'ഗീതാഗോവിന്ദം സീരിയലിനായി അഞ്ച് ലക്ഷം രൂപയുടെ കോസ്റ്റ്യൂംസ് വാങ്ങി, സീരിയലിലേക്ക് അവസരം പോലും കിട്ടാതെ വരും'
സിനിമാ താരങ്ങളേക്കാൾ വേഗത്തിൽ കുടുംബപ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടുന്നത് സീരിയൽ താരങ്ങളാണ്. അത്തരത്തിൽ വർഷങ്ങളായി മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി നിലകൊള്ളുന്ന നടനാണ് സാജൻ സൂര്യ. സീരിയൽ മേഖലയിലെ മമ്മൂട്ടി എന്നാണ് സാജൻ സൂര്യ സീരിയൽ പ്രേമികൾക്ക് ഇടയിൽ അറിയപ്പെടുന്നത് പോലും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഗീതാഗോവിന്ദത്തിലാണ് അവസാനമായി സാജൻ സൂര്യ അഭിനയിച്ചത്.
സീരിയലും സാജൻ സൂര്യയുടെ കഥാപാത്രം ജനപ്രീതി നേടിയിരുന്നു. സീരിയൽ താരങ്ങൾ തന്നെയാണ് അവരവരുടെ കഥാപാത്രങ്ങൾക്ക് വേണ്ട കോസ്റ്റ്യൂംസ് വാങ്ങുന്നത്. വസ്ത്രത്തിന് ഒപ്പം ധരിക്കുന്ന ആഭരണങ്ങളും ചെരുപ്പം അടക്കം അഭിനേതാക്കൾ സ്വന്തമായി വാങ്ങണം. അഭിനയിച്ച് സമ്പാദിക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗവും അതുകൊണ്ട് തന്നെ കോസ്റ്റ്യൂംസിന് വേണ്ടി താരങ്ങൾക്ക് ചിലവഴിക്കേണ്ടി വരും.

ഗീതാഗോവിന്ദം സീരിയലിൽ നായകനായി അഭിനയിച്ച താൻ അഞ്ച് ലക്ഷം രൂപയോളം കോസ്റ്റ്യൂമിന് വേണ്ടി ചിലവഴിച്ചുവെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ സാജൻ സൂര്യ. നല്ല കോസ്റ്റ്യൂംസ് വാങ്ങി ഉപയോഗിക്കാൻ തയ്യാറായില്ലെങ്കിൽ കഥാപാത്രങ്ങൾ വരെ നഷ്ടപ്പെട്ടേക്കുമെന്നും സാജൻ സൂര്യ ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഗീതാഗോവിന്ദം സീരിയലിൽ അഭിനയിച്ച സമയത്ത് അതിലെ കഥാപാത്രത്തിന് വേണ്ടി മാത്രം ഞാൻ നാല്, അഞ്ച് ലക്ഷം രൂപയുടെ കോസ്റ്റ്യൂംസ് വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. നമുക്ക് കിട്ടുന്ന പ്രതിഫലത്തിൽ നിന്നുമാണ് വസ്ത്രത്തിന് വേണ്ട പണം എടുക്കുന്നത്. പിന്നെ നമ്മുടെ തന്നെ ഒരു മാർക്കറ്റിങ് കൂടിയാണ് ഇത്തരം കോസ്റ്റ്യൂം വാങ്ങുമ്പോൾ നടക്കുന്നത്. സീരിയലിൽ നമ്മൾ നല്ല കോസ്റ്റ്യൂമിൽ വന്നാൽ നമ്മളെ അല്ലേ ആളുകൾ കാണുന്നത്.
നമ്മളെ ആളുകൾ ഇഷ്ടപ്പെടണമെങ്കിൽ നമ്മൾ നല്ല കോസ്റ്റ്യൂം ഉപയോഗിക്കണം. പുതിയ ഡിസൈനുകൾ ഉപയോഗിക്കണം. അതുപോലെ നമുക്ക് ട്രെന്റിങ് ആകാനും പറ്റും. അയാൾ നല്ല വൃത്തിയായിട്ടുണ്ടെന്ന് നമ്മളെ കാണുമ്പോൾ ആളുകൾക്ക് തോന്നും. അത് മാത്രമല്ല ഒരു സീരിയലിന്റെ കാസ്റ്റിങ് നടക്കുമ്പോൾ തന്നെ സീരിയലിന്റെ അണിയറപ്രവർത്തകർ തന്നെ പറയും ഈ ആർട്ടിസ്റ്റിനെ വിളിച്ചാൽ അയാൾ നല്ല കോസ്റ്റ്യൂം കൊണ്ടുവരുമെന്ന്.
മറ്റവനെ വിളിക്കണ്ട അവൻ കോസ്റ്റ്യൂം കൊണ്ടുവരില്ല എന്നൊക്കെ മറ്റുള്ളവരെ പറയുന്നത് വരെ കേട്ടിട്ടുണ്ട്. നല്ല കോസ്റ്റ്യൂം ഉപയോഗിക്കുക എന്നത‍് നമ്മുടെ ഒരു മാർക്കറ്റിങ് സൈഡ് കൂടിയാണ് സാജൻ സൂര്യ പറയുന്നു. നടന്റെ വാക്കുകൾ സീരിയൽ മേഖലയിൽ സജീവമായി നിൽക്കുന്ന നടിമാരായ അമൃത നായരും റെബേക്ക സന്തോഷുമെല്ലാം ശരിവെച്ചിട്ടുണ്ട്.

മാത്രമല്ല ഒരു എപ്പിസോഡിൽ ഉപയോഗിച്ച വസ്ത്രം നിശ്ചിത ടൈം പീരിഡ് കഴിയാതെ ആർട്ടിസ്റ്റുകൾക്ക് ഉപയോഗിക്കാനും കഴിയില്ല. പുരുഷന്മാരെക്കാൾ സ്ത്രീകളാണ് ഇക്കാര്യത്തിൽ ബുദ്ധിമുട്ടുന്നത്. സാരിയാണ് കഥാപാത്രം ധരിക്കുന്നതെങ്കിൽ അതിന് ചേരുന്ന ആഭരണങ്ങളും പാവാടയും ബ്ലൗസും പൂവും വരെ വാങ്ങണം. ഒട്ടുമിക്ക ഫാൻസി ആഭരണങ്ങൾക്കും വലിയ വില നൽകേണ്ടതായുമുണ്ട്.
ദേവി ചന്ദന അടക്കമുള്ളവർ സീരിയൽ കഥാപാത്രങ്ങൾക്കായി വസ്ത്രം വാങ്ങുന്നതിലെ ബുദ്ധിമുട്ട് പലപ്പോഴായി പങ്കുവെച്ചിട്ടുമുണ്ട്. ഗീതാഗോവിന്ദത്തിൽ അറക്കൽ ഗോവിന്ദ് മാധവ് എന്ന ധനികനായ ചെറുപ്പക്കാരന്റെ കഥാപാത്രത്തെയാണ് സാജൻ സൂര്യ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ സ്യൂട്ട് അടക്കമുള്ളവ കോസ്റ്റ്യൂമായി ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായ ബിന്നി സെബാസ്റ്റ്യനായിരുന്നു സീരിയലിൽ നായിക.
ഇക്കഴിഞ്ഞ ജൂലൈയിലാണ് ഗീതാഗോവിന്ദം സീരിയൽ അവസാനിച്ചത്. 2023 ഫെബ്രുവരിയിൽ ആരംഭിച്ച സീരിയലിന് വലിയ ജനപ്രീതി ലഭിച്ചിരുന്നു. തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ പെൺകുട്ടിക്കൊപ്പം നായൿ വേഷം ചെയ്യുന്നതിന്റെ പേരിൽ വലിയ വിമർശനം സീരിയൽ ആരംഭിച്ച സമയത്ത് സാജൻ സൂര്യ നേരിട്ടിരുന്നു.


Click it and Unblock the Notifications











