വിജയ്ക്ക് ഈഗോയും അമിത ആത്മവിശ്വാസവും, ചുറ്റിലുമുള്ളവർ പറഞ്ഞ് കൊടുക്കുന്നത്: വിമർശിച്ച് അംബിക
നടൻ വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങവെ വിമർശനവുമായി നടി അംബിക. വിജയിൽ അമിത ആത്മവിശ്വാസം കാണുന്നു. എന്നെക്കൊണ്ട് ചെയ്യാൻ പറ്റും എന്നും എന്നെക്കൊണ്ട് മാത്രമേ ചെയ്യാൻ പറ്റൂ എന്നും പറയുന്നത് വ്യത്യസ്തമാണ്. മാത്രവുമല്ല. എവിടെയോ ഒരു ഈഗോ ഉണ്ട്. മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അങ്കിൾ എന്ന് വിജയ് വിളിച്ചത് ശരിയായി തോന്നിയില്ല. എന്തൊക്കെയായാലും ഒരു സ്ഥാനത്ത് എത്തിയാൽ അവർക്ക് ബഹുമാനം കൊടുക്കണം. ഒരു പ്രാവശ്യമല്ല വിളിച്ചത്. ഒന്നാം ക്ലാസിൽ നിന്നും ആർക്കും ഐഎഎസ് ആകാൻ പറ്റില്ല. പടിപടിയായാണ് രാഷ്ട്രീയത്തിൽ ഉയരേണ്ടത്. അത് പറഞ്ഞ് കൊടുക്കാൻ ആരുമില്ലേ എന്ന് തോന്നുന്നു. വിജയ് ആരോ പറഞ്ഞ് കൊടുത്തത് അത് പോലെ പറയുന്നത് പോലെ തോന്നുന്നു. വിജയ് അത് ശ്രദ്ധിക്കണം.
വിജയ് അടുത്ത എംജിആർ അല്ല. പാവം വിജയിയെ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അടുത്ത എംജിആർ അല്ല താനെന്ന് വിജയ് പറയാൻ തുനിഞ്ഞാൽ ചുറ്റുമുള്ളവർ സമ്മതിക്കില്ല. സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാളും എനിക്ക് മുഖ്യമന്ത്രിയാകണമെന്ന ചിന്തയാണ്. അതെങ്ങനെ നടക്കും. ഒന്നാം ക്ലാസിൽ എത്തിയിട്ടേയുള്ളൂ. എത്ര പടികൾ കയറാനുണ്ട്. ഇതുവരെ ആ സ്ഥാനത്തേക്ക് വന്നവരെല്ലാം ചുമ്മ വന്നതാണോ. ആദ്യം നിങ്ങൾ നിലയുറപ്പിക്കണം. ജനങ്ങൾക്ക് മുന്നിൽ ചെയ്ത് കാണിക്ക്. ഇറങ്ങി വർക്ക് ചെയ്യ്. തമിഴ് രാഷ്ട്രീയത്തിൽ 100 വോട്ട് മൂന്ന് പേർ പങ്കുവെക്കുന്നിടത്ത് ഇന്ന് നാലാമതൊരാൾ വന്നിരിക്കുന്നു. അതല്ലാതെ വലിയ മാറ്റങ്ങൾ വരണമെങ്കിൽ ഒരുപാട് അധ്വാനിക്കണം. എംജിആറിനെ പോലെ വർക്ക് ചെയ്യാൻ വിജയ്ക്ക് സാധിക്കില്ലെന്നും അംബിക പറയുന്നു.

വിജയ് ഒരു നല്ല നടനല്ലെന്നും അംബിക പറയുന്നുണ്ട്. എന്നെ സംബന്ധിച്ച് വിജയ് നല്ല ഡാൻസറും നന്നായി കോമഡി ചെയ്യുന്നയാളുമാണ്. അത്ര മികച്ച നടനല്ല. ഓരോരുത്തർക്കും ഓരോരുത്തരെയാണ് ഇഷ്ടം. എനിക്ക് ശിവാജിയങ്കളുടെ അഭിനയമാണ് ലോകത്ത് ഇഷ്ടം. എന്ന് വെച്ച് മറ്റൊരു നടൻ നല്ലതല്ലെന്നാണോ. എനിക്ക് വിജയുടെ ഒരു സിനിമയിലെ അഭിനയവും മികച്ചതായി തോന്നിയിട്ടില്ല. എന്നാൽ ഡാൻസിലും കോമഡിയിലും വളരെ മികവുണ്ട്. നല്ല എന്റർടെയ്നറാണ് വിജയ് എന്നും അംബിക പറയുന്നുണ്ട്. ഇത്രയും വിമർശിച്ചെങ്കിലും വിജയുടെ അടുത്ത സിനിമയിൽ റോൾ വന്നാൽ പോയി അഭിനയിക്കുമെന്നും അംബിക പറയുന്നുണ്ട്.
തമിഴകത്ത് അംബികയുൾപ്പെടെ പല അഭിനേതാക്കളും വിജയിനെ വിമർശിക്കുന്നുണ്ട്. സിനിമാ രംഗത്തെ പോലെ വിജയ്ക്ക് രാഷ്ട്രീയത്തിൽ തിളങ്ങാനാകുമോ എന്ന ചോദ്യം വരുന്നുണ്ട്. സിനിമാ താരങ്ങൾ രാഷ്ട്രീയ നേതാക്കളാകുന്നത് തമിഴകത്ത് പതിവാണ്. എന്നാൽ വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോഴും പെട്ടെന്ന് തന്നെ മുഖ്യമന്ത്രിയാകാനാണ് നീക്കം. ഇത് എത്രത്തോളം സാധ്യമാകുമെന്ന ചോദ്യവുമുണ്ട്. പലരും വർഷങ്ങളോളം പരിശ്രമിച്ചാണ് ഈ സ്ഥാനത്തേക്ക് എത്താറ്. അതേസമയം തമിഴ്നാട്ടിലെ പ്രബല രാഷ്ട്രീയ ശക്തികൾക്ക് വിജയുടെ കടന്ന് വരവ് വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.

ഇതിനിടെ വിജയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും അഭ്യൂഹങ്ങളുണ്ട്. ഭാര്യ സംഗീതയുമായി അകന്ന് കഴിയുകയാണെന്നാണ് സംസാരം. താരത്തെയും സംഗീതയെയും ഒരുമിച്ച് പൊതുവിടങ്ങളിൽ കണ്ടിട്ട് ഏറെക്കാലമായി. ഇരുവരും അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
അണിയറയിൽ ഒരുങ്ങുന്ന ജനനായകൻ വിജയുടെ അവസാന സിനിമയായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
വിജയ് സിനിമാ രംഗത്ത് നിന്നും അകലുമ്പോൾ മകൻ ജേസൺ സഞജയ് ഈ മേഖലയിലേക്ക് വരികയാണ്. സംവിധായകനായാണ് ജേസണിന്റെ അരങ്ങേറ്റം. ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. പേര് പ്രഖ്യാപിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ജേസൺ സഞ്ജയ്ക്കും വിജയുമായി അകൽച്ചയുണ്ട്. അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ വിജയോ കുടുംബമോ ഇതുവരെ തയ്യാറായിട്ടില്ല. ഗോസിപ്പുകളെ അവഗണിക്കുന്നതാണ് വിജയുടെ വർഷങ്ങളായുള്ള രീതി. വിജയുടെ രാഷ്ട്രീയ പരിപാടികൾ തമിഴ്നാട്ടിൽ തുടരുകയാണ്.


Click it and Unblock the Notifications











