'സ്നേഹത്തിന്റെ മൃദുലമായ രൂപങ്ങളിലൊന്ന്'; ജീവിതം തിരികെ പിടിക്കാൻ സഹായിച്ചവൾ, അമേയ വന്നശേഷം ആളാകെ മാറി!
പ്രണയം മനസിൽ സൂക്ഷിക്കുന്നവരും പ്രണയിക്കുന്നവരും എല്ലാം ഒരുപോലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാലൻ്റൈൻസ് ദിനം ഇതാ തൊട്ടടുത്ത് എത്തിയിരിക്കുന്നു. കാമുകനോടോ കാമുകിയോടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയോടോ സ്നേഹവും പ്രണയവും തുറന്ന് പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രിയപ്പെട്ട അവസരമായാണ് പ്രണയദിനം അറിയപ്പെടുന്നത്.
വാലൻ്റൈൻസ് വാരത്തിലെ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ അവസാന ദിവസമാണ് വാലൻ്റൈൻസ് ദിനം. ഫെബ്രുവരി ഏഴ് മുതല്‍ 14 വരെയാണ് വാലന്റൈന്‍ വീക്കായി ആചരിക്കുന്നത്. റോസ് ഡെ, പ്രൊപ്പോസ് ഡെ, ചോക്ലേറ്റ് ഡെ, ടെഡി ഡെ, പ്രോമിസ് ഡെ, ഹഗ് ഡെ, കിസ് ഡെ എന്നിങ്ങനെ നീളുന്നു വാലന്റൈൻസ് വാരത്തിലെ ആഘോഷ പരിപാടികൾ.

സെലിബ്രിറ്റികൾ അടക്കമുള്ളവർ വാലൻ്റൈൻസ് വീക്ക് സ്പെഷ്യൽ ഫോട്ടോഷൂട്ടുകളും കുറിപ്പുകളുമെല്ലാം കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് തുടങ്ങി. അക്കൂട്ടത്തിൽ സീരിയൽ താരവും മോഡലുമെല്ലാമായ നടി അമേയ നായർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കപ്പിൾ ഫോട്ടോകളും കുറിപ്പുമാണ് വൈറലാകുന്നത്. അമേയയുടെ ആൺസുഹൃത്തും നടനുമായ ജിഷിൻ മോഹനാണ് ഫോട്ടോകളിൽ ഒപ്പമുള്ളത്.
ഇപ്പോൾ ജിഷിന്റെ ഏറ്റവും അടുത്ത സുഹൃത്തും പാട്നറുമെല്ലാം അമേയയാണ്. ഇരുവരും ഒരുമിച്ചാണ് യാത്രകൾ പോകുന്നതും ഫോട്ടോഷൂട്ട് നടത്തുന്നതുമെല്ലാം. സൗഹൃദത്തിനും മുകളിൽ ഒരു ബന്ധം ഞങ്ങൾ തമ്മിലുണ്ടെന്നും എന്നാൽ അത് വിവാഹത്തിലേക്ക് എത്തുമോ എന്നതിൽ ഇപ്പോൾ മറുപടി പറയാൻ കഴിയില്ലെന്നുമാണ് അടുത്തിടെ ഇരുവരും അഭിമുഖങ്ങളിൽ സംസാരിക്കവെ പറഞ്ഞത്.
കിസ് ഡെയിലാണ് ജിഷിനൊപ്പമുള്ള പ്രണയം നിറഞ്ഞ ഫോട്ടോകൾ അമേയ പങ്കുവെച്ചത്. നിങ്ങളുടെ മോശം ദിവസങ്ങളിൽ ആരെങ്കിലും നിങ്ങളോട് ക്ഷമ കാണിക്കുന്നുവെങ്കിൽ അത് സ്നേഹത്തിന്റെ ഏറ്റവും മൃദുലമായ രൂപങ്ങളിൽ ഒന്നാണ് എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി അമേയ കുറിച്ചത്. ജിഷിന്റെ നെഞ്ചിൽ കൈവെച്ച് നിറചിരിയുമായി നിൽക്കുന്ന അമേയയെ ഫോട്ടോകളിൽ കാണാം.
ടോബിൻ ജോസഫാണ് ചിത്രങ്ങൾ പകർത്തിയത്. ടുഗെദർ ഫോർ എവർ, ലവ് ഈസ് ലവ്, കപ്പിൾ ഗോൾസ്, പ്യൂർ ബ്ലിസ്, ലവ് യു, ഹാപ്പി ഡെ എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. പേസ്റ്റൽ യെല്ലോ ഷെയ്‍ഡിലുള്ള ഷർട്ടും പാന്റുമാണ് ജിഷിന്റെ വേഷം. വെള്ളയിൽ റോസ് നിറത്തിലുള്ള ബോഗെയ്ൻ വില്ല പൂക്കൾ പ്രിന്റ് ചെയ്ത ഷർട്ടാണ് അമേയ ധരിച്ചിരിക്കുന്നത്.

ചിത്രങ്ങൾ വൈറലായതോടെ രണ്ടുപേരും ക്യൂട്ട് ജോഡിയാണെന്നാണ് കമന്റുകൾ. നിങ്ങൾ രണ്ടുപേരും പരസ്പരം വളരെ നല്ല മാച്ചാണ്. നിങ്ങൾ രണ്ടുപേരും ഉടൻ വിവാഹിതരാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വിവാഹത്തിന് മുൻകൂർ ആശംസകൾ. നിങ്ങൾ രണ്ടുപേരും വളരെക്കാലം ഭാര്യാഭർത്താക്കന്മാരായിരിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നിങ്ങനെയും കമന്റുകളുണ്ട്. ഫോട്ടോ വൈറലായശേഷം അമേയ ജീവിതത്തിന്റെ ഭാഗമായശേഷം ജിഷിൻ ഒരുപാട് മാറിയെന്നും കമന്റുകളുണ്ട്.
കാരണം ജിഷിൻ മൂക്ക് കുത്തിയിട്ടുണ്ട്. ജിഷിന്റെ ഫാഷൻ സെൻസിലും ചിന്തകളിലും പോലും വലിയൊരു മാറ്റം കൊണ്ടുവരാൻ അമേയയുടെ സാന്നിധ്യം കാരണമായിട്ടുണ്ടെന്നതും ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. വരദയുമായുള്ള വിവാഹമോചനത്തിനുശേഷം തകർന്നുപോയെ തന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് അമേയയാണെന്നും ജിഷിൻ മുമ്പ് പറഞ്ഞിട്ടുണ്ട്.
ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. അതിന് മുകളിലേക്ക് ഒരു സ്‌നേഹബന്ധമുണ്ട്. പരസ്പരമായ ഒരു ധാരണയുണ്ട്. ഒരു ബോണ്ടുണ്ട്. പരസ്പരമുള്ള കരുതലുണ്ട്. അതിനെ പ്രണയമെന്നൊന്നും വിളിക്കാനാവില്ല. അത് വിവാഹത്തിലേക്കും പോകില്ല. ആ ബന്ധത്തിനെ എന്ത് പേരെടുത്തും വിളിച്ചോട്ടെ. പക്ഷെ അവിഹിതമെന്ന് പറയരുത്.
ഡിവോഴ്‌സിന് ശേഷമുള്ള രണ്ട് വര്‍ഷക്കാലം ഞാന്‍ കടുത്ത ഡിപ്രഷനിലായിരുന്നു. കള്ളുകുടി, കഞ്ചാവ് ഉപയോഗം തുടങ്ങി പല കാര്യങ്ങളിലോട്ടും ഞാന്‍ പോയിട്ടുണ്ട്. സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിച്ചിട്ടുണ്ട്. ഈ എല്ലാ സാധനങ്ങളില്‍ നിന്നും എനിക്ക് മോചനം വന്നത് അമേയയെ പരിചയപ്പെട്ടതിനുശേഷമാണെന്നുമാണ് മുമ്പ് ജിഷിൻ പറഞ്ഞത്.


Click it and Unblock the Notifications