിയത്. അതിനിടയില്‍ അവന്‍ 'അനുരാഗ കരിക്കിന്‍വെള്ളം' ചെയ്ത് പ്രേക്ഷകരുടെയും ക്രിട്ടിക്സിന്റെയും അംഗീകാരം നേടിയെടുത്തു. പിന്നീട് 2016 ലാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ഞാന്‍ ഈ യാത്രയില്‍ റഹ്മാന്റെ കൂടെ ചേരുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ബേസ് ചെയ്തുകൊണ്ട് എഴുതേണ്ട സിനിമ എന്നതിനേക്കാള്‍ ഇയ്യൊരു പ്രൊജക്ടില്‍ എന്നെ ആകര്‍ഷിച്ചത് ഞങ്ങള്‍ തമ്മില്‍ അന്ന് നടന്ന ഒരു സംഭാഷണമാണ്. അപ്പോള്‍ റഹ്മാനേ ഈ സിനിമയിലെ വില്ലനാരാണ്..? ഭയം. പേടി... പേടിയാണ് ഇതിലെ വില്ലന്‍.

ഭയം പലവിധം
ഭയം പലതരത്തിലാണല്ലോ. മനുഷ്യന്മാര് തമ്മില്‍ തമ്മിലുള്ളത്, മനുഷ്യര്‍ക്ക് മനുഷ്യരല്ലാത്തവരോടുള്ളത്. സ്റ്റേറ്റിന് മനുഷ്യരോടുള്ളത്. മനുഷ്യര്‍ക്ക് സ്റ്റേറ്റിനോടുള്ളത്, അങ്ങനെ ഭയം പലവിധം!. Fear is a major weapon of domination in the new world എന്ന് പണ്ടാരാണ്ടോ പറഞ്ഞു വെച്ചിണ്ടുണ്ടല്ലോ. പിന്നീട് സംഭവം നടന്ന സ്ഥലമായ ബസ്തറിലേക്കുള്ള യാത്രകള്‍. സിനിമക്ക് ആവശ്യമായത് തേടിയുള്ള യാത്രകള്‍. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളെ കണ്ടു. ഏത് ഘട്ടത്തിലും ഒറ്റുകാരനായോ ഭീകരവാദിയായോ മുദ്ര കുത്തപ്പെടാന്‍ പരുവപ്പെട്ട മനുഷ്യരെ കണ്ടു. ഇത് അവരുടെയും കൂടി സിനിമയാണ്. നമുക്കറിയാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണെന്നല്ലേ പഴമൊഴി.

അഭിപ്രായം അറിയിക്കുക
പിന്നീട് 2018 ല്‍ മമ്മൂക്ക ഈ യാത്രയില്‍ ജോയിന്‍ ചെയ്തതോടെ കാര്യങ്ങള്‍ വേഗത്തിലായി. കൃഷ്ണന്‍ സേതുകുമാര്‍ പ്രൊഡ്യൂസറായി വന്നു. സജിത്ത് പുരുഷന്റെ ക്യാമറ, പ്രശാന്ത് പിള്ളയുടെ മ്യൂസിക്, ശ്യാം കൗശലിന്റെ ആക്ഷന്‍, അങ്ങിനെ പരിചയ സമ്പന്നരായ ക്രൂ മെമ്പേഴ്സ് വന്നു. ചെറുപ്പക്കാരും താരതമ്യേന പുതുക്കക്കാരുമായ സഹതാരങ്ങള്‍ വന്നു. കേരളത്തിലും കര്‍ണാടകയിലും ചത്തിസ്ഗഡിലുമായുള്ള ചിത്രീകരണങ്ങള്‍. ഒടുവില്‍ ഇന്ന് ആ സിനിമ ഉണ്ട എന്ന പേരില്‍ നിങ്ങളുടെ മുന്നിലേക്കെത്തുന്നു. കാണുക. അഭിപ്രായം അറിയിക്കുക. സ്നേഹം.

തിയറ്ററുകളിലെത്തിയ ഉണ്ട
131 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം രാവിലെ മുതല്‍ പ്രദര്‍ശനം ആരംഭിച്ചു. കേരളത്തില്‍ മാത്രം 161 തിയറ്ററുകളിലാണ് ഉണ്ട പ്രദര്‍ശനത്തിനെത്തിയത്. മമ്മൂട്ടി ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന വേഷത്തിലാണ് അഭിനയിക്കുന്നത്. ഒപ്പം വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടിയില്‍ അണിനിരക്കുന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ട്. ആസിഫ് അലി അതിഥി വേഷത്തില്‍ എത്തുമെന്നാണ് കരുതുന്നത്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍.


Click it and Unblock the Notifications