'അമ്മ ഒന്നുകൂടി സുന്ദരിയായല്ലോ..., ഓരോ നിമിഷവും ആസ്വദിക്കുന്നു'; അമേരിക്കയിൽ അർച്ചനയുടെ മകൻ അയാന് നൂലുകെട്ട്!
പ്രേക്ഷകരുടെ മനസിൽ എന്നേക്കും സ്ഥാനം പിടിക്കാൻ വാരിവലിച്ച് അഭിനയിക്കേണ്ടതില്ലെന്നും വൃത്തിയായി ഒരു കഥാപാത്രം അവതരിപ്പിച്ചാൽ മതിയെന്നും തെളിയിച്ച നടിയാണ് അർച്ചന സുശീലൻ. എന്റെ മാനസപുത്രിയിലെ ഗ്ലോറിയായി കരിയർ ബെസ്റ്റ് പെർഫോമൻസാണ് അർച്ചന ചെറുപ്രായത്തിൽ തന്നെ കാഴ്ചവെച്ചത്. അവിടെ നിന്ന് അങ്ങോട്ട് നിരവധി സീരിയലുകളുടെയും ഷോകളുടെയും ഭാഗമായി അർച്ചന. എന്നാൽ ഇപ്പോഴും അർച്ചനയോട് ഗ്ലോറി എന്ന് വിളിച്ചാണ് പ്രേക്ഷകർ സ്നേഹം പ്രകടിപ്പിക്കുന്നത്.
അത്രയും മികവോടെയാണ് അർച്ചന ഗ്ലോറിയായി പകർന്നാട്ടം നടത്തിയത്. ഗ്ലോറിയെ വെറുത്ത പ്രേക്ഷകർ അർച്ചനയേയും അൽപ്പസ്വൽപ്പം അക്കാലത്ത് വെറുത്തിരുന്നു. എങ്കിലും അർച്ചനയുടെ പ്രകടനത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ബിഗ് ബോസിലൂടെ വീണ്ടും അർച്ചന തിരിച്ചെത്തിയപ്പോഴാണ് പ്രേക്ഷകർ ശരിക്കും ഞെട്ടിയത്.

ഈ പാവം പെണ്ണാണോ ഇക്കണ്ട വില്ലത്തരമെല്ലാം കാണിച്ചുകൂട്ടിയത് എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. ബിഗ് ബോസിൽ താരം മത്സരാർത്ഥിയായി വന്നശേഷം യഥാർത്ഥ അർച്ചന എങ്ങനെയാണെന്ന് പ്രേക്ഷകർക്ക് മനസിലാക്കാൻ പറ്റി. മുപ്പത്തിനാലുകാരിയായ അർച്ചന എന്നാൽ ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ബിഗ് ബോസിൽ നിന്നും തിരികെ എത്തിയശേഷം അർച്ചനയുടെ വിവാഹബന്ധം തകർന്നിരുന്നു.
പിന്നീട് സിംഗിൾ ലൈഫ് നയിക്കുകയായിരുന്ന അർച്ചന ഒരു വർഷം മുമ്പാണ് വിവാഹിതയായത്. ഏറെനാൾ ഡേറ്റ് ചെയ്തശേഷമാണ് അമേരിക്കയിൽ സെറ്റിൽഡായ പ്രവീണുമായുള്ള അർച്ചനയുടെ വിവാഹം നടന്നത്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് പ്രവീണും അർച്ചനയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
വിവാഹവും അമേരിക്കയിൽ വെച്ചായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് മറ്റൊരു വലിയ സന്തോഷം കൂടി അർച്ചനയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അത് മറ്റൊന്നുമല്ല. ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നുവെന്നതാണ് ആ സന്തോഷം. പൊതുവെ സെലിബ്രിറ്റികൾ കുഞ്ഞുങ്ങൾ പിറന്ന ഉടനെ അവരുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറില്ല.
എന്നാൽ കുഞ്ഞ് പിറന്ന് ദിവസങ്ങൾക്കുള്ളിൽ മകന്റെ ചിത്രവും പേരും അർച്ചന വെളിപ്പെടുത്തി. ഇപ്പോഴിതാ കേരളത്തനിമയോടെ നടന്ന കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് അർച്ചന സുശീലൻ. അയാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിയ്ക്കുന്നത്.

വലിയ ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ ചെറിയൊരു ചടങ്ങായിട്ടാണ് അമേരിക്കയിലെ വീട്ടിൽ മകന്റെ നൂലുകെട്ട് താരവും ഭർത്താവും നടത്തിയതെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. കുഞ്ഞ് അയാനെ കസവ് മുണ്ട് ഉടുപ്പിച്ച് ചന്ദനക്കുറിയൊക്കെ തൊടുവിച്ച് ട്രഡീഷണല്‍ രീതിയിലാണ് ചടങ്ങുകള്‍ക്കായി അർച്ചന ഒരുക്കിയത്. കസവ് മുണ്ടും കറുത്ത കുർത്തയും ചന്ദനകുറിയുമായിരുന്നു പ്രവീണിന്റെ വേഷം.
കേരള സാരിയിൽ നാടൻ പെണ്ണായാണ് അർച്ചന എത്തിയത്. കമന്റുകളിൽ ഏറെയും അർച്ചനയുടെ സൗന്ദര്യത്തെ പ്രശംസിച്ചുള്ളതാണ്. പ്രസവശേഷം അർച്ചന കൂടുതൽ സുന്ദരിയായി എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. ഡ്രസ് കോഡും ഫാമിലി ഫോട്ടോയും അതി മനോഹരമെന്നും കമന്റുകളുണ്ട്. അർച്ചനയുടെ പ്രസവം അടുത്തപ്പോൾ താരത്തിന്റെ കുടുംബം അമേരിക്കയിൽ എത്തിയിരുന്നു.
നൂലുകെട്ട് അടക്കം അമേരിക്കയിൽ വെച്ച് നടത്തിയതിനാൽ ഇനി നാട്ടിലേക്ക് ഉടനെ വരില്ലേയെന്ന ചോദ്യങ്ങളും ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നുണ്ട്. വിവാഹശേഷം അർച്ചന നാട്ടിലേക്ക് അധികം വന്നിട്ടില്ല. അർച്ചനയുടെ ബന്ധുവായ നടി ആര്യ ബഡായി അടക്കം കുഞ്ഞ് അയാനെ കാണാനുള്ള ആവേശത്തിലാണ്. അർച്ചനയുടെ സഹോദരന്റെ മുൻഭാര്യയായിരുന്നു ആര്യ.
ഇരുവർക്കും ഒരു മകളുണ്ട്. വിവാഹമോചനം നേടിയെങ്കിലും അർച്ചനയുടെ കുടുംബവുമായി ആ സൗഹൃദം ഇപ്പോഴും ആര്യ കാത്തുസൂക്ഷിക്കുന്നുണ്ട്. കുഞ്ഞ് അയാൻ അമ്മയുടെ കോപ്പിയാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.


Click it and Unblock the Notifications











