വിവാഹത്തിന് ശേഷം ഭർതൃമാതാവിന്റെ നിബന്ധന, കുഞ്ഞിനെ പോലെ എന്നെ നോക്കിയ ഭർത്താവ് മരിച്ചപ്പോൾ: കവിത
അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് കവിത. സിനിമയ്ക്കൊപ്പം തെലുങ്ക് രാഷ്ട്രീയത്തിലും കവിത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു കവിതയുടെ വിവാഹം. പിന്നീട് തിരിച്ച് വരവിൽ അമ്മ വേഷങ്ങളിലാണ് കവിതയെ കൂടുതലും കണ്ടത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ കവിത സംസാരിക്കുന്നുണ്ട്. നടിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
വിവാഹത്തിന് ശേഷം അഭിനയിക്കരുതെന്ന നിബന്ധന വെച്ചത് ഭർത്താവിന്റെ അമ്മയാണ്. ഭർത്താവിന് കുഴപ്പമില്ലായിരുന്നു. എനിക്കും അഭിനയിക്കണമെന്നില്ല, കാരണം അഭിനയിക്കണമെങ്കിൽ ഒപ്പം അമ്മ വരണം. അനിയൻ വാഹനാപടകത്തിൽ മരിച്ചതിനാൽ അമ്മയ്ക്ക് ഇനി വരാൻ പറ്റില്ല. അതിനാൽ അഭിനയിക്കില്ലെന്ന് ഞാൻ പറഞ്ഞു. അഭിനയം നിർത്തി കുടുംബവും കുട്ടികളുമായി ജീവിച്ചു. ഇന്ത്യയിലേക്ക് വന്നപ്പോൾ അമ്മയുടെ വീട്ടിൽ പോയി. അവിടെ അടുത്ത് ഒരു തെലുങ്ക് പ്രൊഡ്യൂസർ ഉണ്ടായിരുന്നു. ഇനി അമ്മ, ചേച്ചി റോളുകൾ ചെയ്യാം, ഇവിടെ ക്യാരക്ടർ റോളുകൾ ചെയ്യാൻ ആരുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭർത്താവിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ എനിക്ക് അഭിനയിക്കാൻ പറ്റില്ലായിരുന്നു. എന്റെ ഡേറ്റുകൾ അദ്ദേഹം നോക്കി. എനിക്ക് വിശ്രമത്തിനും മക്കൾക്കൊപ്പം സമയം ചെലവഴിക്കാനും സമയമുണ്ടാക്കി. 365 ദിവസം വർക്കായിരുന്നില്ല. രാവിലെ 10 മണിക്ക് പോയി 6 മണിക്ക് തിരിച്ച് വരും. ശനിയും ഞായറും വർക്കില്ല. ബർത്ത്ഡേ, ഫെസ്റ്റിവലുകൾ, വിവാഹ വാർഷിക ദിനം എന്നീ സമയങ്ങളിൽ വർക്ക് ചെയ്യരുത്. അങ്ങനെ സിസ്റ്റമാറ്റിക്കായി എനിക്ക് വർക്ക് ചെയ്യാൻ അദ്ദേഹം സൗകര്യമൊരുക്കി.
കുട്ടിയെ പോലെയാണ് അദ്ദേഹം എന്നെ നോക്കിയത്. നീ ഭാഗ്യം ചെയ്തവാണ്, നിനക്ക് അത്രയും നല്ല ഭർത്താവിനെ ലഭിച്ചെന്ന് ഇൻഡസ്ട്രിയിലുള്ളവർ പറയുമായിരുന്നു. കൊവിഡ് എത്രയോ കുടുംബങ്ങളെ തകർത്തു. അന്ന് എന്റെ ഭർത്താവും മകനും ഒരേസമയം മരിച്ചത് വലിയ അടിയായിരുന്നു എനിക്ക്. എന്റെ പെൺമക്കളെയാണ് അത് കൂടുതൽ ബാധിച്ചതെന്നും കവിത പറയുന്നു.

2021 ലാണ് കവിതയുടെ ഭർത്താവും മകനും മരിച്ചത്. ആന്ധ്രാക്കരിയാണ് കവിത. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 350 ലേറെ സിനിമകളിൽ കവിത അഭിനയിച്ചിട്ടുണ്ട്. മരണം തനിക്ക് വലിയ ആഘാതമായിരുന്നെന്നും മൂന്ന് തവണ താൻ മരിക്കാൻ ശ്രമിച്ചെന്നും കവിത മുമ്പൊരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ പെൺമക്കളെ ഓർത്താണ് തുടർന്ന് ജീവിക്കാൻ തീരുമാനിച്ചത്. ഭർത്താവിന്റെയും മകന്റെയും മരണം തീർത്തും അപ്രതീക്ഷിതമായിരുന്നു.
അവർക്കിങ്ങനെ സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. രണ്ട് പേരും ആരോഗ്യമുള്ളവരായിരുന്നു. വീട്ടിൽ ഏഴ് പേർക്കും കൊവിഡ് വന്നിരുന്നെന്നും മരണം തന്നെ മാനസികമായി തകർത്തെന്നും കവിത അന്ന് പറഞ്ഞു. ദശരഥ രാജ് എന്നായിരുന്നു ഭർത്താവിന്റെ പേര്. മകൻ സഞ്ജയ് രാജും. ചെറിയ പ്രായത്തിൽ അഭിനയ രംഗത്തേക്ക് വന്നയാളാണ് കവിത. 2008 ൽ തെലുങ്ക് ദേശം പാർട്ടിയിൽ കവിത അംഗമായി.
സിനിമാ രംഗത്തേക്ക് തിരിച്ച് വന്നപ്പോൾ ചില സമയത്ത് വിഷമിപ്പിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. തന്റേതല്ലാത്ത കാരണത്താൽ ഷൂട്ട് വെെകിയതിന് സംവിധായകൻ തന്നെ വഴക്ക് പറഞ്ഞു. പിന്നീട് ഇയാൾ തന്നോട് ക്ഷമ പറഞ്ഞെന്നും കവിത പുതിയ അഭിമുഖത്തിൽ പറയുന്നുണ്ട്. തെലുങ്കിലും തമിഴിലുമാണ് കവിത കൂടുതൽ സിനിമകൾ ചെയ്തത്. മലയാളത്തിൽ കുറച്ച് സിനിമകളേ കവിത ചെയ്തിട്ടുള്ളൂ. ഫ്രണ്ട്സ് ആണ് നടി അവസാനം ചെയ്ത മലയാള സിനിമ.


Click it and Unblock the Notifications











