ചാരിറ്റി പോലെ വിവാഹം ചെയ്തു; പ്രണയ വിവാഹമല്ല; വിവാഹമോചന സമയത്ത് ഒരുപാട് പ്രശ്നങ്ങൾ; സീമ
ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് നടി സീമ ജി നായർ. മറ്റുള്ളവരുടെ വിഷമങ്ങൾക്ക് പരിഹാരം കാണുന്ന സീമയും ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. അമ്മയുടെ അസുഖ കാലം, വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ, മകനുണ്ടായ ആരോഗ്യ പ്രശ്നം തുടങ്ങിയവയെല്ലാം സീമ ജി നായർ അഭിമുഖീകരിച്ചു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും സംസാരിക്കുകയാണ് സീമ ജി നായർ. സഫാരി ടിവിയോടാണ് പ്രതികരണം.
സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കവെ ഈ വ്യക്തി എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു. അമ്മയ്ക്ക് ഞാൻ വിവാഹം ചെയ്ത് സെറ്റിൽ ആകണമെന്നായിരുന്നു ആഗ്രഹം. പ്രണയ വിവാഹമാണോ എന്ന് ചോദിച്ചാൽ പ്രണയ വിവാഹമല്ല. അറേഞ്ച്ഡ‍് മാര്യേജ് ആണോ എന്ന് ചോദിച്ചാൽ അറേഞ്ച്ഡ് മാര്യേജും അല്ല. ആക്സിഡന്റലി നടന്ന വിവാഹമാണ്. പുള്ളിക്ക് ജീവിതത്തിൽ കുറേ പ്രശ്നങ്ങളും ദുഖങ്ങളും ഉണ്ടായി. വഞ്ചനയുണ്ടായി. അതൊക്കെ എനിക്ക് നന്നായി അറിയാമായിരുന്നു.

ഒരു ചാരിറ്റി പ്രവർത്തനം പോലെ അങ്ങനെയൊരു ജീവിതത്തിലേക്ക് ഞാൻ പോയതാണ്. കാരണം ഒരുപാട് ദുഖം അനുഭവിച്ച് നിന്നയാളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നു. കാരണം അമ്മയുടെ ആരോഗ്യ പ്രശ്നം ഇങ്ങനെ പോകുന്നു. അച്ഛനും അല്ല. ചേച്ചിയും സഹോദരനും സെറ്റിൽഡ് ആയി. ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുമോ എന്ന ചിന്തയിലാണ് ഞാൻ ആ വിവാഹ ജീവിതത്തിലേക്ക് പോയത്.
ഏതൊരുെ പെൺകുട്ടിയും ആഗ്രഹിച്ചത് പോലെ തന്നെ വിവാഹം നടന്നു. അമ്മയുടെ കാൽക്കുലേഷൻ കൃത്യമായിരുന്നു എന്ന് തോന്നുന്നു. 1994 മെയ് ഏഴിനായിരുന്നു എന്റെ വിവാഹം നടന്നത്. ജൂൺ 21 ന് അമ്മ മരിച്ചു. ആ വിവാഹത്തിൽ നിന്ന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന് എന്റെ അമ്മയ്ക്ക് ഞാൻ സുരക്ഷിതമായി ഒരാളുടെ കരങ്ങളിലേക്ക് എത്തിപ്പെട്ടു എന്ന സന്തോഷം. രണ്ടാമത് എനിക്കൊരു മകനുണ്ടായി എന്ന സന്തോഷം.

രണ്ട് ധ്രുവങ്ങളിൽ പെട്ട രണ്ട് വ്യക്തികൾ ഒന്നാകുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഞങ്ങളുടെ ജീവിതത്തിലുണ്ടായി. ഒരുപാട് പ്രശ്നങ്ങളെ ഫേസ് ചെയ്യേണ്ടി വന്നു. അതിൽ അദ്ദേഹത്തെ ഒരിക്കലും കുറ്റം പറയില്ല. അദ്ദേഹത്തിന് ചിലപ്പോൾ എന്നോട് പൊരുത്തപ്പെടാൻ പറ്റിക്കാണില്ല. അല്ലെങ്കിൽ അദ്ദേഹത്തിന്റെ വിഷൻ വേറെ ആയിരുന്നിരിക്കണം. അയാളിങ്ങനെ ആയത് കൊണ്ട് ഞാനിങ്ങനെ ആയി എന്ന് പറയുന്നതിൽ അർത്ഥമില്ല.
ഡിവോഴ്സിലേക്കെത്തുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഞാൻ നേരിട്ടു. ആറ്റ് നോറ്റ് ഒരു കുഞ്ഞുണ്ടായി. ഹാർട്ടിന് പ്രശ്നങ്ങളുമായാണ് അവൻ പിറന്ന് വീണതെന്നും സീമ ജി നായർ ഓർത്തു. പെൺകുട്ടി വേണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും സീമ ജി നായർ പറയുന്നു. ആർച്ച എന്ന പേര് തീരുമാനിച്ചു. പെൺകുട്ടികളെ ഒരുക്കാനൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. എനിക്ക് ബോധം വന്നപ്പോൾ സീമ, കുട്ടി ആണാണെന്ന് പറഞ്ഞു.
ആണോ? എന്തൊരു കഷ്ടമാണ് എന്ന് പറഞ്ഞു. ഒരിക്കലും അങ്ങനെ പറയരുതെന്ന് ഡോക്ടർ. എന്നെ കുറച്ച് വഴക്കും പറഞ്ഞു. എന്റെ മോൻ എന്റെ നെഞ്ചോട് ചേർന്ന് കിടന്ന നിമിഷം ഒരിക്കലും മറക്കാൻ പറ്റില്ല. പക്ഷെ അവിടെ നിന്നും ഞാൻ പോകുന്നത് വലിയ ദുഖത്തിലേക്കാണ് പോകുന്നതെന്ന് എനക്ക് മനസിലായില്ല. കാരണം അവൻ ജന്മനാ ഹാർട്ടിന് പ്രശ്നമുള്ള കുട്ടിയായാണ് ജനിച്ചത്. ഒരുപാട് പ്രശ്നങ്ങൾ പിന്നീട് താൻ നേരിട്ടെന്നും ഇപ്പോൾ മകന് കുഴപ്പമൊന്നും ഇല്ലെന്നും സീമ ജി നായർ വ്യക്തമാക്കി.


Click it and Unblock the Notifications