'റോബിനോട് ക്ഷമ ചോദിക്കുന്നു, ഞാൻ അങ്ങനെ ചെയ്യരുതായിരുന്നു, കുറച്ച് നാളത്തേക്ക് വീഡിയോ ഇടുന്നില്ല'; മനോജ് കുമാർ
വളരെ വർഷങ്ങളായി സീരിയൽ മേഖലയിൽ സജീവമായിട്ടുള്ള നടനാണ് മനോജ് കുമാർ. ബീന ആന്റണി എന്ന കലാകാരിയെ അറിയുന്നവരെല്ലാം അവരുടെ ഭർത്താവ് മനോജ് കുമാറിനേയും അറിയും. കുറച്ച് നാളുകൾക്ക് മുമ്പാണ് തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും വിശേഷങ്ങളും ബിഗ് ബോസ് മലയാളം റിവ്യുവുമെല്ലാം പങ്കുവെക്കാനായി മനൂസ് വിഷൻ എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ മനോജ് കുമാർ ആരംഭിച്ചത്.
ബിഗ് ബോസ് സീസൺ ഫോറിന്റെ സമയത്ത് മനോജ് പങ്കുവെച്ച റിവ്യൂകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സീസൺ ഫോറിൽ ഏറ്റവും കൂടുതൽ സ്വീകാര്യത കിട്ടിയ മത്സരാർഥി റോബിൻ രാധാകൃഷ്ണനോടൊപ്പം നിന്ന് ചിറ്റ് ചാറ്റ് വീഡിയോയുമെല്ലാം മനോജ് പങ്കുവെച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം റോബിൻ രാധാകൃഷ്ണനെ കുറിച്ച് താൻ പറഞ്ഞ ചില വാക്കുകൾ കടുത്തുപോയിയെന്നും അതിൽ വല്ലാത്ത മനസ്താപം തോന്നിയെന്നും അതുകൊണ്ട് തന്നെ റോബിനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മനോജ് കുമാർ ഇപ്പോൾ സീസൺ ഫൈവിലെ മത്സരാർഥി അഖിൽ മാരാരെ കുറിച്ച് താൻ ക്രിയേറ്റ് ചെയ്ത ട്രോൾ തന്റെ യുട്യൂബ് ചാനലിൽ നിന്നും നീക്കിയെന്നും മനോജ് കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം റോബിൻ രാധാകൃഷ്ണന്റെ ഫാനെന്ന് തന്നെ വിളിക്കുന്നതിലും ഭേദം വെടിവെച്ച് കൊല്ലുന്നതാണെന്ന് മനോജ് കുമാർ പറഞ്ഞിരുന്നു. റോബിന്റെ ഫാനാണ് താൻ എന്ന് കേൾക്കുന്നത് തനിക്ക് അപമാനമാണെന്നും മനോജ് കുമാർ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ഇട്ട വീഡിയോയിൽ അത്രയേറെ മൂർച്ചയേറിയ വാക്കുകൾ ഉപയോഗിക്കേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തനിക്ക് തോന്നുന്നുവെന്നും ആ തിരിച്ചറിവുണ്ടായിയെന്നും അതിനാൽ റോബിനോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് മനോജ് കുമാർ പുതിയ വീഡിയോയിൽ പറയുന്നത്. മനോജ് കുമാറിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
'റോബിൻ രാധാകൃഷ്ണനോടും റോബിനെ സ്നേഹിക്കുന്നവരോടും എന്നെ സ്നേഹിക്കുന്നവരോടും ക്ഷമ ചോദിക്കുന്നു. ക്ഷമ ചോദിക്കാൻ കാരണം ഞാൻ ഇന്നലെ റോബിനെ കുറിച്ച് പറഞ്ഞ ഒരു വാക്കാണ്. റോബിന്റെ ഡൈ ഹാർഡ് ഫാനാണ് ഞാനെന്ന് പലർക്കും തോന്നി. അവൻ എനിക്ക് അനിയനെപ്പോലെയാണ്. പലരും എന്നോട് റോബിൻ ഫാനാണോ നിങ്ങൾ?. നിങ്ങളിൽ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മനോജിന്റെ വീഡിയോകൾ കാണുമ്പോൾ അങ്ങനെ തോന്നുന്നുവെന്നൊക്കെ പറഞ്ഞു.'

'അങ്ങനെ അഭിപ്രായപ്പെട്ടവരിൽ വിദേശത്ത് നിന്നുള്ളവർ വരെയുണ്ട്. അത് കേട്ടപ്പോൾ എനിക്ക് തോന്നിയ ചിന്തയിൽ നിന്നാണ് ഞാൻ റോബിനെ കുറിച്ച് കഴിഞ്ഞ ദിവസം ഇട്ട വീഡിയോയിൽ വളരെ കുത്തി നോവിക്കുന്ന വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചത്. ഇങ്ങനൊരു പുനർചിന്ത വന്നത് ഇന്നലെ കണ്ടരു വീഡിയോ കാരണമാണ്.'
'മായ എന്ന് പറഞ്ഞൊരാൾ ഞാനിട്ട വീഡിയോ വെച്ച് മനോഹരമായി സംസാരിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. അതിൽ അവർ പറഞ്ഞു.... റോബിന്റെ ഹേറ്റേഴ്സ് ഓരോന്ന് പറയുന്നതിന്റെ പേരിൽ മനോജ് റോബിനെ കുറിച്ച് മോശമായി പറയേണ്ടിയിരുന്നില്ലെന്ന്. മനോജിന്റെ വാക്കുകൾ റോബിനെയാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കാൻ പോകുന്നത്.'
'ആ യുട്യൂബറുടെ വാക്കുകൾ ശരിയാണെന്ന് എനിക്കും തോന്നി. റോബിനാണ് ഞാൻ പറഞ്ഞതെല്ലാം കൊള്ളുക. രാത്രി ഞാൻ ഈ സംഭവം ഓർത്ത് ഉറങ്ങിയിട്ടില്ല. അതുകൊണ്ടാണ് അങ്ങനെ സംസാരിച്ചതിൽ മാപ്പ് ചോദിക്കുന്നത്. മാത്രമല്ല അഖിൽ മാരാരെ ട്രോളി ഞാൻ ഇട്ട വീഡിയോയും ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഒരു പരിചയക്കാരൻ എന്നെ വിളിച്ചിരുന്നു.'
'അദ്ദേഹം ജോത്സ്യം കുറച്ച് വശമുള്ളയാളാണ്. മകമാണ് എന്റെ നാള്. ഈ നാളുകാർ കുറച്ച് ദിവസം വളരെ അധികം ശ്രദ്ധിക്കണം. ഞാൻ അടക്കം ഏത് നിമിഷവും കാലക്കേട് സംഭവിക്കാവുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് കുറച്ച് നാളത്തേക്ക് ഞാൻ വീഡിയോ ഇടുന്നില്ല' മനോജ് കുമാർ പറഞ്ഞു.


Click it and Unblock the Notifications











