'നീണ്ട 20 വർഷങ്ങളുടെ യാത്ര അവസാനിക്കാൻ പോകുന്നു, യാത്രകൾ തുടർന്നുകൊണ്ടേയിരിക്കും'; ആൽബിയുടെ കുറിപ്പ്!
സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് അപ്സര രത്നാകരൻ. രണ്ട് വർഷം മുമ്പാണ് താരം സംവിധായകനും നടനുമെല്ലാമായ ആൽബി ഫ്രാൻസിസിനെ വിവാഹം ചെയ്തത്.
ഉള്ളത് പറഞ്ഞാല്‍ എന്ന സീരിയൽ സംവിധാനം ചെയ്താണ് ആല്‍ബി ഫ്രാൻസിസ് ശ്രദ്ധേയനായത്. അതേ സീരിയിലില്‍ മുഖ്യ കഥാപാത്രം ചെയ്‍തത് അപ്‍സരയാണ്. സംവിധായകൻ എന്നതിന് പുറമെ ടെലിവിഷൻ അവതാരകനുമാണ് ആല്‍ബി ഫ്രാൻസിസ്.
വളരെ വർഷങ്ങളായി ടെലിവിഷൻ രംഗത്ത് സജീവമായിട്ടുള്ള ആൽബി പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. തിരുവനന്തപുരം നഗരത്തോടുള്ള ആത്മബന്ധത്തെ കുറിച്ചാണ് കുറിപ്പിൽ ആൽബി എഴുതിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തോട് വിടപറയുകയാണെന്നാണ് താരം പറയുന്നത്.

പഠിക്കുന്ന സമയത്ത് ദൂരദർശനിൽ പകിട പകിട പമ്പരം സീരിയലിൽ എഴുത്തുകാരനായപ്പോഴാണ് തിരുവനന്തപുരത്തേക്ക് താൻ എത്തിയതെന്നും പിന്നീട് നീണ്ട ഇരുപത് വർഷങ്ങളുടെ യാത്ര അവസാനിക്കാൻ പോവുകയാണെന്നും ആൽബി കുറിപ്പിൽ പറയുന്നു.
'തിരുവനന്തപുരത്തോട് വിട പറയുകയാണ്... പഠിക്കുന്ന സമയത്ത് 2003ൽ ദൂരദർശനിൽ പകിട പകിട പമ്പരം എന്ന സീരിയലിൽ എഴുത്തുകാരനായപ്പോഴാണ് ആദ്യമായി തിരുവനന്തപുരത്ത് വരുന്നത്. അതിനുശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞാണ് കൈരളി ചാനലിലെ പ്രോഗ്രാമുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തുന്നത്.'
'അധികം വൈകാതെ തിരുവനന്തപുരത്ത് സ്ഥിരതാമസമായി. 2003ൽ കണ്ട തിരുവനന്തപുരം ഏറെ മാറിയിരിക്കുന്നു. ഇന്ന് ഞാനും... ജീവിതയാത്രയിൽ എനിക്കേറെ അനുഭവങ്ങൾ തന്ന ഈ നഗരത്തോട് വിട പറയാൻ സമയമായിരിക്കുന്നു. ജീവിതമെന്ന യാത്രയിൽ എന്നെ ഏറെക്കാലം പ്രണയിച്ച നഗരമേ നന്ദി... യാത്രകൾ തുടർന്നുകൊണ്ടേയിരിക്കും...', പുതിയ അനുഭവങ്ങൾക്കായി എന്നാണ് ആൽബി കുറിച്ചത്.
അപ്സരയുടെ വീട് തിരുവനന്തപുരത്താണ്. ചോറ്റാനിക്കര ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു അപ്സരയും ആൽബിയും ഒന്നിച്ചത്.

യുട്യൂബ് ചാനൽ വഴിയും അപ്സരയും ആൽബിയും വിശേഷങ്ങൾ പങ്കിടാറുണ്ട്. അടുത്തിടെ കുടുംബസമേതം മൂന്നാർ കാഴ്ചകൾ കാണാൻ പോയതിന്റെയും പ്രണയാർദ്രമായ ചിത്രങ്ങൾ പകർത്തിയതിന്റെയും വിശേഷങ്ങൾ ഇരുവരും സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. ഇതുവരെ 23 സീരിയലുകളിൽ അപ്സര അഭിനയിച്ചു.
കുറേ ടിവി പരിപാടികളുടെയും ഭാഗമായി. 'കൈരളി ടിവിയിൽ പ്രോഗ്രാം ഹെഡ് ആയ ഉണ്ണി ചെറിയാൻ സാറാണ് നാലഞ്ച് വർഷം മുമ്പ് ഉള്ളത് പറഞ്ഞാൽ എന്ന വർക്കിനെ കുറിച്ച് പറഞ്ഞത്. ചെല്ലുമ്പോൾ ലൈവ് റെക്കോർഡിങാണ്. സംവിധായകനായ ആൽബി ഫ്രാൻസിസിനെ മുമ്പെ പരിചയമുണ്ട്. ലൈവ് റെക്കോർഡിങ്ങിന് വേണ്ടി സീനുകൾ പല ടേക്കെടുത്ത് ആകെ മടുപ്പ് തോന്നിയപ്പോൾ ഉണ്ണി സാറിനെ തന്നെ വിളിച്ചു. ഡയറക്ടർ സ്ക്രിപ്റ്റ് വായിക്കാൻ സമയം തരുന്നില്ലെന്ന് പരാതി പറയാൻ.'
'അതോടെ ആൽബി ചേട്ടന് ദേഷ്യമായി. പക്ഷെ പതിയെപ്പതിയെ എനിക്ക് കഥാപാത്രം പിടികിട്ടി. പരാതികൾ മാഞ്ഞുപോയി. ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ചേട്ടൻ പറഞ്ഞു സ്ക്രിപ്റ്റ് അതുപോലെ പറയണമെന്നില്ല. അപ്സരയ്ക്ക് മനസിലായതുപോലെ ചെയ്താൽ മതിയെന്ന്. അതോടെ ഞങ്ങൾ സുഹൃത്തുക്കളായി. ഒരു ദിവസം ആൽബി ചേട്ടൻ വിളിച്ച് ടിവി നോക്കാൻ പറഞ്ഞു. സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിക്കുന്നു.'
'എനിക്ക് മികച്ച നടിക്കും ചേട്ടന് മികച്ച സംവിധായകനുമടക്കം നാല് അവാർഡ്സ് ആ സീരിയലിന് ലഭിച്ചു. ഷൂട്ടിങ് അവസാനിച്ചിട്ടും സൗഹൃദം തുടർന്നു. അങ്ങനെ ഒരു ദിവസമാണ് എങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ എന്ന് ആൽബി ചേട്ടൻ ചോദിച്ചത്', എന്നാണ് ആൽബിയുമായുള്ള പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ അപ്സര പറഞ്ഞത്.


Click it and Unblock the Notifications