'പേര് കേട്ടപ്പോൾ സ്തബ്ധനായി, കൊഞ്ചം ഓവറല്ലേയെന്ന് തോന്നി, വിജയ് പറയുന്ന വിശദീകരണം എനിക്ക് ദഹിക്കുന്നില്ല'
ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് ഗായകൻ വിജയ് മാധവിനും ഭാര്യയും നടിയുമായ ദേവിക നമ്പ്യാർക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. പെൺകുഞ്ഞ് പിറന്ന സന്തോഷം ഇരുവരും യുട്യൂബ് വീഡിയോയിലൂടെയാണ് ആരാധകരെ അറിയിച്ചത്. മാത്രമല്ല കുഞ്ഞിന്റെ പേരും ഇരുവരും വെളിപ്പെടുത്തിയിരുന്നു. ഓം പരമാത്മ എന്നാണ് പേര് നൽകിയത്. മൂത്ത കുട്ടിക്ക് ഇരുവരും ആത്മജ മഹാദേവെന്ന് പേരിട്ടപ്പോൾ തന്നെ വലിയ രീതിയിലുള്ള വിമർശനം നേരിട്ടിരുന്നു. പെൺകുട്ടിയുടെ പേരാണ് ആൺകുഞ്ഞിന് ഇട്ടിരിക്കുന്നതെന്നായിരുന്നു വിമർശനം.
ഓം പരമാത്മ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തിയതോടെ വിജയ്ക്കും ദേവികയ്ക്കും വിമർശനവും പരിഹാസവും ഇരട്ടിയായി. ആ കുഞ്ഞിനോട് ചെയ്യുന്ന ക്രൂരതയാണെന്ന തരത്തിലാണ് രണ്ടാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയപ്പോൾ വന്ന ഏറെയും കമന്റുകൾ. ഇപ്പോഴിതാ വിജയ് മാധവിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പേരുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിഗ് ബോസ് ഫെയിമും യുട്യൂബറുമായ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ പങ്കിട്ട വീഡിയോയാണ് ശ്രദ്ധനേടുന്നത്.

വിജയ് കുഞ്ഞിന് ഓം പരമാത്മ എന്നാണ് പേരിട്ടതെന്ന് അറിഞ്ഞപ്പോൾ സ്തംബ്ധനായി എന്നാണ് സായ് കൃഷ്ണ പറഞ്ഞത്. സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... മകളുടെ പേര് റിവീൽ ചെയ്തതോടെ വിജയ് മാധവിന്റെ കമന്റ് ബോക്സ് മുഴുവൻ വിമർശനങ്ങളാണ്. ഡെയ്... നിനക്ക് എന്തോന്നടേ എന്ന രീതിയിലാണ് കമന്റ് ബോക്സ്. ഇവരുടെ ആദ്യത്തെ കുട്ടിയുടെ പേര് കേട്ടാൽ തന്നെ ഇവരുടെ രണ്ടാമത്തെ കുട്ടിയുടെ പേര് എന്താണെന്ന് അറിയാനുള്ള ആളുകളുടെ ആകാംഷയ്ക്ക് പിന്നിലെ കാരണം മനസിലാകും.
ആത്മജ മഹാദേവ് എന്നാണ് ആദ്യത്തെ കുട്ടിയുടെ പേര്. പൊതുവെ നമ്മുടെ നാട്ടിൽ പെൺകുട്ടികൾക്കാണ് ആത്മജ എന്ന പേര് ഇടാറുള്ളത്. അതുകൊണ്ട് തന്നെ ആത്മജ മഹാദേവ് അലുവയും മത്തിക്കറിയും സ്കീമാണ്. കംപ്ലീറ്റ്ലി ദൈവത്തിലേക്ക് സമർപ്പിച്ച സ്വന്തം പവർ ഓഫ് അറ്റോണി വരെ ദൈവത്തിന് എഴുതി കൊടുത്തു.
ഞാൻ ഒരു ശരീരം മാത്രമാണ് ഈ ലോകത്ത് ജീവിക്കുന്നത്. എന്നെകൊണ്ട് എല്ലാം ചെയ്യിപ്പിക്കുന്നത് ദൈവമാണെന്ന് പറയാൻ താൽപര്യപ്പെടുന്ന ആ രീതിയിൽ ജീവിക്കുന്ന ഒരാൾ നൽകുന്ന വിശദീകരണമാണ് മകന് പേരിട്ടപ്പോൾ വിജയ് നൽകിയത്. ഇപ്പോഴുണ്ടായ പെൺകുഞ്ഞിന് വിജയിയും ദേവികയും ഓം പരമാത്മ എന്നാണ് പേരിട്ടിരിക്കുന്നത്.
അത് കേട്ടപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടി. സത്ബ്ധനായി. ഈ കുട്ടി സ്കൂളിൽ പോകുമ്പോൾ കളിയാക്കലുകൾ അനുഭവിക്കുമല്ലോയെന്ന് തോന്നി. പ്രത്യേകിച്ച് ഒരു പെൺകുട്ടിയാണ്. നമ്മുടെ സൊസൈറ്റി മാറിയിട്ടൊന്നുമില്ലല്ലോ. പിന്നെ അച്ഛനും അമ്മയ്ക്കും അവരുടെ കുട്ടിക്ക് ഏത് പേര് വേണമെങ്കിലും ഇടാം. കുട്ടിക്ക് ഭാവിയിൽ പ്രശ്നമുണ്ടെങ്കിൽ വലുതാകുമ്പോൾ മാറ്റാം. പേര് കേട്ടപ്പോൾ ഞാൻ സ്തബ്ധനായി.

ഈ പേര് കിട്ടിയതെങ്ങനെ എന്ന് ചോദിച്ചപ്പോൾ ഡിവൈനായിട്ടുള്ള കാര്യങ്ങളിലേക്ക് തന്നെയാണ് വിജയ് പോകുന്നത്. വിശ്വാസം കൂടുന്നവരുടെ തോട്ട് പ്രോസസ് എങ്ങനെയാണെന്ന് വിശ്വസമില്ലാത്ത എനിക്ക് പറയാൻ കഴിയില്ല. പക്ഷെ പുറത്ത് നിന്ന കാണുന്നൊരാൾ എന്ന നിലയ്ക്ക് ഇതൊക്കെ കൊഞ്ചം ഓവറല്ലേയെന്ന് എനിക്ക് ചോദിക്കാൻ തോന്നി. ദൈവത്തിന്റെ അല്ലെങ്കിൽ ഡിവൈനായിട്ടുള്ള പേരിട്ടാൽ നല്ല രീതിയിൽ ജീവിക്കും എന്നൊന്നുമില്ല.
നമ്മുടെ ആക്ടിവിറ്റി, സ്വഭാവം എന്നിവയ്ക്ക് അനുസരിച്ചാണ് ലൈഫിൽ ഓരോന്നും തിരിച്ച് കിട്ടുന്നത്. പേരിന് കളങ്കം വരാതിരിക്കാൻ നല്ലത് മാത്രം ചെയ്ത് ജീവിക്കുന്നവരുണ്ടോയെന്ന് അറിയില്ല. ദൈവത്തിന്റെ പേരിട്ടാൽ പോലും ആരും അത് കെയർ ചെയ്യാറില്ല. അതുകൊണ്ട് തന്നെ വിജയ് മാധവ് പറയുന്ന വിശദീകരണം എനിക്ക് ദഹിക്കുന്നില്ല. പക്ഷെ ബാക്കി അവരുടെ ഇഷ്ടമാണ്. ഭാവിയിൽ കുട്ടി എന്തിനാണ് ഈ പേരിട്ടതെന്ന് ചോദിച്ചേക്കാം. ശരിക്കും പേര് മാറിപ്പോയതാണെന്ന് തോന്നി.
ആത്മജ എന്നത് പെൺകുട്ടിക്കും ഓം പരമാത്മ എന്നത് ആൺകുട്ടിക്കും ഇട്ടിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ. കുറച്ച് കഴിയുമ്പോൾ കുട്ടികൾ തന്നെ പറഞ്ഞ് തുടങ്ങുമെന്ന് തോന്നുന്നു എന്നുമാണ് സായ് കൃഷ്ണ പറഞ്ഞത്. നേരത്തെ തീരുമാനിച്ചിരുന്നതിനാൽ ആശുപത്രി സർട്ടിഫിക്കറ്റുകളിൽ അടക്കം കുട്ടിയുടെ പേര് ഓം പരമാത്മ എന്ന് വിജയിയും ദേവികയും നൽകിയിരുന്നു.


Click it and Unblock the Notifications