സിനിമ ഹിറ്റായപ്പോൾ ചിദംബരത്തിന് കിട്ടിയത് ആട്ടിൻ കാട്ടം ഒന്നുമല്ലല്ലോ... അരി തന്നെയല്ലേ..?; മറുപടിയുമായി സായ്
മലയാള സിനിമ ലോകത്തെ റിവ്യൂവേഴ്സിനെ പറ്റി കഴിഞ്ഞ ദിവസം മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. സിനിമയെ പറ്റി സംസാരിക്കുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകുന്നത് നല്ലതല്ലെന്നാണ് മലയാളത്തിലെ സിനിമ റിവ്യൂവർമാരെ കുറിച്ച് ചിദബരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. കൂടാതെ അടുത്തിടെയായി ഉണ്ണി മുകുന്ദനും യുട്യൂബറും റിവ്യൂവറും ബിഗ് ബോസ് ഫെയിമുമായ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണയും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചും ചിദംബരം സംസാരിച്ചിരുന്നു.
സിനിഉലകം എന്ന തമിഴ് യൂട്യൂബ് ചാനലിൽ സംവിധായകരായ വെങ്കട് പ്രഭു, പാ രഞ്ജിത്ത്, രാജ് കുമാർ, നിതിലൻ, പാരി, ചിദംബരം എന്നിവർ ചേർന്നുള്ള അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെല്ലാം ചിദംബരം സംസാരിച്ചത്. സായ് കൃഷ്ണയെ ട്രോളുന്ന തരത്തിലുള്ള ചിദംബരത്തിന്റെ സംസാരം വൈറലായിരുന്നു.

സോഷ്യൽ മീഡിയ റിവ്യൂവിൽ അവതരണമാണ് കാഴ്ചക്കാർ ഇഷ്ടപ്പെടുന്നത്. ചെറിയ ടോക്സിക്കായ സംസാര രീതി അവർ ഇഷ്ടപ്പെടുന്നു. സിനിമ റിലീസായി കഴിഞ്ഞാൽ അതൊരു പബ്ലിക്കിലാണ്. സിനിമയെ പറ്റി ആർക്കും എന്തും പറയാം. പലതും വ്യക്തിപരമായ ആക്രമണമാണ്. അത് ശരിയല്ല ആർട്ട് വർക്കിനെ കീറിമുറിക്കാം.
സിനിമ മോശമായാലും നന്നായാലും അതിന് പിന്നാലെ അധ്വാനം ഒന്നാണ്. മലയാളത്തിൽ ഒരു താരത്തെ റിവ്യൂവർ സ്ഥിരമായി ആക്രമിക്കുകയാണ്. താരം റിവ്യൂവറെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചു. നിങ്ങളെ പറ്റി പറഞ്ഞാൽ അരി വാങ്ങാൻ പറ്റുമെന്നായിരുന്നു ആ റിവ്യുവറിന്റെ മറുപടി. എന്നാൽ ചെയ്തോ എന്ന് താരവും മറുപടി നൽകി എന്നാണ് ഉണ്ണി മുകുന്ദൻ-സീക്രട്ട് ഏജന്റ് വിഷയത്തെ കുറിച്ച് സംസാരിച്ച് ചിദംബരം പറഞ്ഞത്.
എന്നാൽ ഉണ്ണി മുകുന്ദന്റെയോ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണയുടേയോ പേര് ചിദംബരം പറഞ്ഞിരുന്നില്ല. സംവിധായകന്റെ വാക്കുകൾ വൈറലായതോടെ സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണയ്ക്കെതിരെ ട്രോളുകളും പരിഹാസ കമന്റുകളും വർധിച്ചു. ഇപ്പോഴിതാ ചിദംബരത്തിനുള്ള മറുപടി എന്നോണം പ്രതികരിച്ച് എത്തിയിരിക്കുകയാണ് സായ് കൃഷ്ണ. സിനിമ ഹിറ്റായപ്പോൾ ചിദംബരത്തിന് കിട്ടിയത് ആട്ടിൻ കാട്ടം ഒന്നുമല്ലല്ലോ.. അരി തന്നെയല്ലേ..? എന്നാണ് സായ് ചോദിച്ചത്.
ചിദംബരം എനിക്കൊരു ഫ്രീ പ്രൊമോഷൻ തന്നു. എന്നെ വെച്ച് അമ്പതുകോടി സിനിമ എടുത്ത അവസ്ഥയായിപ്പോയില്ലേ?. സംഗതി പേര് പറയുന്നില്ലെന്ന് പറഞ്ഞാണ് ചിദംബരം സംസാരിക്കുന്നത്. ഇത് ശരിക്കും പലരേയും സുഖിപ്പിക്കാൻ വേണ്ടിയുള്ള വർത്തമാനം മാത്രമാണ്. ആ കോൾ കൃത്യമായി കേട്ട വ്യക്തിക്ക് ആര് ആരെയാണ് തെറി വിളിച്ചതെന്ന് കൃത്യമായി മനസിലായി കാണും.

പിന്നെ അരിയുടെ കാര്യം എടുത്ത് എടുത്ത് പറയുന്നത് കണ്ടു. ചിദംബരത്തിന്റെ സിനിമ ഹിറ്റായപ്പോൾ ചിദംബരത്തിന് കിട്ടിയത് ആട്ടിൻ കാട്ടം ഒന്നുമല്ലല്ലോ..? അരി തന്നെയല്ലേ..?. സിനിമാക്കാർ ഒരു കാര്യം മനസിലാക്കുക... നമ്മൾ ഒരു പ്രവൃത്തി ചെയ്യുമ്പോൾ അത് ബിസിനസായാണ് ചെയ്യുന്നത്. ഞാൻ യുട്യൂബ് ചെയ്യുന്നതും ഒരു ബിസിനസാണ്. അവർ സിനിമ ചെയ്യുന്നതും ബിസിനസാണ്.
ഇതിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത് പൈസയാണ്. പൈസ കൊടുത്ത് നമ്മൾ മേടിക്കുന്നത് അരിയാണ്. ആട്ടിൻ കാട്ടം തിന്നാൻ ആരും ഇവിടെ ബിസിനസ് നടത്തുന്നില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ അരി, ഭക്ഷണം എന്നൊന്നും അത്ര കളിയാക്കി പറയേണ്ട കാര്യമല്ല. ഞാൻ വളരെ പ്രൗഡായാണ് അരി അണ്ണൻ എന്ന് പറയാറുള്ളത്. പിന്നെ ഒരാൾ എന്നെ തെറി പറഞ്ഞിട്ട് ഞാൻ അത് വിറ്റ് അരിയാക്കിയിട്ടുണ്ടെങ്കിൽ അത് എന്റെ കഴിവ്. അവർ സിനിമ എടുക്കുന്നത് വിൽക്കാനാണ്.
അതുപോലെ ഞാൻ എന്റെ കോണ്ടന്റ് വിൽക്കും അരിയാക്കും. ഞാൻ പറയുന്ന അഭിപ്രായങ്ങൾ കാണാൻ താൽപര്യമുള്ളവർക്ക് കാണാം. ഷെയർ, സബ്സ്ക്രൈബ് എന്ന് പോലും പറയാത്ത ആളാണ് ഞാൻ എന്നാണ് സായ് കൃഷ്ണ പ്രതികരിച്ച് പറഞ്ഞത്.


Click it and Unblock the Notifications