'കുഞ്ചാക്കോ ബോബനോടുള്ള ഇഷ്ടമാണ് എന്നോട് കാണിക്കുന്നത്, അത് എനിക്ക് ഗുണവും ദോഷവും ചെയ്തു'; അൻസിൽ!
മലയാളം ടെലിവിഷൻ സീരിയൽ രംഗത്തും സിനിമകളിലും ആൽബങ്ങളിലും ഒരു കാലത്ത് സജീവമായിരുന്ന നടനാണ് അൻസിൽ റഹ്മാൻ. എവർഗ്രീൻ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോബോബനുമായുള്ള മുഖസാദൃശ്യമാണ് ആദ്യം അൻസിലിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് മിമിക്രി വേദിയില്‍ ജയറാമായി തിളങ്ങി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും മികച്ച വേഷങ്ങൾ നിരവധി ചെയ്തു. സ്വർണ്ണനിലാവ്, കണ്ണാടികടവത്ത്, സമ്മർപാലസ്, കളിയോടം, സ്വർണ്ണമെഡൽ, മുല്ലപ്പൂ വിപ്ലവം, പഴയനിയമം എന്നിവയാണ് അൻസിൽ അഭിനയിച്ച പ്രധാന മലയാള സിനിമകൾ.
പ്രീഡിഗ്രി കഴിഞ്ഞ് ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിന് അൻസിൽ ചേർന്നിരുന്നു. ഹൈദരാബാദിൽ രണ്ട് മാസത്തെ ട്രെയിനിങ് കഴിഞ്ഞ് നാട്ടിലേക്ക് വന്നു. സുഹൃത്തുക്കളുമായി ചേർന്ന് ഹായ് മിമിക്സ് എന്ന പേരിൽ ഒരു മിമിക്രി ട്രൂപ്പ് തുടങ്ങി. പിന്നീട് മാള അരവിന്ദൻ സംവിധാനം ചെയ്തിരുന്ന സ്റ്റാർ പ്ലസ് എന്ന ട്രൂപ്പിൽ ചേർന്നു. അതിനുശേഷം നാദിർഷയുടെ കൊച്ചിൻ യൂണിവേഴ്സ് എന്ന ട്രൂപ്പിൽ എത്തി.

അവിടെ നന്ദു പൊതുവാൾ, ടിനി ടോം, ഗിന്നസ് പക്രു, മനോജ് ഗിന്നസ് എന്നിവരുടെ കൂടെ മിമിക്രി അവതരിപ്പിച്ചു. പിന്നീട് കോട്ടയം നസീറിന്റെ ഡിസ്ക്കവറി എന്ന ട്രൂപ്പിൽ കുറേക്കാലം പ്രവർത്തിച്ചു. കൂടുതലും ജയറാമിനെയാണ് അൻസിൽ അനുകരിച്ചിരുന്നത്. സമയമാണ് അൻസിലിന്റെ ആദ്യ സീരിയൽ.
പിന്നീട്, സ്വരരാഗം, ശംഖുപുഷ്പം, വസുന്ധര മെഡിക്കൽസ്, സീത തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചു. ആദ്യമായി അഭിനയിച്ച സിനിമ സ്വർണ്ണ നിലാവായിരുന്നു അതുപക്ഷെ പുറത്ത് ഇറങ്ങിയില്ല. പിന്നീട് കണ്ണാടിക്കടവത്ത് എന്ന സിനിമ ചെയ്തു. മേലെവാര്യത്തെ മാലാഖക്കുട്ടികൾ, സമ്മർപാലസ്, കളിയോടം തുടങ്ങി പത്തേമാരി വരെ നിരവധി സിനിമകൾ ചെയ്തു.
ഒട്ടനവധി സ്റ്റേജ് ഷോകളും ഇക്കാലയളവിൽ അൻസിൽ ചെയ്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ മുഖച്ഛായുടെ പേരിൽ തനിക്കുണ്ടായ ഗുണങ്ങളും ദോഷങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ അൻസിൽ. സെല്ലുലോയിഡ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചാണ് കലാജീവിതത്തെ കുറിച്ച് അൻസിൽ വെളിപ്പെടുത്തിയത്.
'അന്‍സില്‍ റഹ്‌മാനെന്ന് പറഞ്ഞാല്‍ ചില ആളുകള്‍ക്ക് മനസിലാകില്ല. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ അല്ലെങ്കില്‍ ചാക്കോച്ചനെന്ന് പറഞ്ഞാല്‍ പെട്ടെന്ന് ആളുകള്‍ തിരിച്ചറിയും. എന്നെ ആളുകള്‍ തിരിച്ചറിയുന്നത് അങ്ങനെയാണ്. ആ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം അത് ഒരുപാട് സഹായിച്ചിട്ടുണ്ട്. പറയുകയാണെങ്കില്‍ ഒരു അമ്പത് ശതമാനം ഗുണവും അമ്പത് ശതമാനം ദോഷവുമാണ്.'

'സ്റ്റേജ് ഷോയില്‍ എന്നെ ഇത് ഒരുപാട് സഹായിച്ചിട്ടുണ്ട്. ഓരോ സ്റ്റേജില്‍ പോകുമ്പോഴും ഒരുപാടുപേര്‍ എന്നെ കണ്ട് അടുത്തേക്ക് വരും. അത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ല. ചാക്കോച്ചനോടുള്ള ഇഷ്ടമാണ് എന്നോട് കാണിക്കുന്നത്. ആദ്യത്തെ സിനിമ ചെയ്യുമ്പോഴും എന്നെ ആ രീതിയില്‍ തന്നെയാണ് തെരഞ്ഞെടുത്തത്. ആദ്യ സിനിമ സ്വര്‍ണനിലാവാണ്.'
'ആ സിനിമ ചെയ്യുമ്പോള്‍ ചാക്കോച്ചനെ പോലെ ഒരാള്‍ എന്ന രീതിയില്‍ തന്നെയാണ് എന്നെ കാസ്റ്റ് ചെയ്തത്. എങ്കിലും എനിക്ക് അതില്‍ ചാന്‍സ് തന്നു എന്നുള്ളതാണ്. ആ പടത്തില്‍ അഭിനയിച്ചെങ്കിലും അത് പൂര്‍ത്തിയായില്ല. പിന്നെയാണ് കണ്ണാടികടവത്ത് പടം റിലീസാകുന്നത്. ചാക്കോച്ചനുമായുള്ള എന്റെ മുഖഛായ എന്നെ ആളുകള്‍ തിരിച്ചറിയാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും വര്‍ക്കിലേക്ക് വരുമ്പോള്‍ നെഗറ്റീവായിട്ടാണ് വരുന്നത്.'
'ഒരു നടനെന്ന രീതിയിലേക്ക് വന്നപ്പോള്‍ എനിക്ക് നെഗറ്റീവായിരുന്നു. ആദ്യം പറയുമ്പോള്‍ ഇന്ന ആളാണെന്ന് പറയും. രണ്ടാമത് പറയുമ്പോള്‍ അയ്യോ പുള്ളിയാണോ എന്നാല്‍ വേണ്ടെന്ന് പറയും. അവസാനം എന്നെ വേണ്ടെന്ന് തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വരും. പിന്നെ സഹായിച്ചത് മുഴുവന്‍ സീരിയലുകളാണ്. അതിന് ശേഷമാണ് സീരിയലിലേക്ക് കൂടുതലും വന്നത്', എന്നാണ് സിനിമാ ജീവിതത്തെ കുറച്ച് സംസാരിച്ച് അന്‍സില്‍ റഹ്‌മാന്‍ പറഞ്ഞത്.


Click it and Unblock the Notifications