ശരണ്യയെ ആദ്യം കാണാൻ ചെന്നപ്പോൾ; തിരിച്ച് വരുമ്പോൾ നെഞ്ചിലൊരു വിങ്ങൽ; അസാമാന്യ മനക്കരുത്തായിരുന്നു; സീമ
വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന നടിയാണ് സീമ ജി നായർ. ശ്രദ്ധേയ സിനിമകളിലും സീരിയലുകളിലും അഭിനയിച്ച സീമ കരിയറിനേക്കാളും പ്രാധാന്യം പലപ്പോഴും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകി. അന്തരിച്ച നടി ശരണ്യക്ക് ചികിത്സാ സമയത്ത് നൽകിയ സഹായങ്ങൾ പുറത്ത് വന്നപ്പോഴാണ് സീമ ജി നായരുടെ സാമൂഹ്യപ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ പേർ അറിയുന്നത്. ഇപ്പോഴി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സീമ.
താൻ ചേർത്ത് നിർത്തിയ രോഗികൾ മരണപ്പെടുമ്പോൾ വലിയ വിഷമമാണെന്ന് സീമ ജി നായർ പറയുന്നു. സഫാരി ടിവിയോടാണ് പ്രതികരണം, എന്റെ പേജിൽ പോസ്റ്റിട്ട് തീരുന്നില്ല. ഒരു പോസ്റ്റിട്ട് കഴിയുമ്പോൾ അടുത്ത ആളുടെ പിറന്നാളോ മരണ ദിവസമോ വരും. ഒരാൾക്ക് സഹായം ചെയ്ത് കൊടുത്ത് അങ്ങ് മാറിയേക്കണം, പിന്നെ വെറുതെ അവരെ ചേർത്ത് പിടിച്ച് നടക്കാൻ നിൽക്കല്ലേ എന്ന് പലരും എന്നോട് പറയും. ഞാനങ്ങനെ ചെയ്യാത്തത് കൊണ്ടാവാം ഇത്രയും ദുഖങ്ങൾ ഏറ്റെടുക്കുന്നത്.

അതിന്റെ ആരോഗ്യ പ്രശ്നങ്ങൾ എനിക്കുണ്ട്. ഇപ്പോഴും കുറേ പേരുടെ പ്രശ്നവുമായി ഞാൻ ഓടിക്കൊണ്ടിരിക്കുകയാണ്. അതെല്ലാം ദൈവത്തിൽ സമർപ്പിച്ചാണ് ഓടുന്നത്. കാരണം എന്താകുമെന്ന് അറിയില്ല. അടുത്ത ഏത് ദുഖമാണ് ഞാനേറ്റു വാങ്ങേണ്ടതെന്ന ചിന്തയിലാണ് ഞാൻ ഓരോ ദിവസവും മുന്നോട്ട് പോകുന്നതെന്നും സീമ ജി നായർ വ്യക്തമാക്കി.
ശരണ്യയെക്കുറിച്ചും സീമ ജി നായർ സംസാരിക്കുന്നുണ്ട്. ആത്മ സംഘടനയുടെ സജീവ പ്രവർത്തകയായിരുന്നു ഞാൻ. ഞാൻ ഈ കുട്ടിയെ കാണാൻ വേണ്ടി പോയതാണ്. വലിയൊരു ടെഡി ബിയറുമായാണ് പോയത്. അമ്മയുണ്ട്. അവൾ കിടക്കുന്നു. കുറച്ച് നേരമിരുന്ന് സംസാരിച്ചു. അപ്പോഴാണ് അവരുടെ കാര്യങ്ങൾ അറിഞ്ഞത്. അവളാണ് ആ കുടുംബത്തിന്റെ നട്ടെല്ല്. ബിഗ് സീറോയിൽ നിൽക്കുന്ന കുടുംബവമാണ്. ഒന്ന് കാണാൻ ചെന്ന ഞാൻ ഈ കഥയറിഞ്ഞ് തിരിച്ച് പോരുമ്പോൾ എന്റെ നെഞ്ചിലൊരു വിങ്ങലായിരുന്നു.

എന്ത് ആ കുട്ടിക്ക് വേണ്ടി ചെയ്യാൻ പറ്റും എന്ന തോന്നലായിരുന്നു, അങ്ങനെ ഞാൻ അവളുടെ കുടുംബവുമായി പതിയെ അടുത്തു. അവൾക്ക് വേണ്ടി ഓരോ കാര്യങ്ങളും ചെയ്തു. അവൾ പുറകോട്ട് പോകുന്തോറും കൈപിടിച്ച് ഞാൻ നിന്നു. അവളുടെ അമ്മയും സഹോദരങ്ങളും കൂടെ തന്നെയുണ്ട്. അവൾക്ക് വേണ്ടി പരമാവധി ഞാൻ പൊരുതി. ഓരോ സർജറി ചെയ്യുമ്പോഴും അവളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ ശ്രമിച്ചു.
അവൾക്ക് കിട്ടാവുന്ന ഏറ്റവും നല്ല ട്രീറ്റ്മെന്റുകൾ കാെടുക്കാൻ ശ്രമിച്ചു. പത്ത് വർഷത്തെ പോരാട്ടമായിരുന്നു. അസാമാന്യ മനക്കരുത്തുള്ള പെൺകുട്ടിയായിരുന്നു. ഇതുപോലൊരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. അവളുടെ ധൈര്യമാണ് ഓരോ സർജറി കഴിയുമ്പോഴും അവളെ ജീവിതത്തിലേക്ക് കൊണ്ട് വന്ന് കൊണ്ടിരുന്നത്.
നിവൃത്തി കെട്ട ഒരു നിമിഷത്തിൽ അവൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ വന്ന് കെെ നീട്ടി. അവൾക്ക് വീടുണ്ടായിരുന്നില്ല. അവളുടെ ഇഷ്ടപ്രകാരം വീട് വെച്ചു. പാല് കാച്ചൽ നടത്തി. ഒരു വാടക വീടിന്റെയും മുന്നിൽ തല കുനിച്ച് നിൽക്കേണ്ടെന്ന് കരുതിയാണ് താനത് ചെയ്തത്. ലക്ഷക്കണക്കിന് പേരുടെ സഹായം കൊണ്ടാണ് തനിക്കത് ചെയ്യാൻ പറ്റിയതെന്നും സീമ ജി നായർ വ്യക്തമാക്കി.


Click it and Unblock the Notifications