ഞങ്ങളേയും കൊണ്ട് ആത്മഹത്യ ചെയ്യാൻ അമ്മ തീരുമാനിച്ചിരുന്നു, എന്നെ ചവിട്ടിയിടാൻ നോക്കിയത് സുഹൃത്തുക്കൾ; അമൃത
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായർ. ജനപ്രിയ പരമ്പരയായിരുന്ന കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം പിന്നീട് നിരവധി ഷോകളിലും മിനിസ്ക്രീനിലെ മറ്റ് പരമ്പരകളിലും വെബ് സീരിസിലുമെല്ലാം അഭിനയിച്ച് ആരാധകരെ സമ്പാദിക്കുകയായിരുന്നു. മോഡലിങ്ങിലും സജീവമായ അമൃത സോഷ്യൽമീഡിയ പേജുകളിൽ മാത്രമല്ല യുട്യൂബ് ചാനലുമായും സജീവമാണ്. ഇരുപത്തിയഞ്ചുകാരിയായ താരം ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് സീരിയൽ മേഖലയിലേക്ക് കടന്ന് വന്നത്.
അച്ഛൻ ഉപേക്ഷിച്ച് പോയ കുടുംബത്തിന് താങ്ങും തണലും ഇപ്പോൾ അമൃതയാണ്. അമ്മയും സഹോദരനും അടങ്ങുന്നതാണ് അമൃതയുടെ കുടുംബം. ഇപ്പോഴിതാ തന്റെ കുടുംബം കടന്ന് വന്ന വഴികളെ കുറിച്ചും സുഹൃത്തുകളിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളും പങ്കുവെക്കുകയാണ് സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ അമൃത നായർ. അടുത്തിടെ ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവിതം അവസാനിപ്പിച്ചതുപോലെ ഒരിക്കൽ താനും അമ്മയും സഹോദരനും ആത്മഹത്യയെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും അമൃത വെളിപ്പെടുത്തി.

സീരിയിൽ രംഗത്തേക്ക് കടന്ന് വന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയാണ് അമൃത സംസാരിച്ച് തുടങ്ങിയത്. ഫേസ്ബുക്കിൽ ഓഡീഷൻ പോസ്റ്റ് കണ്ട് ആപ്ലിക്കേഷൻ പോസ്റ്റ് അയക്കുകയായിരുന്നു. സെലക്ഷൻ കിട്ടി. അങ്ങനെയാണ് അഭിനയത്തിലേക്ക് വരുന്നത്. ഇന്റസ്ട്രിയിലേക്ക് വന്ന സമയത്ത് ഒരു മോശം അനുഭവം ഉണ്ടായിരുന്നു. ആദ്യത്തെ വർക്ക് ചെയ്യുമ്പോഴാണ് അനുഭവം ഉണ്ടായത്. തുടക്കക്കാരിയായതുകൊണ്ട് തന്നെ അഭിനയമോ ലൊക്കേഷനിൽ എങ്ങനെയാണ് പ്രവൃത്തികൾ നടക്കുന്നതെന്നോ എനിക്ക് അറിയില്ലായിരുന്നു.
ക്യാമറ പൊസിഷൻ, എങ്ങനെ നോക്കണം, തിരിയണം എന്നതൊന്നും അറിയില്ലായിരുന്നു. ഒന്ന്, രണ്ട് വലിയ ആർട്ടിസ്റ്റുകൾ ഉള്ള സെറ്റായിരുന്നു. ആക്ഷൻ പറഞ്ഞശേഷം ഞാൻ അറിയാതെ ചിരിച്ചു. അത് കണ്ട് അസോസിയേറ്റ് ഭയങ്കര മോശമായി എന്നോട് സംസാരിച്ചു. തെറി വാക്ക് ഉപയോഗിച്ചു. അന്ന് എനിക്ക് ഇരുപത് വയസ് മാത്രമേയുള്ളു. ഞാൻ കാണാനും വളരെ ചെറുതായിരുന്നു. ഒരു പെൺകുട്ടിയോട് സംസാരിക്കേണ്ട രീതിയിൽ അല്ല അയാൾ സംസാരിച്ചത്.
പിന്നീട് വന്ന് സോറി പറഞ്ഞുവെങ്കിലും എല്ലാവരുടെയും മുന്നിൽ വെച്ചാണ് അത്രയും മോശം വാക്ക് എന്നെ പറഞ്ഞത്. ആദ്യത്തെ അനുഭവം അതായിരുന്നു. ആറ്, ഏഴ് മാസം മുമ്പ് അയാളെ വീണ്ടും ഞാൻ കണ്ടിരുന്നു അമൃത പറഞ്ഞു. അടുത്തിടെ അമൃതയുടെ ട്രാൻസ്ഫോർമേഷൻ വീഡിയോ വൈറലായിരുന്നു. കോളേജ് കാലത്തെ രൂപത്തിൽ നിന്നും വലിയൊരു മാറ്റം സീരിയൽ രംഗത്ത് എത്തിയശേഷം അമൃതയ്ക്കുണ്ടായി. സ്കിൻ കെയർ ചെയ്ത് തുടങ്ങിയശേഷമാണ് രൂപത്തിൽ മാറ്റം വന്ന് തുടങ്ങിയതെന്ന് അമൃത പറയുന്നു.
അഭിനയത്തിലേക്ക് വന്നശേഷം ഭംഗിയില്ലെന്ന് പറഞ്ഞ് എനിക്ക് രണ്ട് ചാൻസുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ ഫാമിലിയെ ഇപ്പോൾ ഞാനാണ് സംരക്ഷിക്കുന്നത്. കുഴപ്പമില്ലാത്ത രീതിയിൽ ഞാൻ അവരെ നന്നായി നോക്കുന്നുണ്ടെന്നാണ് വിശ്വാസം. കഴിഞ്ഞ കുറച്ച് നാളുകളായി ഞാൻ എന്റെതായ ചില വിഷമങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. പക്ഷെ അമ്മയോട് ഞാൻ അത് പറയാറില്ല.

കാരണം പറഞ്ഞാൽ അമ്മ അത് കേട്ട് എന്നേക്കാൾ കൂടുതൽ കരയും. സിംഗിൾ പാരന്റായി ജീവിച്ച് വിഷമതകൾ അനുഭവിച്ച് ഇതിനോടകം ഒരുപാട് കരഞ്ഞിട്ടുള്ളയാളാണ് എന്റെ അമ്മ. ഒരു സ്ത്രീ ഒറ്റയ്ക്ക് രണ്ട് മക്കളേയും കൊണ്ട് സമൂഹത്തിൽ നന്നായി ജീവിച്ചാൽ മറ്റുള്ളവർ ആ സ്ത്രീ ഏറ്റവും മോശക്കാരി എന്ന രീതിയിലാണ് സംസാരിക്കുക. ബന്ധുക്കളും സുഹൃത്തുക്കളും വരെ ആ സ്ത്രീയെ നെഗറ്റീവായി ചിത്രീകരിക്കും. ആ സ്ത്രീ എത്രത്തോളം കഷ്ടപ്പെടുന്നുവെന്നതിനെ കുറിച്ച് ആരും നല്ലത് പറയില്ല. തുണി തയിച്ച് കിട്ടിയ പണം കൊണ്ടാണ് എന്റെ അമ്മ എന്നേയും അനിയനേയും പഠിപ്പിച്ചതും വളർത്തിയതും.
ഞാൻ അഞ്ച് വർഷം മുമ്പാണ് ഫാമിലി നോക്കി തുടങ്ങിയത്. ഭർത്താവില്ലാത്ത സ്ത്രീകൾക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പറ്റും. പക്ഷെ ഈ സമൂഹത്തിലെ കുറേ ആളുകൾ അവളെ മാനസീകമായി തളർത്തും. അന്നും ഇന്നും ഞങ്ങൾ വാടക വീട്ടിൽ തന്നെയാണ് താമസം. അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഒരു അമ്മ രണ്ട് പെൺകുഞ്ഞുങ്ങൾക്കൊപ്പം ആത്മഹത്യ ചെയ്തില്ലേ... ഇതുപോലെ എന്റെ അമ്മയും ആത്മഹത്യയെ കുറിച്ച് ആലോചിച്ചിട്ടുണ്ട്.
ആ മരണ വാർത്ത കണ്ടപ്പോൾ ഞാനും ആദ്യം ആലോചിച്ചത് ഞങ്ങളുടെ കാര്യമാണ്. ഞാൻ പത്തിൽ പഠിക്കുന്ന സമയത്ത് വല്ലാത്ത സാമ്പത്തീക ബുദ്ധിമുട്ടിലായിരുന്നു. ആരും സഹായിക്കാൻ ഇല്ലായിരുന്നു. എനിക്ക് പറ്റുന്നില്ല. നമുക്ക് ആരുമില്ല. ഇനി മുന്നോട്ട് നമ്മൾ ജീവിച്ചിട്ടും കാര്യമില്ല അതുകൊണ്ട് ജീവിതം അവസാനിപ്പിച്ചാലോയെന്ന് അമ്മ ഞങ്ങളോട് പറഞ്ഞു. അടുത്തൊരു റെയിൽവേ പാളം ഉണ്ടായിരുന്നു. അമ്മ എവിടെ പോയാലും ഞാനും കൂടെ വരുമെന്ന് അനിയൻ പറഞ്ഞു. എനിക്ക് മരണം പേടിയായിരുന്നു.
അതുകൊണ്ട് ഞാൻ വരുന്നില്ലെന്നും എന്നെ അമ്മൂമ്മയുടെ അടുത്താക്കിയിട്ട് നിങ്ങൾ എവിടെ വേണേലും പൊക്കോളാനുമാണ് ഞാൻ പറഞ്ഞത്. ഒരു പെണ്ണ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെങ്കിൽ അതിന് അർത്ഥം അവളുടെ മുമ്പിൽ വേറൊരു ഓപ്ഷനും ഇല്ലെന്നതാണ്. അത്രത്തോളം അവസ്ഥ വഷളായവർ മാത്രമെ ആത്മഹത്യ ചെയ്യൂ. അന്ന് ഞങ്ങളെ കുറ്റപ്പെടുത്തിയവരുടെ മുന്നിൽ ഇന്ന് ഞങ്ങൾ അന്തസായി ജീവിക്കുന്നു. അമ്മയാണ് എന്റെ ഏറ്റവും വലിയ ബലം. അച്ഛനെ എനിക്ക് മിസ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ ഹീറോ അച്ഛനായിരിക്കുമെന്ന് പൊതുവെ പറയാറുണ്ട്. പക്ഷെ എന്റെ രാഞ്ജി അമ്മയാണ്.
അച്ഛനുമായി ബന്ധപ്പെട്ടുള്ള കുത്തുവാക്കുകൾ ഒരുപാട് കേട്ടിട്ടുണ്ട്. ഒരു രൂപ പോലും വെറുതെ കളയാൻ ഞാൻ അനുവദിക്കില്ല. പണമില്ലെങ്കിൽ പട്ടിയുടെ വിലയാണ്. കാറില്ലാത്തതുകൊണ്ട് പല ഫങ്ഷൻസിനും ഞാൻ പോകാതിരുന്നിട്ടുണ്ട്. ലിഫ്റ്റ് ചോദിച്ചപ്പോൾ സുഹൃത്തുക്കൾ അതിന് തയ്യാറായില്ല. ആ വാശിയിൽ ഞാൻ ഒരു കാറെടുത്തു. പക്ഷെ ഞാൻ കാർ വാങ്ങിയപ്പോൾ ഇല്ലാത്ത ബന്ധങ്ങളൊക്കെ വന്നു. അമൃത എന്ന് പറഞ്ഞാൽ പത്ത് പേർക്കെങ്കിലും ഇപ്പോൾ അറിയാം. പൈസയ്ക്ക് പൈസ തന്നെ വേണമെന്നും അമൃത കൂട്ടിച്ചേർത്തു.
സുഹൃത്തുക്കൾ ചതിച്ച കഥയും അമൃത വെളിപ്പെടുത്തി. സീരിയൽ ഇന്റസ്ട്രിയിലേക്ക് വന്നശേഷം ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അത് ചുരുങ്ങി രണ്ടോ മൂന്നോ പേർ മാത്രമായി. ഒരു പെണ്ണിന്റെ ശത്രു മറ്റൊരു പെണ്ണാണ്. കാരണം എന്റെ അനുഭവം അങ്ങനെയാണ്. നമുക്ക് ഉയർച്ച വരുന്നത് കൂടെയുള്ളവർക്ക് ഇഷ്ടപ്പെടില്ല. എന്നെ ചവിട്ടിയിടാൻ നോക്കിയിട്ടുള്ളത് എന്റെ സുഹൃത്തുക്കൾ തന്നെയാണ്. ഇപ്പോഴും അവർ എനിക്ക് വരുന്ന വർക്കുകൾ കളയുന്നുണ്ട്. എന്നെ കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞ് പരത്തുന്നുണ്ട്. പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോകുന്നു. സുഹൃത്തുക്കളായിരുന്നവർ തന്നെ എന്നെ കുറിച്ച് ഓരോന്ന് പറഞ്ഞ് പരത്തുന്നുവെന്ന് അറിയുമ്പോൾ വിഷമം തോന്നാറുണ്ട്.
പക്ഷെ ചോദിക്കാനോ പ്രശ്നമുണ്ടാക്കാനോ പോകാറില്ല. പുറകിൽ നിന്ന് ചതിച്ചവരോടൊപ്പം ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ട്. പക്ഷെ ഞാൻ ആക്ഷനും കട്ടിനും ഇടയിൽ നിന്ന് അഭിനയിക്കും. ശേഷം മാറി എവിടെ എങ്കിലും ഇരിക്കും. എനിക്ക് വരുന്ന കഥാപാത്രങ്ങൾ മാത്രമല്ല സ്റ്റേജ് ഷോകൾ, ഉദ്ഘാടനങ്ങൾ എന്നിവ പോലും മുടക്കിയിട്ടുണ്ടെന്നും അനുഭവം പങ്കിട്ട് അമൃത പറഞ്ഞു.


Click it and Unblock the Notifications











