'കൈയും കാലും വെട്ടി അര ജീവനോടെ നിരങ്ങി ജീവിക്കാൻ ഇവനെ വിടാൻ ആർക്കെങ്കിലും കഴിയുമോ?'; നടി അശ്വതി!
ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ നടുക്കത്തിലാണ് കേരളം. കഴിഞ്ഞ ദിവസം കാണാതായ കുട്ടിയെ സുരക്ഷിതമായി കണ്ടെത്താനാകണമേയെന്ന പ്രാർത്ഥനയിലായിരുന്നു എല്ലാവരും.
എന്നാൽ എല്ലാ കാത്തിരിപ്പുകളും വിഫലമാക്കി ആലുവ മാർക്കറ്റിന് സമീപം ചാക്കിൽ കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകളെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.
തായിക്കാട്ടുകര ഗാരേജ് റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു കുടുംബം താമസിച്ചത്. രക്ഷിതാക്കൾ ജോലിക്ക് പോയപ്പോൾ വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെയും കൂട്ടി ഒരാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു. ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി.

കുട്ടി ഒരാളോടൊപ്പം പോകുന്നത് കണ്ടെന്ന് ഒരു കടക്കാരനും അറിയിച്ചിരുന്നു. കുട്ടിക്ക് നൽകാൻ ജ്യൂസ് വാങ്ങിയാണ് ഇയാൾ പോയത്. പിന്നാലെ കുട്ടിയേയും കൂട്ടി റോഡ് മുറിച്ച് നടന്നുപോകുന്ന ദൃശ്യങ്ങളും സിസിടിവിയിലുണ്ടായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവിയിൽ കണ്ട അസം സ്വദേശിയായ അസ്ഫാക് ആലത്തെ കസ്റ്റഡിയിലെടുത്തു. ആലുവ തോട്ടക്കാട്ടുകര ഭാഗത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തതോടെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
വാർത്ത പുറത്ത് വന്നത് മുതൽ കുട്ടിയുടെ മരണത്തിൽ പ്രതിഷേധം അറിയിച്ച് സിനിമാതാരങ്ങൾ വരെ രംഗത്ത് വരുന്നുണ്ട്. പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്നാണ് കുഞ്ഞുമായി ബന്ധപ്പെട്ട വാർത്തകൾക്ക് വരുന്ന കമന്റുകൾ.
കേരളത്തിന്റെ അവസ്ഥ ദിനംപ്രതി വളരെ മോശമായി മാറുന്നുവെന്നും ഇവിടെ ജീവിക്കാൻ ഭയമാകുന്നുവെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. കഴിഞ്ഞ ദിവസം രാത്രി മുതൽ സെലിബ്രിറ്റികളുടെ സോഷ്യൽമീഡിയ പേജുകളിലും കുഞ്ഞിനെ കാണാനില്ലെന്ന് അറിയിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാവരും കുഞ്ഞിനെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
പക്ഷെ നേരം പുലർന്ന് കുറച്ച് സമയത്തിനകം കുഞ്ഞിന്റെ മരണവാർത്തയാണ് പുറത്ത് വന്നത്. പിഞ്ചുകുഞ്ഞിനെ ഇല്ലാതാക്കിയ പ്രതിക്കെതിരെ സീരിയൽ താരം അശ്വതി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ അശ്വതി അമ്മ എന്ന സ്ഥാനത്ത് നിന്ന് അഞ്ച് വയസുകാരിയുടെ മരണം ഉൾക്കൊള്ളാൻ തനിക്ക് ആകുന്നില്ലെന്ന് സോഷ്യൽമീഡിയയിൽ കുറിച്ചു.
'പൊന്നുമോളെ... നിന്റെ ഫോട്ടോ ഇട്ട് ഒരു ആദരാഞ്ജലി പറഞ്ഞ് ഒഴിവാക്കി വിടാൻ എന്നിലെ അമ്മക്ക് കഴിയുന്നില്ല. പകരം ഇവന്റെ ഫോട്ടോ ഇട്ട് കൊണ്ട് ഞാൻ ചോദിക്കട്ടെ..? ആരെങ്കിലും ഒരാൾക്ക് ഇവനെ തല്ലി കൈയും കാലും വെട്ടി കളഞ്ഞ് അര ജീവനോടെ നിരങ്ങി ബാക്കിയുള്ള ജീവിതം ജീവിച്ച് തീർക്കാൻ വിടാൻ ആരെ കൊണ്ടെങ്കിലും കഴിയുമോ..?', എന്നാണ് അശ്വതി കുറിച്ചത്.

നിരവധി പേർ അശ്വതിയുടെ കുറിപ്പിനെ അനുകൂലിച്ചു. കഠിനമായ ശിക്ഷ രാജ്യത്ത് ഇല്ലാത്തതാണ് ഇത്തരം തെറ്റുകൾ ആവർത്തിക്കപ്പെടാൻ കാരണമെന്നും കമന്റുകളുണ്ട്. കുട്ടിയുടെ മരണത്തിൽ ഗായകൻ ജി.വേണുഗോപാലും പ്രതിഷേധിച്ച് എത്തി. 'പത്രങ്ങളും ടിവിയും തുറക്കാൻ ഭയമായിത്തുടങ്ങിയിരിക്കുന്നു. കാട്ട് ജീവികളായി വസിച്ചിരുന്ന കാലത്തെ തലയ്ക്ക് തല, കണ്ണിന് കണ്ണെന്ന സ്വാഭാവിക നീതി എടുത്ത് മാറ്റി പരിഷ്കൃതമായ നിയമ പരിരക്ഷ കൊണ്ടുവന്നിട്ട് നൂറ്റാണ്ടുകളായി.'
'മുങ്ങി മുങ്ങി താഴുന്ന നീതി വ്യവസ്ഥ മനുഷ്യരിൽ കലാപവാസനയാണ് കുത്തി നിറയ്ക്കുന്നത്. ഓരോ കുറ്റവാളിയെയും തെളിവെടുപ്പിനടുപ്പിക്കുവാൻ പോലും പോലീസിനാകാത്തത് ഭരണത്തിലും പോലീസിലും ജുഡീഷ്യറിയിലുമുള്ള പൊതുജനത്തിൻ്റെ അവിശ്വാസമായി കണക്കാക്കേണ്ടി വരും.'
'മറുനാടൻ തൊഴിലാളികളെ അതിഥികളായി സ്വീകരിക്കുന്നവരാണ് മലയാളികൾ. നമ്മുടെ അലിവും സഹനശക്തിയുമൊന്നും നഷ്ടപ്പെടാതിരിക്കട്ടെ. നമ്മുടെ മനസുകളെന്നും അന്യരെ ചേർത്ത് പിടിച്ചിട്ടെയുള്ളൂ. ഏത് ദുരിതത്തിനിടയിലും നമ്മുടെ വിരൽ തുമ്പുകൾ അവരുടെ കണ്ണുനീരൊപ്പിയിട്ടേയുള്ളൂ.'
'അന്യദേശ അതിഥി തൊഴിലാളികളായ ആ അച്ഛനുമമ്മയ്ക്കും നമ്മുടെ പരിചരണം ആവശ്യമാണ്. ഇതിനിടയിൽ അത് മറക്കണ്ട. ആ കൊച്ചുമോളുടെ ചിരിച്ച മുഖം അവൾ നേരിട്ട ക്രൂരത നടുക്കുന്നു... കണ്ണീറനാക്കുന്നു' എന്നാണ് ജി.വേണുഗോപാൽ കുറിച്ചത്.


Click it and Unblock the Notifications