അവർ കടന്നുപോകുന്ന അവസ്ഥ ദുഷ്‌കരവും അതി കഠിനവും, എന്തിനാണ് രേണുവിനെ തെറി വിളിക്കാൻ മത്സരിക്കുന്നത്?; സീമ
തന്റെ ഇന്റസ്ട്രിയിലുള്ള അസുഖ ബാധിതരായ പല കലാകാരന്മാരെയും അകമഴിഞ്ഞ് സഹായിച്ചിട്ടുള്ള പിന്തുണച്ചിട്ടുള്ള താരമാണ് സീമ ജി നായർ. അകാലത്തിൽ പൊലിഞ്ഞുപോയ ശരണ്യയടക്കം സീമയുടെ സ്നേഹവും ശുശ്രൂഷയും കൊണ്ട് കൂടി ജീവൻ പിടിച്ച് നിർത്തിയ വ്യക്തിയാണ്. ഇപ്പോഴും അർബുദബാധിതരായ പലരേയും തന്നാൽ കഴിയും വിധം സീമ സഹായിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്നേഹ വായ്പ്പുമായി രേണു സുധിക്ക് അരികിലേക്കും സീമ ചെന്നിരുന്നു.
ആ സന്ദർശനത്തിനുശേഷം തിരികെ എത്തിയ സീമ സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രേണുവിനെ സോഷ്യൽമീഡിയയിലൂടെ ഇപ്പോഴും ചീത്ത വിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് വേണ്ടിയുള്ളതായിരുന്നു സീമയുടെ കുറിപ്പ്.

രേണു കടന്നുപോകുന്ന അവസ്ഥ ദുഷ്‌കരവും അതി കഠിനവുമാണെന്ന് സീമ പറയുന്നു. കുറിപ്പിലൂടെ തുടർന്ന് വായിക്കാം... കഴിഞ്ഞ കുറെ ദിവസങ്ങളായി ചില കാര്യങ്ങൾ എഴുത്തണമെന്ന് വിചാരിച്ചിരുന്നു. ഞാൻ രേണുവിനെ ഫോളോ ചെയ്യുന്ന വ്യക്തിയോ രേണുവിന്റെ വീഡിയോ കാണുന്ന ആളോ ആയിരുന്നില്ല. പക്ഷെ രേണുവിന് കാൻസർ ആണെന്നറിഞ്ഞ ദിവസം മുതൽ അവരെ വിളിക്കാനും കാര്യങ്ങൾ അറിയാനും ശ്രമിച്ചു.
കഴിഞ്ഞ ദിവസം രേണുവിന്റെ അടുത്ത് പോയിരുന്നു. രേണുവിനെ കണ്ടിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ അറിഞ്ഞും അറിയാതെയും കടന്നുവന്ന ഇത്തരത്തിൽ ഒരുപാടുപേർ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഇന്നലെവരെ അവർ ആരെന്നോ എന്തെന്നോ അറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല. ഇനി അങ്ങോട്ടും അങ്ങനെ തന്നെ. പക്ഷെ ഈ അസുഖം എന്താണെന്നും അതെങ്ങനെയാവും എന്നറിയാനും ഞാൻ ശ്രമിച്ചിട്ടുണ്ട്.
എല്ലാ ദിവസവും ഈശ്വരനോട് പ്രാർത്ഥിക്കുന്നത് ആർക്കും ഈ അസുഖം വരുത്തല്ലേയെന്നാണ്. നിരവധിപേരുടെ കൂടെ ഞാൻ യാത്ര ചെയ്തു. എന്റെ അമ്മയ്ക്കും ഇതേ അസുഖം ആയിരുന്നു. പല വേർപാടുകളും ഇപ്പോഴും ഉൾകൊള്ളാൻ കഴിയുന്നുമില്ലാതാനും. ഇന്നലെ വരെ ഒരാളുടെ തണലിൽ ജീവിച്ചിരുന്ന വ്യക്തി പെട്ടെന്ന് അയാൾ ഇല്ലാതാകുമ്പോൾ മുന്നോട്ട് ഇനിയും ജീവിച്ചേ മതിയാകു എന്നവസ്ഥയിൽ അവനവന് പറ്റുമെന്ന് അവർക്ക് തോന്നുന്ന ജോലി ചെയ്യാൻ ശ്രമിക്കും.
കാണേണ്ടവർക്ക് കാണാം. ഇല്ലാത്തവർക്ക് തിരസ്‌ക്കരിക്കാം. ആരുടെ കയ്യും കാലും പിടിച്ച് എന്റെ വർക്ക് നിങ്ങൾ കണ്ടേ മതിയാകു എന്നാവശ്യപ്പെട്ടിട്ടില്ല. ചിലപ്പോൾ അവർ ജീവിതത്തെ പിടിച്ച് നിർത്താൻ ശ്രമിച്ചതാവാം. രേണുവിന് അസുഖം ആയിക്കഴിഞ്ഞ് അവരുടെ വീഡിയോ കണ്ടപ്പോൾ അതിന്റെ താഴെ വന്ന നെഗറ്റിവ് കമന്റ് മനസിനെ വല്ലാതെ അലോസരപെടുത്തി.

എന്തിനാണ് നമ്മൾ ഇത്രയധികം അസഹിഷ്ണുത കാണിക്കുന്നത്?. ഈ അസുഖം ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാം. ഇപ്പോൾ തെറി വിളിക്കുന്ന പലരുടെയും ഉള്ളിൽ ഇതുണ്ടാകാം. ചിലപ്പോൾ ലാസ്റ്റ് നിമിഷമാകാം ഇതറിയുന്നത്. എന്തിനാണ് അവരെ തെറി വിളിക്കാൻ നമ്മൾ മത്സരിക്കുന്നത്?. അവർ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ ദുഷ്‌കരമാണ്. അതി കഠിനമാണ്.
അതിനെ അതിജീവിക്കാൻ രേണുവിന് കഴിയട്ടെ. അസുഖത്തിന്റെ വേദനയിലുപരി അതിന്റെ കാഠിന്യത്തിലുപരി രേണു പുറത്ത് പറഞ്ഞില്ലെങ്കിലും അവരെ വേദനിപ്പിക്കുന്നത് ഇങ്ങനെയുള്ള തെറി വിളികളും ശാപവാക്കുകളും ആവാം. അതുകൊണ്ട് പറയുവാണ്... അവരെ വെറുതെ വിടു. കാൻസറിനോട് പൊരുതി അവർ തിരിച്ച് വരട്ടെ എന്നായിരുന്നു സീമ ജി നായരുടെ കുറിപ്പ്.
രേണുവിന്റെ അസുഖം തേർഡ് സ്റ്റേജ് പിന്നിട്ടു. ഒരു കീമോ കഴിഞ്ഞു. ആറ് കീമോയും ഒരു സർജറിയുമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിൽ എത്ര കീമോയെ തനിക്ക് അതിജീവിക്കാൻ കഴിയുമെന്ന് അറിയില്ലെന്ന് രേണു പറയുന്നു. കാരണം അത്രത്തോളം ക്ഷീണതയായി കഴിഞ്ഞു രേണു. വേദനയും ഛർദ്ദിയും മരുന്നിന്റെ എഫക്ടും നന്നായി തന്നെ ശരീരത്തെ തളർത്തിയിട്ടുണ്ട്.


Click it and Unblock the Notifications


