'സൈബർ ബുള്ളിയിങ് പീക്കിലെത്തിയപ്പോൾ പാനിക്കായി... ബിപി കൂടി എനിക്ക് ഗുളിക വരെ കഴിക്കേണ്ടി വന്നു'; ഗായത്രി!
ഒട്ടേറെ സീരിയൽ വേഷങ്ങൾ കൊണ്ടും സിനിമ കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് ഗായത്രി. ലാല്‍ ജോസ് ഒരുക്കിയ ദിലീപ് ചിത്രം മീശമാധവനിലെ സരസു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗായത്രിയായിരുന്നു. നടിയുടെ മുഖം കാണുമ്പോൾ പ്രേക്ഷകർക്ക് ആദ്യം ഓർമ വരുന്നതും സരസുവിനെയാണ്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സരസുവിന് ലഭിച്ച അത്രത്തോളം റീച്ച് മറ്റൊരു കഥാപാത്രവും ഗായത്രിക്ക് നേടി കൊടുത്തിട്ടില്ല. ഇപ്പോൾ താരം സീരിയലുകളാണ് കൂടുതലായും ചെയ്യുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഗായത്രി നടത്തിയൊരു പ്രസംഗം വലിയ രീതിയിൽ ചർച്ചയായിരുന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുള്ളതായിരുന്നു ഗായത്രിയുടെ പ്രസംഗം. സീരിയലുകളിലെ ജാതീയതയും വിവേചനവും പറഞ്ഞാണ് ഗായത്രി സംസാരിച്ച് തുടങ്ങിയത്.
ആറ് മണി മുതല്‍ പത്ത് മണി വരെ സംപ്രേഷണം ചെയ്യുന്ന സീരിയലുകളില്‍ ന്യൂനപക്ഷക്കാരന്റെയോ ദലിതന്റെയോ മുസ്ലീമിന്റെയോ കഥ പറയുന്നുണ്ടോയെന്നും പ്രസംഗത്തിനിടെ ഗായത്രി ചോദിച്ചിരുന്നു.

നവകേരളസദസിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തില്‍ നടത്തിയ പ്രസംഗത്തിലാണ് നടിയുടെ പരാമര്‍ശം ഉണ്ടായത്. നവകേരള യാത്രയെ പ്രശംസിച്ചുകൊണ്ടാണ് ഗായത്രി പ്രസംഗം അവസാനിപ്പിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സൈബർ ആക്രമണവും ഗായത്രിക്ക് നേരെ ഉണ്ടായി.
സൈബർ ബുള്ളിയിങ് പീക്കിലെത്തിയപ്പോൾ പാനിക്കായി ബിപി കൂടി തനിക്ക് ഗുളിക വരെ കഴിക്കേണ്ടി വന്നു എന്നാണ് മീഡിയ വണ്ണിന് നൽകിയ പുതിയ അഭിമുഖത്തിൽ ഗായത്രി പറയുന്നത്. 'മിനിഞ്ഞാന്ന് ഉച്ചയായപ്പോൾ സൈബർ ബുള്ളിയിങ് തുടങ്ങി വൈകീട്ടായപ്പോഴേക്കും അതിന്റെ പീക്കിലെത്തി. ആ സമയം ഞാനും പാനിക്കായി. കാരണം ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്.'
'നമ്മുടെ പഠനത്തേയും വായനയേയും സാംസ്കാരിക ഇടങ്ങളിലേക്കുള്ള നമ്മുടെ എത്തി നോട്ടങ്ങളെയാണ് ക്വസ്റ്റ്യൻ ചെയ്യുന്നത്. ഒരു അവിഹിതം കാണുന്ന കാഴ്ചപ്പാടോട് കൂടി നമ്മുടെ വലിയ എത്തി നോട്ടങ്ങളെ വക്രീകരിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു സെൽഫ് എസ്റ്റീമിന് നേരെ അയ്യേ... ഈ സമൂഹത്തിലാണല്ലോ ഞാനിത് പറഞ്ഞതെന്ന തോന്നൽ എനിക്കുണ്ടായി... ബിപി കൂടി. എനിക്ക് ഗുളിക കഴിക്കേണ്ടി വന്നു.'
'അതേസമയം ഫോൺ എടുത്ത് നോക്കിയപ്പോൾ ഇടതുപക്ഷ ഹൃദയപക്ഷമുള്ള അമേരിക്കയിൽ നിന്ന് വരെയുള്ള പ്രവാസികൾ എനിക്ക് സപ്പോർട്ട് പറഞ്ഞ് വോയിസ് മെസേജും പോസ്റ്റും ഒക്കെ വന്നു. ഗൾഫിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരെ ഇടതുപക്ഷ വിശ്വാസികളായിട്ടുള്ളവർ എന്നെ ചേർത്ത് പിടിച്ച് കരുതൽ കാണിച്ചു.'

'തുറന്ന് പറഞ്ഞതുകൊണ്ട് ഇന്റസ്ട്രിയിൽ നിന്ന് തിരിച്ച് അടിയുണ്ടാകും. നട്ടെല്ല് നിവർന്ന് ഇവിടെ നിൽക്കാൻ പറ്റില്ല. ഒരുപാട് ചാനലുകളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ പല ജേർണലിസ്റ്റുകളെയും പരിചയമുണ്ട്.'
'അവരെല്ലാം എന്നെ വിളിച്ച് പറഞ്ഞത് അടുത്ത് വന്നൊരു ഷേക്ക് ഹാന്റ് തരണമെന്നുണ്ടെന്നാണ്. തങ്ങൾ അനുഭവിക്കുന്ന പ്രഷറാണ് നിങ്ങൾ പറഞ്ഞതെന്നാണ് അവരെല്ലാം എന്നോട് പറഞ്ഞത്. പക്ഷെ അവർക്ക് പറയാൻ പറ്റില്ല.'
'കാരണം പറഞ്ഞാൽ നാളെ വീട്ടിൽ പട്ടിണിയാകും. ഒരു തൊഴിൽ ഇല്ലാതെയാകും. സൈബർ ബുള്ളിയിങ് ചെയ്യുന്നവർ ശമ്പളം വാങ്ങി അടിമകളെ പോലെ പണിയെടുക്കുന്നവരാണ്', എന്നാണ് സൈബർ ബുള്ളിയിങിനെതിരെ പ്രതികരിച്ച് ഗായത്രി പറഞ്ഞത്.


Click it and Unblock the Notifications











