ഐ വി ശശിയെ അറിയില്ലെന്ന് സീമ, ഈ നായിക വേണ്ടെന്ന് സംവിധായകൻ: അവളുടെ രാവുകൾ സംഭവിച്ചത് ഇങ്ങനെ
മലയാള സിനിമയിലെ ഏറ്റവും പ്രശസ്ത താര ദമ്പതികളുടെ പട്ടികയെടുത്തൽ, അതിൽ മുൻപന്തിയിൽ ഉള്ള പേരുകളാണ് ഐ വി ശശിയും സീമയും. സിനിമാ സെറ്റിൽ വച്ച് പ്രണയത്തിലായ പ്രശസ്ത സംവിധായകനും സീനിയർ നടിയും, മുപ്പത്തിയേഴ് വർഷം നീണ്ട ദാമ്പത്യത്തിലൂടെ തങ്ങളുടെ ബന്ധത്തിന്റെ ദൃഢത തെളിയിച്ചു. വിവാഹ ശേഷവും മറ്റു നടിമാരുടെ രീതികൾ പിന്തുടരാതെ സിനിമ അഭിനയം തുടർന്ന സീമ ഇന്നും കരിയറിൽ സജീവമാണ്.
മുൻപ്, അമൃത ടി.വി.യിൽ സംപ്രേക്ഷണം ചെയ്ത പ്രത്യേക അഭിമുഖത്തിൽ, ഐ വി ശശിയും സീമയും ഒന്നിച്ച് എത്തിയിരുന്നു. അന്ന്, അധികം എവിടെയും വെളിപ്പെടുത്തിയിട്ടില്ലാത്ത തങ്ങളുടെ പ്രണയ കഥ, അവതാരകനും നടനുമായ സിദ്ദിഖിന് മുന്നിൽ ഇരുവരും വെളിപ്പെടുത്തി. ആദ്യമായി തമ്മിൽ കാണുന്നതിന് മുൻപേ പരസ്പരം ഉടക്കിയവരാണ് തങ്ങൾ എന്ന്, ഒരു ചിരിയോടെ സീനിയർ സംവിധായകനും പ്രശസ്ത നടിയും തുറന്നു പറഞ്ഞു.

അവളുടെ രാവുകൾ എന്ന തന്റെ ഐകോണിക് സിനിമയിലേക്ക് ഒരു നായികയെ തിരഞ്ഞു നടക്കുന്ന കാലത്താണ്, ഐ വി ശശി ശാന്തി എന്ന കൗമാരം കടന്നിട്ടില്ലാത്ത ഡാൻസ് അസിസ്റ്റന്റ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. അന്ന് ശ്രീദേവിയും ജയഭാരതിയും അടക്കമുള്ള പ്രശസ്ത നടിമാരെയൊക്കെ അവളുടെ രാവുകളിലെ രാജി എന്ന നായികയായി അഭിനയിക്കാൻ സംവിധായകൻ സമീപിച്ചിരുന്നു. പക്ഷെ അവരൊക്കെ, ഒരു ലൈംഗിക തൊഴിലാളിയുടെ വേഷം ചെയ്യാൻ താത്പര്യമില്ല എന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചു.
ശ്രീദേവി വിസമ്മതിച്ചതോടെ, അന്ന് അവർ അഭിനയിച്ച സിനിമയിൽ സെക്കന്റ് ഹെറോയിൻ ആവാൻ എത്തിയ, ചെറിയ വേഷങ്ങൾ ചെയ്യുന്ന ശാന്തി എന്ന പെൺകുട്ടിയെ നായികയാക്കിയാലോ എന്ന ആലോചനയും നടന്നു. ഒരു നൃത്ത രംഗം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ആ കുട്ടിയുടെ അടുത്തേക്ക് സ്റ്റുഡിയോയുടെ ജനറൽ മാനേജർ, "ശാന്തിക്ക് ഐ വി ശശി എന്ന സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നുണ്ട്" എന്നും പറഞ്ഞ് എത്തി. അപ്പോൾ, "ഐ വി ശശിയോ? അതാര്?" എന്നായിരുന്നു ആ കുട്ടിയുടെ ചോദ്യം. ശാന്തി എന്ന ആ പെൺകുട്ടിയാണ് പിന്നീട് സീമ എന്ന താരമായത്.

ആ മാനേജർ ശാന്തിയുടെ ചോദ്യം, അത് പോലെ തന്നെ പ്രശസ്ത സംവിധായകനെ അറിയിച്ചു. അപ്പോൾ, "ഐ വി ശശിയെ അറിയാത്ത ആർട്ടിസ്റ്റിനെ എനിക്ക് വേണ്ട" എന്നും പറഞ്ഞു അദ്ദേഹം അവിടെ നിന്ന് ഇറങ്ങി പോയി. അങ്ങിനെയാണ് സീമ ഭാവി ഭർത്താവിന്റെ പേര് ആദ്യമായി കേട്ടത്. പിന്നീടാണ്, ഇരുവരും താമസിക്കുന്നത് ചെന്നൈയിൽ അടുത്തടുത്താണ് എന്ന് അറിഞ്ഞത്. അങ്ങനെ ഇരുവരും പരിചയപ്പെടുകയും, ശാന്തി അവളുടെ രാവുകളിലെ നായികയാവാമെന്ന് സമ്മതിക്കുകയും ചെയ്തു. ആ പെൺകുട്ടിക്ക് കുറച്ചു കൂടെ മലയാളിത്തം ഉള്ള 'സീമ' എന്ന പേര് നൽകിയതും ആ ചിത്രമാണ്.
അവളുടെ രാവുകൾ ശ്രദ്ധിക്കപ്പെട്ടതോടെ സീമ വലിയ താരമായി. പിന്നീട്, അത് കഴിഞ്ഞു രണ്ടു വർഷങ്ങൾക്ക് ശേഷം, 1980ൽ നടി ഐ വി ശശിയെ വിവാഹം കഴിക്കുകയും ചെയ്തു. "നിന്നെ ഞാൻ ഒരു വലിയ നടിയാക്കും" എന്ന് ഒരിക്കൽ ഭാര്യക്ക് നൽകിയ വാക്ക് സംവിധായകൻ അക്ഷരം പ്രതി പാലിച്ചു. ഭാര്യ അഭിനയിക്കുന്നത് ഇഷ്ടമല്ലാത്ത സിനിമാക്കാർക്ക് ഇടയിൽ, സ്വന്തം ഭാര്യയ്ക്കായി കരുത്തുറ്റ കഥാപാത്രങ്ങളെ സൃഷ്‌ടിച്ച ശശി വ്യത്യസ്തനായി. 2017ൽ അദ്ദേഹം അന്തരിക്കുന്നത് വരെയും, അതിന് മാറ്റമൊന്നും ഉണ്ടായില്ല.


Click it and Unblock the Notifications











