ഡോക്ടർമാർ വിളിക്കുന്നത് എന്നെ; ശരണ്യയുടെ അവസാന നിമിഷം; തുറന്ന് പറഞ്ഞ് സീമ ജി നായർ
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് നടി സീമ ജി നായർ. സിനിമാ സീരിയൽ രംഗത്തുള്ളവർക്കും അല്ലാത്തവർക്കും ഒരുപാട് സഹായങ്ങൾ എത്തിക്കാൻ സീമയ്ക്ക് സാധിച്ചു. അന്തരിച്ച നടി ശരണ്യയുടെ ചികിത്സാ കാലയളവിലാണ് സീമ ജി നായരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് ജനം കൂടുതൽ അറിയുന്നത്. ട്യൂമർ ബാധിച്ച ശരണ്യയുടെ മരണം വരെ സീമ ഒപ്പം ഉണ്ടായിരുന്നു. ഇപ്പോഴിതാ ശരണ്യയെക്കുറിച്ച് സംസാരിക്കുകയാണ് സീമ ജി നായരിപ്പോൾ.
സഫാരി ടിവിയോടാണ് പ്രതികരണം. ശരണ്യയുടെ ഏഴെട്ട് വർഷത്തോളം ശരണ്യയുടെ കൈ പിടിച്ച് നെഞ്ചോട് ചേർത്ത് നടക്കുമ്പോഴും ഒരു ആൾക്കാർക്കും അവളുടെ പിറകിൽ ഞാനുണ്ടെന്ന് അറിയില്ലായിരുന്നു. അവസാനം ഒന്നുമില്ലാതെ വന്ന സന്ദർഭത്തിലാണ് ഞാൻ സോഷ്യൽ മീഡിയയുടെ മുന്നിൽ കൈ നീട്ടുന്നത്. എനിക്ക് ഏറ്റവും അടുത്ത് പരിചയമുള്ള മനോജുണ്ട്. മനോജിന്റെ ഫ്രണ്ട് ആയിരുന്നു സൂരജ് പാലാക്കാരൻ. അയാൾ ചാരിറ്റി വീഡിയോകൾ ചെയ്തിരുന്ന കാലഘട്ടമല്ല.

പക്ഷെ എനിക്ക് എങ്ങനെയെങ്കിലും സമൂഹത്തിന് മുമ്പിൽ എത്തിക്കണം. ഒരിക്കലും ചെയ്യില്ല, താൽപര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ അദ്ദേഹത്തിന്റെ കാലു പിടിച്ചു. വേറെ ഒരു മാർഗവുമില്ല. കൈയിൽ പത്ത് പൈസയില്ല. ട്യൂമർ കാരണം വർഷാ വർഷം സർജറിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് തർക്കങ്ങൾക്കും കാല് പിടിക്കലിനും ഒടുവിൽ അദ്ദേഹം ഒരു വീഡിയോ ചെയ്തു. ആ വീഡിയോയിൽ ഞാനാണ് സമൂഹത്തിനോട് കൈ നീട്ടിയത്. പതിനൊന്നോളം സർജറികൾ ചെയ്തു. എല്ലാ ചികിത്സയും ചെയ്തു. പക്ഷെ മൂന്ന് വർഷം മുമ്പ് അവൾ ഞങ്ങളിൽ നിന്നും പോയി.
അവസാന നിമിഷം ഡോക്ടർമാർ എന്നെയാണ് വിളിച്ചത്. ശരണ്യയുടെ അമ്മയെ വിവര അറിയിക്കാൻ പറ്റില്ല. റൂമിലേക്ക് വരണമെന്ന് ഡോക്ടർ പറഞ്ഞു. ഞാൻ ചെല്ലുമ്പോൾ അവളെ തിരിച്ച് പിടിക്കാൻ ഡോക്ടർമാർ നെഞ്ചിൽ അമർത്തിക്കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞ് ഡോക്ടർമാർ സോറി എന്ന് പറയുന്നതും എന്റെയടുത്താണ്.

അത്രയും കാലം ചേർത്ത് പിടിച്ചിരുന്ന മകളെ പോലെ കണ്ടിരുന്ന ശരണ്യ തന്നെ വിട്ട് പിരിഞ്ഞെന്നും സീമ ജി നായർ പറഞ്ഞു. 2021 ആഗസ്റ്റ് 21 നാണ് ശരണ്യ മരിച്ചത്. 35ാം വയസിലായിരുന്നു മരണം. ശരണ്യയുടെ മരണം അമ്മയെ ഏറെ ബാധിച്ചു. അമ്മയ്ക്ക് ആശ്വാസമായി സീമ ജി നായർ ഒപ്പമുണ്ട്. 2012 ലാണ് ശരണ്യക്ക് ട്യൂമർ ബാധിക്കുന്നത്. 11 സർജറികൾ വരെ ചെയ്തു. മരിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് ശരണ്യക്ക് കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് മുക്തയായെങ്കിലും ആരോഗ്യ സ്ഥിതി മോശമായി.


Click it and Unblock the Notifications