കാൻസറിനെക്കുറിച്ചാണ് എഴുതിയത്! രേണുവിനെ പ്രകീർത്തിച്ചതല്ല! വിമർശനങ്ങൾക്ക് മറുപടിയുമായി സീമ
വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ തന്നാല്‍ കഴിയാവുന്നത് ചെയ്യാറുണ്ടെന്നും, മാതാപിതാക്കളില്‍ നിന്നുമാണ് ഈ സ്വഭാവം ലഭിച്ചതെന്നും സീമ ജി നായര്‍ പറഞ്ഞിരുന്നു. കാന്‍സറാണെന്നറിഞ്ഞപ്പോള്‍ രേണുവിനെ വിളിച്ചിരുന്നു. പോയി കണ്ടിരുന്നു. ആ അസുഖം ആര്‍ക്കും വരല്ലേയെന്ന് പ്രാര്‍ത്ഥിക്കാറുള്ളതാണ്. എന്റെ അമ്മയ്ക്കും ഇതേ അസുഖമായിരുന്നു. പല വേര്‍പാടുകളും ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ലെന്നും നേരത്തെ സീമ കുറിച്ചിരുന്നു. പിരിവ് തുടങ്ങാനും, പണം നേടാനും വേണ്ടിയായിരുന്നു ഈ കുറിപ്പ് എന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. പോസ്റ്റിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പുതിയ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സീമ ജി നായര്‍.
കഴിഞ്ഞ ദിവസം രേണു സുധിയെ കുറിച്ച് ഒരു പോസ്റ്റ് ഞാൻ ഇട്ടിരുന്നു. അതിൽ ഞാൻ വ്യക്തമായി പറയുന്ന ചില കാര്യങ്ങളുണ്ട്. അത് കാൻസർ എന്ന അസുഖത്തെക്കുറിച്ചും അതിന്റെ അവസ്ഥയെക്കുറിച്ചുമാണ്. അല്ലാതെ രേണുവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്റ് അല്ല. അത് പല മീഡിയകളും ഏറ്റെടുത്തു അവരുടെ ശൈലിയിൽ എഴുതി തുടങ്ങി, പല "വാക്കുകളും"വളച്ചൊടിക്കപ്പെട്ടു. അതിൽ ചില കമന്റുകൾ വന്നു. അതിൽ തിരുവനന്തപുരത്തു നിന്ന് ഒരു ഷീജ റാണി (പ്രൊഫൈൽ ലോക്ക് ആണ് ) എഴുതി ഞാൻ പിരിവ് തുടങ്ങും, പാതി ഞാൻ എടുക്കും, പാതി അവർക്കു കൊടുക്കും, പ്രശസ്തി എനിക്കും എന്ന്.

ഷീജ റാണിയോട് ഒരു വാക്ക്, നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും കാൻസർ വന്നിട്ട് ഞാൻ പിരിക്കാൻ ഇറങ്ങിയിട്ടില്ല. ആർക്കു വേണ്ടിയും പിരിക്കാറില്ല. സഹായങ്ങൾ അവരവരുടെ അക്കൗണ്ട് നമ്പർ കൊടുത്തിട്ട് അതിലേക്കാണ് ആരേലും സഹായിക്കുന്നെങ്കിൽ സഹായിക്കുക. അത് എടുക്കാനും, കൈകാര്യം ചെയ്യാനും അവർക്ക് മാത്രം അധികാരം, ഈ ഭൂമിയിൽ നിന്ന് കടന്നു പോയ പ്രിയപെട്ടവരുടെ മാതാപിതാക്കൾ ഇവിടെ ജീവിച്ചിരുപ്പുണ്ട്. ബന്ധുക്കൾ ജീവിച്ചിരിപ്പുണ്ട്, ഇന്നും ആ വീടുകളിൽ ഒരു പ്രശ്നം വന്നാൽ ആദ്യം അവർ എന്നെയാണ് വിളിക്കുക.
പിന്നെ സെലിബ്രിറ്റികളെ മാത്രം ആണ് മൈൻഡ് ചെയ്യുക എന്ന് ചിലർ. സത്യത്തിൽ ചിരിയാണ് വരുന്നത്, ഏകദേശം 34 വർഷങ്ങൾക്കു മുന്നേ ഒരു സെലിബ്രറ്റിയും അല്ലാതിരുന്ന കാലത്ത് എന്റെ അമ്മയെയും കൊണ്ട് ആർസിസിയുടെ വരാന്തകളിൽ ഇരുന്ന വ്യക്തിയാണ് ഞാൻ. എന്തെങ്കിലും ഞാൻ ചെയ്യുന്നുവെങ്കിൽ സെലിബ്രറ്റികളെക്കാൾ കൂടുതൽ സാധാരണക്കാർക്കാണ് ചെയ്യുന്നത്. അറിയുന്നത് കലാരംഗത്തുള്ളവരുടെ കാര്യമാണ്. ഞാൻ ആർക്കും ശല്യം ആകുന്നില്ലല്ലോ. ആരെയും ശല്യപ്പെടുത്താനും വരുന്നില്ല, ഒരു വശത്തു കൂടി ഇങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ.
ഒരു നേരത്തെ മരുന്നെങ്കിലും സുഖമില്ലാത്തവർക്ക് മേടിച്ചു കൊടുക്ക്. വിശപ്പിന് ഒരു നേരത്തെ ആഹാരം കൊടുക്ക്. ഒരു കുട്ടിക്ക് വിദ്യാഭാസ ചിലവ് കൊടുക്ക്. പാവപെട്ട ഒരു പെൺ കുട്ടിയുടെ കല്യാണം നടത്തികൊടുക്ക്. വീടുവെക്കാൻ സ്ഥലം ഇല്ലാത്തവർക്ക് 3 സെന്റ് സ്ഥലം മേടിച്ചു കൊടുക്ക്. വീടില്ലാത്തവർക്ക് ഒരു വീട് വെച്ച് കൊടുക്ക്. എല്ലാരുടെയും പേര് എഴുതാൻ പറ്റില്ല. കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുത്, ഇതിലേതെങ്കിലും ചെയ്തു കൊടുത്തിട്ട്, എന്നിട്ട് എന്നെ ക്രിട്ടിസൈസ് ചെയ്യൂ. ആരെയും വേദനിപ്പിക്കുന്ന രീതിയിൽ ഇന്നുവരെ ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല, എഴുതിയിട്ടുമില്ല എന്നുമായിരുന്നു കുറിപ്പ്.


Click it and Unblock the Notifications

