മേക്കപ്പ്മാനെ വിവാഹം ചെയ്തു, ഈഗോ പ്രശ്നങ്ങൾ; വീട്ടുകാർ ഒഴിവാക്കി; ജീവിതത്തെക്കുറിച്ച് സേതുലക്ഷ്മി
ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ സിനിമകളിൽ ലഭിച്ച നടിയാണ് സേതുലക്ഷ്മി. സീരിയലുകളിലും സേതുലക്ഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നാടക രംഗത്ത് നിന്നാണ് സേതുലക്ഷ്മി സിനിമാ രംഗത്തേക്ക് വരുന്നത്. നിരവധി പുരസ്കാരങ്ങളും നാടകങ്ങളിലൂടെ സേതുലക്ഷ്മിക്ക് ലഭിച്ചിട്ടുണ്ട്. വിവാഹ ജീവിതത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സേതുലക്ഷ്മിയിപ്പോൾ. വീട്ടുകാരെ എതിർത്ത് പ്രണയിച്ച് വിവാഹം ചെയ്ത താൻ പിന്നീട് ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സേതുലക്ഷ്മി പറയുന്നു. ബ്രേക്ക്ത്രൂവിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിച്ചു. ഒരു അബദ്ധം പറ്റിയതാണ്. ഒന്നുമില്ലാതിരുന്ന ആളായിരുന്നു. എന്തായാലും എനിക്കയാളെ വേണമെന്നായിരുന്നു അന്ന്. മേക്കപ്പൊക്കെ ചെയ്യുന്ന ആളാണ്. വീടും മറന്നു, എല്ലാം മറന്നു. ഡാൻസിലേക്കായി എന്റെ ശ്രദ്ധ. കഷ്ടപ്പെട്ടിട്ടുണ്ട്. ഒളിച്ചൊക്കെ താമസിച്ചു. കൂട്ടുകാരികളുണ്ട്. എന്നെ കാർണിവൽ ഷോയ്ക്കെല്ലാം കൊണ്ട് പോയി. അവരുടെ ഡാൻസ് എനിക്കറിയില്ലായിരുന്നു. ഇറക്കം കുറഞ്ഞ ഡ്രസിട്ട് ഡാൻസ് ചെയ്യണം.

ശരീരം ഞാൻ കാണിക്കില്ല. ജുബ്ബ പോലത്തെ ഡ്രസിട്ടാണ് ഞാൻ ചെയ്തത്. അപ്പോൾ ആളുകൾ അന്ത അമ്മ വേണ്ട എന്ന് പറയും. ഇന്നത്തെ ഫേയ്മസായ പല പെണ്ണുങ്ങളും ആ ഡാൻസിൽ ഉണ്ടായിരുന്നു. മൂന്ന് മാസത്തോളം അവിടെ കഴിഞ്ഞു. ആർ ബാലകൃഷ്ണ സർ സ്കൂളിൽ ലഹരി എന്ന നാടകമെടുത്തു. അതിൽ വേഷം ലഭിച്ചു. അതിലൊരു ഡാൻസ് ഉണ്ടായിരുന്നു. പിന്നീട് ആ സ്കൂളിൽ ഡാൻസ് പഠിപ്പിക്കാൻ വിളിച്ചു. ഞങ്ങൾക്ക് വീടൊക്കെ എടുത്ത് തന്നു.
ആ പ്രദേശത്തുള്ള എല്ലാവരെയും ഡാൻസ് പഠിപ്പിച്ചു. അവസാനം കൊല്ലത്ത് വന്നു. അപ്പോഴേക്കും മക്കളൊക്കെയായി. ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടപ്പോൾ എന്റെ അമ്മാവന്റെ ഭാര്യ അമ്മയോട് പറഞ്ഞു. നമ്മൾ അവളെ ഇറക്കി വിട്ട് കഴിഞ്ഞു, ഇനി യാതൊരു ബന്ധവുമില്ലെന്ന് അമ്മ. പക്ഷെ ഒളിച്ച് എന്നെ കാണാൻ വരുമായിരുന്നു.

അപ്പച്ചിയൊക്കെ മരിച്ചതിന് ശേഷമാണ് എന്നെ കുടുംബത്തിൽ കയറ്റിയത്. വാടകയ്ക്കാണ് ഞാനും ഭർത്താവും താമസിച്ചിരുന്നത്. ഡാൻസ് പഠിപ്പിക്കലും അമച്വർ നാടകം കളിക്കലുമായിരുന്നു എനിക്ക്. അങ്ങേർക്ക് മേക്കപ്പും. അവസാനം പ്രൊഫഷണൽ നാടകം വന്നു. ഇങ്ങേർക്ക് മേക്കപ്പില്ല. അവിടം തൊട്ട് ഈഗോ വന്ന് തുടങ്ങി. ഞങ്ങൾ തമ്മിൽ പൊരുത്തപ്പെടാതായി.
എന്റെ വീട്ടുകാർ സ്വത്തൊക്കെ തരുമെന്ന് ഇങ്ങേർ വിചാരിച്ചോ എന്നറിയില്ല. എന്റെ വീട്ടുകാർ ഒരു സെന്റ് സ്ഥലം പോലും തന്നില്ല. എന്നെ ഒഴിവാക്കി. സ്വത്തുക്കൾ സഹോദരങ്ങളെടുത്തു. ഈ നിമിഷം വരെ എനിക്ക് തന്നിട്ടില്ല. ഞാനും ഭർത്താവും തമ്മിൽ ഈഗോ ആയപ്പോൾ പിന്നെ വഴക്കുകളായിരുന്നെന്നും സേതുലക്ഷ്മി ഓർത്തു. കലയോടുള്ള സ്നേഹം കൊണ്ട് കുട്ടിക്കാലത്ത് സ്കൂളിൽ പോകാൻ ഇഷ്ടമല്ലായിരുന്നു. പത്താം ക്ലാസിൽ തോറ്റതാണ്. അമച്വർ നാടകമായിരുന്നു അക്കാലത്ത് ചെയ്തിരുന്നെന്നും സേതുലക്ഷ്മി ചൂണ്ടിക്കാട്ടി.
നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സേതുലക്ഷ്മിക്ക് ഹൗ ഓൾഡ് ആർ യു ഉൾപ്പെടെയുള്ള സിനിമകളിലാണ് ശ്രദ്ധേയ വേഷം ലഭിച്ചത്. മഞ്ജു വാര്യർ തിരിച്ച് വരവ് നടത്തിയ സിനിമയായിരുന്നു ഹൗ ഓൾഡ് ആർ യു. ചെറുതും വലുതുമായ റോളുകൾ സേതുലക്ഷ്മിയെ തേടി തുടരെ വന്നു. സീരിയലുകളിൽ ശ്രദ്ധ നേടിയ റോളുകൾ ചെയ്തു. ഇപ്പോഴും നടി അഭിനയ രംഗത്ത് സജീവമാണ്.


Click it and Unblock the Notifications











