ഇനി മാമാങ്ക നാളുകള്‍! മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചില കഥാപാത്രങ്ങള്‍ ഇവയാണ്! കാണൂ!
സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമായ മാമാങ്കം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ബ്രഹ്മാണ്ഡ ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. പ്രഖ്യാപനവേള മുതല്‍ത്തന്ന വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രം കൂടിയാണിത്. മാസും ക്ലാസും ഒരുപോലെ വഴങ്ങുന്ന മമ്മൂട്ടിയില്‍ മാമാങ്കത്തിലെ ചാവേറും ഭദ്രമായിരിക്കുമെന്ന വിലയിരുത്തലുകള്‍ വളരെ മുന്‍പ് തന്നെ പുറത്തുവന്നതാണ്. ഇതിഹാസ പുരുഷന്‍മാരേയും ചരിത്ര കഥാപാത്രങ്ങളേയുമൊക്കെ അനശ്വരമാക്കി മാറ്റിയിട്ടുണ്ട് മമ്മൂട്ടി. അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
ഭാഷാഭേദമന്യേയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് അടുത്തിടെ അദ്ദേഹം തമിഴിലും തെലുങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളായിരിക്കണം ലഭിക്കേണ്ടതെന്ന കാര്യത്തില്‍ കടുത്ത നിബന്ധനയുണ്ട് അദ്ദേഹത്തിന്. ഇതേക്കുറിച്ച് സിനിമാപ്രവര്‍ത്തകര്‍ക്ക് കൃത്യമായി അറിയാവുന്നതാണ്. ഇനിയുള്ള നാളുകള്‍ ബോക്‌സോഫീസും തിയേറ്ററും അടക്കിഭരിക്കുന്നത് മാമാങ്കത്തിലെ ചാവേറായിരിക്കും. മാമാങ്കത്തിന് മുന്‍പ് മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങളെ ഓര്‍ത്തെടുത്താലോ, പെട്ടെന്ന് മനസ്സിലേക്കോടിയെത്തുന്ന മമ്മൂട്ടി കഥാപാത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അംബേദ്കര്‍
മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഡോക്ടര്‍ അംബേദ്കര്‍. ഭരണഘടനാ ശില്‍പ്പിയായ ബി ആര്‍ അംബേദ്കറിന്റെ ജീവിതകഥയുമായെത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മെഗാസ്റ്റാറിന്റെ അസാമാന്യ അഭിനയമികവായിരുന്നു ചിത്രത്തിന്റെ പ്രധാന സവിശേഷത. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ മെഗാസ്റ്റാറിനെത്തേടിയെത്തിയിരുന്നു.

ചന്തു
എംടി വാസുദേവന്‍ നായര്‍-ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ. ചന്തുച്ചേകവരായാണ് മെഗാസ്റ്റാര്‍ എത്തിയത്. വന്‍താരനിരയെ അണിനിരത്തിയൊരുക്കിയ ചിത്രത്തിന് ശക്തമായ സ്വീകാര്യതയായിരുന്നു ലഭിച്ചത്. താരങ്ങളുടെ അഭിനയവും ഗാനങ്ങളുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചിത്രത്തിലെ ഡയലോഗുകളും ശ്രദ്ധേയമായിരുന്നു. ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രം കൂടിയാണ് ചന്തു.

അമുദവന്‍
മമ്മൂട്ടിയെന്ന അഭിനേതാവിനെ കൃത്യമായി വിനിയോഗിച്ച സംവിധായകരിലൊരാളാണ് റാം. ഭിന്നശേഷിക്കാരിയായ മകളുടെ അച്ഛനായുള്ള വരവിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ആരാധകരും സിനിമാപ്രേമികളും മാത്രമല്ല നിരൂപകരും ഈ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. മമ്മൂട്ടി ശരിക്കും ജീവിക്കുകയായിരുന്നുവെന്നായിരുന്നു എല്ലാവരും പറഞ്ഞത്. മാസ്സ് മാത്രമല്ല ക്ലാസ് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുകയായിരുന്നു.

ജോസഫ് അലക്‌സ്
മമ്മൂട്ടിയുടെ കരിയറിലെ കഥാപാത്രങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്ന കഥാപാത്രങ്ങളിലൊന്നാണ് തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ്. 1995 ലെ ഇന്‍ഡസ്ട്രി ഹിറ്റ് കൂടിയായ ചിത്രത്തിന് ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. ചിത്രത്തിലെ ഡയലോഗുകളും മമ്മൂട്ടിയുടെ മാനറിസവും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചിത്രത്തിലെ ഡയലോഗ് ഇന്നും മിമിക്രി വേദികളില്‍ മുഴങ്ങാറുണ്ട്.

മറ്റ് കഥാപാത്രങ്ങള്‍
അമരത്തിലെ അച്ചൂട്ടി വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍, മൃഗയയിലെ വാറുണ്ണി, സൂര്യമാനസത്തിലെ പുട്ടുറുമീസ്, പാലേരിമാണിക്യത്തിലെ മൂന്ന് കഥാപാത്രങ്ങള്‍, മുന്നറിയിപ്പിലെ സികെ രാഘവന്‍ തുടങ്ങിയ കഥാപാത്രങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ പരിശ്രമങ്ങളാണ് മമ്മൂട്ടി നടത്താറുള്ളത്. അത് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി നിര്‍ത്തുന്നതും.


Click it and Unblock the Notifications