'ഹലോ സിനിമയിലെ ചേച്ചി എന്നാണ് പലരും കാണുമ്പോൾ വിളിക്കാറുള്ളത്, ഒരു ഫോട്ടോയെടുക്കണമെന്ന തോന്നൽ പോലും വന്നില്ല'
ദൂരദർശൻ കാലം മുതൽ ഇങ്ങോട്ട് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് നടി ഇന്ദുലേഖയുടേത്. മൂന്നര വയസ് മുതൽ ഡാൻസ് പഠിക്കുന്ന ഇന്ദുലേഖ വളരെ യാദൃശ്ചികമായാണ് സീരിയൽ ലോകത്ത് എത്തിപ്പെട്ടത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഹീറോസ് എന്ന സീരിയലിലേക്ക് ഇന്ദുലേഖയ്ക്ക് അവസരം ലഭിക്കുന്നത്. പിന്നീട് നിരവധി ടെലിഫിലിമുകളുടെയും മെഗാസീരിയലുകളുടെയും ഭാഗമായ ഇന്ദുലേഖ ഇതുവരെ എഴുപത്തഞ്ചോളം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ചു.
പ്രതിസന്ധികളെ തരണം ചെയ്ത് വന്ന ജീവിതമാണ് ഇന്ദുലേഖയുടേത്. ജീവിതം കടന്നുപോയ പ്രതിസന്ധി കാലത്തെ കുറിച്ച് അടുത്തിടെ ഒരു ഷോയിൽ ഇന്ദുലേഖ തുറന്ന് പറഞ്ഞത് വൈറലായിരുന്നു. ഇന്ദുലേഖയെ ബിഗ് സ്ക്രീൻ പ്രേക്ഷകർ ഓർക്കുന്നത് മോഹൻലാൽ ചിത്രമായ ഹലോയിൽ അശോകന്റെ ഭാര്യ വേഷത്തിലൂടെയാകും. വലിയ ഡയലോഗുകൾ ഒന്നുമില്ലാതെ ഒറ്റ സീനിൽ മാത്രമെ ഹലോയിൽ ഇന്ദുലേഖ അഭിനയിച്ചിട്ടുള്ളു.

പക്ഷെ സിനിമ പുറത്തിറങ്ങി വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും ഏറെ വൈറലാകുന്ന ഒരു കോമഡി രംഗമാണ് ഇന്ദുലേഖ കൂടി ഭാഗമായ ഹലോയിലെ സീൻ. ആ സീനിൽ അഭിനയിച്ചതുകൊണ്ട് തന്നെ താരത്തിന്റെ പേര് അറിയാത്തവർ ഹലോ സിനിമയിലെ ചേച്ചിയെന്ന് വിളിച്ചാണ് സ്നേഹം പ്രകടിപ്പിക്കാൻ എത്തുന്നതെന്ന് ഇന്ദുലേഖ പറയുന്നു. പുതിയ മായമ്മയുടെ പ്രമോഷൻ തിരക്കുകളിലാണ് ഇന്ദുലേഖ ഇപ്പോൾ.
പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാനായി സ്റ്റോർക്ക് മാജിക്കെന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ഹലോ സിനിമയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് ഇന്ദുലേഖ സംസാരിച്ചു. മുഴുനീള വേഷങ്ങൾ സിനിമയിൽ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും ഹലോയിലേത് പോലുള്ള കഥാപാത്രങ്ങൾ ക്ലിക്കാകുന്നതും സംതൃപ്തി നൽകുന്നുണ്ടെന്നും ഇന്ദുലേഖ പറയുന്നു.
'മായമ്മ എനിക്ക് വളരെ പ്രിയപ്പെട്ട സിനിമയാണ്. ഒരു ബ്രേക്കിനുശേഷം ഒരു മുഴുനീള വേഷം ചെയ്ത സിനിമയാണ്. തമ്പുരാട്ടിയായിട്ടുള്ള സ്ത്രീയുടെ കഥാപാത്രമാണ് ചെയ്യുന്നത്. ഒരുപാട് ഇമോഷൻസിലൂടെ കടന്നപോകുന്ന സിനിമയാണ്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയതാണ്. ദുരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലിലൂടെയാണ് തുടക്കം.'
'മുപ്പത് വർഷത്തിലേറെയായി അഭിനയരംഗത്തുണ്ട്. ഹലോയിലെ കഥാപാത്രം ഇത്രത്തോളം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല. എന്റെ പേര് പലർക്കും അറിയില്ല അതുകൊണ്ട് തന്നെ ഹലോ സിനിമയിലെ ചേച്ചി എന്നാണ് പലരും കാണുമ്പോൾ വിളിക്കാറുള്ളത്. പ്രസവം കഴിഞ്ഞ സമയത്ത് ചെയ്ത സിനിമയാണ്. ഒന്ന്, രണ്ട് മണിക്കൂർ കൊണ്ട് എന്റെ സീനിന്റെ ഷൂട്ട് കഴിഞ്ഞു. ലാലേട്ടനൊപ്പം ആദ്യമായി അഭിനയിച്ചത് ഹലോയിലാണ്.'

'അതിന് മുമ്പ് വനിത മാഗസീൻ കവർ പേജിനുവേണ്ടി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് പോരുമ്പോൾ ലാലേട്ടനൊപ്പം ഒരു ഫോട്ടോയെടുക്കണമെന്ന തോന്നൽ പോലും എനിക്ക് വന്നില്ല. അത് മിസ് ചെയ്തല്ലോയെന്ന് ഇപ്പോൾ ഇടയ്ക്കിടെ തോന്നാറുണ്ട്. അതുപോലെ പാണ്ടിപ്പടയിലെ എന്റെ സീനുകളും ആളുകൾ തിരിച്ച് അറിയാറുണ്ട്.'
'മുഴുനീള വേഷം സിനിമയിൽ ചെയ്യണമെന്ന മോഹം എപ്പോഴും ഉണ്ടാകാറുണ്ട്. അതുപോലെ ഹലോയിലെ പോലുള്ള സീനുകൾ ചെയ്ത് ക്ലിക്കാകുമ്പോഴും സന്തോഷം തോന്നാറുണ്ട്. ഉർവശി ചേച്ചി നിർമ്മിക്കുന്ന ഒരു സിനിമയിൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പലരുടെയും അഭിപ്രായത്തിന് അനുസരിച്ചാണ് സീരിയലുകൾ ചെയ്യുന്നത്. അതുകൊണ്ട് തന്നെ അതിന്റേതായ വ്യത്യാസം സീരിയലുകൾക്കുണ്ടെന്നും', ഇന്ദുലേഖ പറയുന്നു.
എംബിഎ ബിരുദധാരിയായ ഇന്ദുലേഖ ഇടക്കാലത്ത് ഏതാനും ബാങ്കുകളിലും ജോലി ചെയ്തിരുന്നു. സ്വപ്നം കണ്ട് എത്തിപ്പെട്ടതല്ല അഭിനയത്തിൽ യാദൃശ്ചികമായി സംഭവിച്ചതാണ്. കുറച്ച് നാളുകൾക്ക് മുമ്പാണ് താരത്തിന്റെ ഭർത്താവ് അസുഖ ബാധിതനായി മരിച്ചത്. ഉണ്ണിമായ എന്നൊരു മകളാണ് ഇന്ദുലേഖയ്ക്ക് ഉള്ളത്.


Click it and Unblock the Notifications











