പണം സേവ് ചെയ്യുന്നത് അടുത്ത തലമുറയ്ക്കല്ല, ഉള്ളിലെ സ്വപ്നം; പെട്ടെന്ന് സർജറി ചെയ്യുന്നവർ നേരിടുന്നത്: സീമ
മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ട്രാൻസ് വുമണായ സീമ ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. തിരക്കുള്ള മേക്കപ്പ് ആർട്ടിസ്റ്റായ സീമ ഉദ്ഘാടന പരിപാടികളിലൂടെയും വരുമാനം കണ്ടെത്തുന്നുണ്ട്. തന്റെ ഏറ്റവും വലിയ സ്വപ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് സീമ വിനീത് ഇപ്പോൾ. അമൃത ന്യൂസിൽ സംസാരിക്കുകയായിരുന്നു ഇവർ.
ഞാൻ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയുടെ ആളായാലും അല്ലെങ്കിലും എനിക്കൊരു ലക്ഷ്യമുണ്ട്. ആര് വിശന്ന് വന്നാലും അവിടെ ഭക്ഷണം ഉണ്ടാകുന്ന ഇടം. ഭക്ഷണം കൊടുക്കാൻ സാധിക്കുന്ന എന്റെ സ്വന്തമായൊരിടം. 24 മണിക്കൂറും അവിടെ ഓപ്പണായിരിക്കണം. അതിന് വേണ്ടിയാണ് ഞാൻ കഷ്‌ടപ്പെടുന്നത്. അല്ലാതെ ഞാൻ സേവ് ചെയ്ത് അടുത്ത തലമുറയ്ക്ക് കൊടുക്കണം എന്നൊന്നുമില്ല. എന്റെ ആഗ്രഹങ്ങളൊക്കെ ഏറെക്കുറെ ഞാൻ സാധിച്ചു.

ഒരു വീട് വേണം എന്നാഗ്രഹിച്ചു. വണ്ടി വേണം എന്നാഗ്രഹിച്ചു. കുറച്ച് സ്ഥലങ്ങളിൽ യാത്ര ചെയ്യണമെന്നും. ഇനി ആഗ്രഹിക്കുന്നവർക്ക് വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കാനാണ്. അത് പറയുമ്പോൾ ഞാൻ ഇമോഷണലാകും. ഭക്ഷണത്തിന് വേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ട് ഞാൻ. അങ്ങനെയാരും ബുദ്ധിമുട്ടരുത് എന്ന് കരുതിയാണ് ഞാൻ പ്രയത്നിക്കുന്നത്.
സാഹചര്യത്തിന് അനുസരിച്ച് ജെൻഡർ മാറരുത്. ഇന്ന് ആളുകൾ ജെൻഡർ ഡിക്ലയർ ചെയ്ത് അപ്പോൾ തന്നെ സർജറി ചെയ്യുന്നു. പിന്നെയങ്ങോട്ട് കൺഫ്യൂഷനാണ്. ഡിപ്രഷനിലേക്ക് പോകുന്നു. പെട്ടെന്ന് സർജറി ചെയ്ത് മാറുമ്പോൾ അവർ എന്താണെന്ന് ഐഡന്റിഫെെ ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിപ്പെടുന്നു. ഞാനൊക്കെ ഒരുപാട് വർഷം ഇതിന് വേണ്ടി കഷ്ടപ്പെടുകയും ഇതിന് വേണ്ടി അവബോധമുണ്ടാക്കുകയും ചെയ്തു.
ഇങ്ങനെയൊരു സർജറി ചെയ്താൽ മുന്നോട്ടുള്ള കാര്യം എങ്ങനെയാണ്, ബോഡിയിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നറിയണം. ഡിപ്രഷനും മൂഡ് സ്വിംഗ്സുമുണ്ടാകും. കെെവിട്ട് പോകുന്ന തരത്തിൽ മൂഡ് സ്വിംഗിലേക്ക് എത്തും. മാനസികമായി അത്ര മാത്രം തളർന്ന് പോകും. ആ സമയത്ത് എന്നെ ഒരാൾ പോലും ചേർത്ത് പിടിച്ചിട്ടില്ലെന്നും സീമ വിനീത് ഓർത്തു.
സർജറിയൊക്കെ കഴിഞ്ഞ സമയത്ത് ഞാൻ മോഡേണായ വസ്ത്രമിട്ടിട്ടുണ്ട്. ഒരു സ്ത്രീയായെന്ന സന്തോഷത്തിലാണ് അന്നങ്ങനെ ധരിച്ചത്. പക്വതയിലേക്ക് എത്തിയിട്ടില്ല. പക്വതയാണ് മനുഷ്യന്റെ സംസാരത്തിലും പ്രവൃത്തിയിലും മാറ്റം കാെണ്ട് വരുന്നത്. സ്വതന്ത്രമായി നിന്ന് വർക്ക് ചെയ്യാൻ പറ്റിയ മേഖലകളെക്കുറിച്ചാണ് ഞാനെപ്പോഴും ചിന്തിച്ചിട്ടുള്ളത്. അതിന് എന്തുകാെണ്ടും പറ്റിയത് മേക്കപ്പ് മേഖലയാണെന്ന് മനസിലാക്കി. ആരോടും അടിമപ്പെട്ട് നിൽക്കാതെ വർക്ക് ചെയ്യാൻ പറ്റുന്ന ഇടം ഞാനുണ്ടാക്കി. വന്ന വഴികളൊക്കെ ഓർമയുണ്ടാകണം. അത് നമ്മളെ ഓരോ നിമിഷവും ചൂട് പിടിപ്പിക്കണം.
ഇത്രയും ബുദ്ധിമുട്ട് താണ്ടിയെത്തിയവരാണ് എന്ന ഓർമ വേണം എന്നത് കൊണ്ടാണ് വിനീത് എന്ന പേര് ചേർത്ത് വെച്ചത്. എന്തൊക്കെ സംഭവിച്ചാലും അതിനൊരു മാറ്റം ഉണ്ടാകില്ല. എന്റേത് സാധാരണ വിവാഹമായിരുന്നു. ഏറെ ആഗ്രഹിച്ചതാണ്. വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും ഞാനൊറ്റയ്ക്കാണ് നോക്കിയത്. കമ്മ്യൂണിറ്റിയിലെ പലരെയും വിളിച്ചില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. എനിക്ക് വേണ്ടപ്പെട്ടവരെ ഞാൻ വിളിച്ചിട്ടുണ്ടെന്നും സീമ വിനീത് പറഞ്ഞു.


Click it and Unblock the Notifications
















