അന്ന് ജയനെ കാണാതെ പകുതി വഴിക്ക് യാത്ര നിർത്തിയതിന് കാരണമുണ്ട്, തുറന്ന് പറഞ്ഞ് സീമ
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡികളായിരുന്നു ജയനും സീമയും. അങ്ങാടി, കരിമ്പന, തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ജയൻ -സീമ താര ജോഡികൾ സൃഷ്ടിച്ച ഓളം ഇപ്പോഴും മലയാള സിനിമയിൽ നിലനിൽക്കുന്നുണ്ട്. സഹതാരം എന്നതിൽ ഉപരി ജയനുമായി വളരെ അടുത്ത ബന്ധമാണ് സീമയ്ക്കുള്ളത്. പല അഭിമുഖങ്ങളിലും നടനുമായുള്ള ആത്മബന്ധത്തെ കുറിച്ച് നടി പറഞ്ഞിട്ടുമുണ്ട്.
ജയൻ വിടവാങ്ങി 40 വർഷം കഴിഞ്ഞിട്ടും ഇന്നും താരത്തിന്റെ വിയോഗം സീമയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ജയേട്ടൻ ഇല്ലായെന്ന് കരുതിയിട്ടില്ലെന്നാണ് നടി പറയുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ജയേട്ടൻ എവിടെയോ ജീവിച്ചിരിക്കുന്നുണ്ടെന്നും നടി പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സീമ ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ജയനുമായുളള നല്ല ഓർമകളും സീമ പങ്കുവെയ്ക്കുന്നുണ്ട്.

മലയാളികൾ ജയേട്ടനെ ഇന്നും സ്നേഹത്തോടെ ഓർക്കുന്നു എന്നുള്ളത് സന്തോഷം തരുന്ന കാര്യമാണ്; അദ്ദേഹം ജീവിച്ചിരുന്നെകിൽ പോലും ഇത്രത്തോളം അംഗീകാരം കിട്ടുമോ എന്ന് സംശയമാണ്. ഇപ്പോഴും എല്ലാ മാധ്യമങ്ങളിലും ജയേട്ടൻ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹം ഇല്ലായെന്ന് ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ല കാരണം മനസ്സിൽ ഉള്ളത് എല്ലാവരോടും സ്നേഹപൂർവം സംസാരിക്കുന്ന, എപ്പോഴും ചിരിക്കുന്ന ജയേട്ടന്റെ മുഖമാണ്.

ജയേട്ടനെ അവസാനമായി കാണാൻ ഞാനും ശശിയേട്ടനോടൊപ്പം പോയിരുന്നു, പക്ഷേ പകുതിവഴിക്ക് വച്ച് യാത്ര നിർത്തി. ജീവനറ്റ ആ മുഖം നീ കാണേണ്ട, നിന്റെ മനസ്സിലുള്ള ജയേട്ടനല്ല ഇപ്പോ ഇവിടെ ഉള്ളത്, നിന്റെ മനസ്സിലുള്ള ജയേട്ടൻ അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ശശിയേട്ടൻ പറഞ്ഞു, അങ്ങനെ ഞാൻ ജയേട്ടനെ കാണാതെ മടങ്ങി. അത് ഒരു കണക്കിന് നന്നായി, എന്റെ മനസ്സിൽ എപ്പോഴും ഉള്ളത് ഊർജ്ജസ്വലനായി ഓടിനടക്കുന്ന ജയേട്ടനാണ്, അതുകൊണ്ടു തന്നെ എനിക്ക് അദ്ദേഹം ഇല്ലായെന്ന് തോന്നിയിട്ടില്ല, എവിടെയോ ജീവിച്ചിരിക്കുന്നു. ഇപ്പോഴും അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന ആദരം കണ്ടു എനിക്ക് അദ്ഭുതവും സന്തോഷവുമാണ്, സീമ പറയുന്നു.

ആദ്യം ജയേട്ടന്റെ വിയോഗവാർത്ത ശശിയേട്ടൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല, കളിപ്പിക്കുകയാണ് എന്നാണു കരുതിയത്. പിന്നീട് ശ്രീകുമാരൻ തമ്പി സാറാണ് എന്നോട് അത് പറഞ്ഞത്. കഥാപാത്രത്തിന് വേണ്ടി എത്ര കഷ്ടപ്പെടാനും ഒരു മടിയുമില്ല. അത് തന്നെയാണ് ആ ദുരന്തത്തിന് കാരണവും- സീമ പറയുന്നു. ജയേട്ടൻ നിർമാതാവിന്റെ ആർട്ടിസ്റ്റായിരുന്നു. നിർമാതാക്കളെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ല. നല്ല ഒരു വ്യക്തിയായിരുന്നു ജയേട്ടൻ, ഒരുപക്ഷേ എളുപ്പം പോകാൻ ഉള്ളതുകൊണ്ടായിരിക്കും അദ്ദേഹം അത്ര നല്ല മനുഷ്യൻ ആയത്. എല്ലാവരോടും സ്നേഹത്തോടും സന്തോഷത്തോടെയും പെരുമാറും. എല്ലാവർക്കും നല്ലതേ പറയാനുള്ളൂ- നടി അഭിമുഖത്തിൽ പറയുന്നു.
Recommended Video

സീമയെ പോലെ തന്നെ ഐവി ശശി ചിത്രങ്ങളാണ് ജയനേയും മലയാളത്തിന്റെസൂപ്പർതാരമാക്കിയത്. ഐവിശശിയുടെ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ ജയനും കഴിഞ്ഞിരുന്നു. ഇന്നും സീമ-ജയൻ-ഐവി ശശി ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. അക്കാലത്തെ പ്രണയ സങ്കല്പത്തിന്റെ അവസാന വാക്കായിരുന്നു സീമയും-ജയനും. നായകൻ എന്നതിൽ ഉപരി വില്ലൻ, സഹനടൻ എന്നീ നിലയിലും ജയൻ തിളങ്ങി നിന്നിരുന്നു. സാഹസികത ഏറെ ഇഷ്ടമുള്ള താരത്തിന്റെ വിടവാങ്ങലും അങ്ങനെ തന്നെയായിരുന്നു.


Click it and Unblock the Notifications