'ഇങ്ങോട്ട് വിളിച്ചിട്ടില്ല, അന്വേഷിച്ച് പോകാൻ സമയം കിട്ടിയില്ല, സീരിയലിലുള്ളവരെ മാറ്റിനിര്‍ത്തുന്നു'; യുവ
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയ്‍യും യുവ കൃഷ്‍ണയും. ഏഷ്യാനെറ്റിലെ ഭാര്യ അടക്കമുള്ള സീരിയലുകളിലൂടെയാണ് മൃദുല വിജയ് ശ്രദ്ധേയയായത്. സിനിമയിൽ നിന്നുമാണ് മൃദുല സീരിയലിൽ എത്തുന്നത്. മൂന്ന് തമിഴ് സിനിമകളിലും രണ്ട് മലയാള സിനിമകളിലും അഭിനയിച്ച ശേഷമാണ് സീരിയലിലേക്ക് താരം ചുവട് മാറ്റിയത്.
സീരിയലിന് പുറമെ മെന്റലിസത്തിലും തിളങ്ങുന്നയാളാണ് യുവ കൃഷ്‍ണ. തങ്ങളുടെ നിത്യ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബിലൂടെയും പങ്കുവെയ്ക്കുന്നവരാണ് ഇരുവരും. മകള്‍ ധ്വനിയുടെ വിശേഷങ്ങളും ദമ്പതികൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ചെറുപ്പം മുതൽ നടനാകാനുള്ള ആഗ്രഹം യുവ കൃഷ്ണയുടെ മനസിലുണ്ട്.
സിനിമയിലേക്ക് എത്താനുള്ള മാർഗമാണ് യുവയ്ക്ക് സീരിയലുകൾ. സീരിയലിലേക്ക് കടക്കുന്നതിന് മുമ്പ് യുവ കൃഷ്ണ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റമർ സർവീസ് വിഭാഗത്തിൽ ആറ് മാസത്തോളം ജോലി ചെയ്തിരുന്നു. സമയക്രമം കാരണം ആ ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്തെ ഒരു തീം പാർക്കിൽ ഇല്യൂഷനിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. മൂന്ന് വർഷത്തോളം അവിടെ തുടർന്ന ശേഷമാണ് താരം മോഡലിങിലേക്ക് കടന്നത്.

ഇതിനോടകം നിരവധി ഫാഷൻ ഷോകൾ താരം ചെയ്തിട്ടുണ്ട്. റാംപ് വാക്ക് ചെയ്ത് തുടങ്ങിയ ശേഷമാണ് മലയാളം സീരിയലുകളിൽ നിന്നും യുവയ്ക്ക് ക്ഷണം വന്ന് തുടങ്ങിയത്. അങ്ങനെയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലേക്ക് യുവ കൃഷ്ണയെ സെലക്ട് ചെയ്യുന്നത്. മാളവിക വെയ്ൽസായിരുന്നു സീരിയലിൽ നായിക.
മഞ്ഞിൽ വിരിഞ്ഞ പൂവിന് ശേഷം നെഗറ്റീവ് റോളുകളും യുവ കൃഷ്ണ ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ ഡാൻസ്, പാട്ട് തുടങ്ങിയവയെല്ലാം വഴങ്ങുന്ന യുവ കൃഷ്ണ സിനിമയിൽ അഭിനയിക്കാൻ ശ്രമിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.
സീരിയലിൽ മാത്രമായി ഒതുങ്ങി കൂടാനല്ലെന്നും സിനിമയിലേക്കും ശ്രമം നടത്തുന്നുണ്ടെന്നും എന്നാൽ അന്വേഷിച്ച് പോകാൻ സമയം കിട്ടിയില്ലെന്നും യുവ കൃഷ്ണ പറയുന്നു. 'സീരിയലില്‍ മാത്രമായി ഒതുങ്ങി കൂടുന്നതല്ല. സിനിമയില്‍ നിന്നും ആരും ഇങ്ങോട്ട് വിളിച്ചിട്ടില്ല. അങ്ങോട്ട് പോയി അന്വേഷിച്ച് തേടിപ്പിടിക്കാനുള്ള സമയം എനിക്ക് കിട്ടിയിട്ടില്ല. സീരിയലില്‍ നിന്നുള്ളവരെ മാറ്റിനിര്‍ത്തുന്ന സമീപനമാണ് പൊതുവെ കണ്ടുവരുന്നത്.'
'യുവയ്ക്ക് പറ്റിയ ക്യാരക്ടര്‍ വരുമ്പോള്‍ വിളിക്കാമെന്നൊക്കെയാണ് ചോദിക്കുമ്പോൾ പറയാറുള്ളത്. ഫ്ലോറിലെ എക്‌സ്പീരിയന്‍സാണ് കൂടുതലുമുള്ളത്. ഒന്ന്, രണ്ട് പ്രൊജക്റ്റുകള്‍ വന്നിരുന്നുവെങ്കിലും സുന്ദരിയുടെ ടൈമിങ് കാരണം ഏറ്റെടുക്കാനായില്ല.'

'പറ്റുമെങ്കില്‍ ഒരു സീരിയല്‍ കൂടി ചെയ്യണമെന്നാണ് ആഗ്രഹമെന്നും', യുവ കൃഷ്ണ പറയുന്നു. സീരിയലുകൾക്ക് പുറമെ സ്റ്റാർ മാജിക്ക് പോലുള്ള ടെലിവിഷൻ ഷോകളിലും യുവ കൃഷ്ണ സജീവമാണ്. അടുത്തിടെ കാർ അപകടത്തിൽ അന്തരിച്ച കൊല്ലം സുധിയെ കുറിച്ചും യുവ കൃഷ്ണ സംസാരിച്ചു. 'സുധിച്ചേട്ടനെ എനിക്ക് അവിടെ വന്നപ്പോഴുള്ള പരിചയമേയുള്ളൂ.'
'പുള്ളിയുടെ വീട്ടിലെ കാര്യങ്ങളെക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. വീടില്ലാത്ത കാര്യമൊക്കെ ഇപ്പോഴാണ് അറിയുന്നത്. എന്താടാ മോനെ സുഖമായിട്ടിരിക്കുന്നോ... മൃദു എന്ത് പറയുന്നു എന്നൊക്കെ ചോദിച്ച് ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും', യുവ പറയുന്നു.
മൃദുലയും യുവയും വിവാഹിതരാകാൻ തീരുമാനിച്ചത് ഇരുവരുടെയും പൊതുസുഹൃത്ത് വഴി വന്ന ആലോചനയുടെ ഭാഗമായിട്ടാണ്. പലരും തുടക്കത്തിൽ ഇരുവരുടെയും പ്രണയ വിവാഹമാണെന്നാണ് കരുതിയിരുന്നത്. മകൾ ധ്വനിയെ ഗർഭിണിയായ ശേഷം മൃദുല അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു.
വളരെ കുറച്ച് നാളുകളെയായുള്ളു വീണ്ടും അഭിനയത്തിലേക്കും ഷോകളിലേക്കും തിരിച്ച് എത്തിയിട്ട്. അടുത്തിടെ മകൾക്കൊപ്പം സ്റ്റാർ മാജിക്കിൽ വന്ന് യുവയും മൃദുലയും വിശേഷങ്ങൾ പങ്കുവെച്ചതിന്റെ വീഡിയോ വൈറലായിരുന്നു.


Click it and Unblock the Notifications











