'വർഷങ്ങൾക്ക് ശേഷമാണ് ഒരുമിച്ച് കൂടുന്നത്'; അമൃതയും വർഷയും അർജുനും വീണ്ടും ഒരുമിച്ചപ്പോൾ, വീഡിയോയുമായി മേഘ്ന!
ഏഷ്യാനെറ്റിൽ നാല് വർഷത്തോളം വിജയകരമായി സംപ്രേഷണം ചെയ്ത സീരിയലായിരുന്നു ചന്ദനമഴ. മലയാളികളുടെ സ്വീകരണ മുറികളിൽ ചന്ദനമഴ എത്താൻ തുടങ്ങിയത് 2014 മുതലായിരുന്നു. ഏഷ്യാനെറ്റ് ചാനലിനെ റേറ്റിംഗിൽ മുന്നിൽ നിർത്താൻ അക്കാലത്ത് പ്രധാന പങ്ക് വഹിച്ച സീരിയലുകളിൽ ഒന്ന് കൂടിയായിരുന്നു ചന്ദനമഴ.
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചന്ദനമഴ സീരിയൽ. ചെറുപ്പക്കാരിയും നിഷ്കളങ്കയുമായ പെൺകുട്ടി അമൃതയുടെ വീക്ഷണകോണിലൂടെയാണ് സീരിയൽ കഥ പറഞ്ഞ് പോയത്.
സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ അമൃതയെ അവതരിപ്പിച്ച മേഘ്‌ന വിൻസെന്റിനും ഊർമിളാദേവിയെ അവതരിപ്പിച്ച തമിഴ് നടിയും നർത്തകിയുമായ രൂപശ്രീയ്ക്കും ആരാധകർ ഏറെയാണ്. ചന്ദനമഴയ്ക്ക് മുമ്പും ശേഷവും മേഘ്ന നിരവധി സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും ആരാധകർക്ക് മേഘ്ന അന്നും ഇന്നും ഊർമിളദേവിയുടെ പാവം മരുമകൾ അമൃത തന്നെയാണ്.

സീ കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലാണ് മേഘ്ന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നല്ലൊരു നർത്തകി കൂടിയായ മേഘ്നയ്ക്കൊപ്പം ചന്ദനമഴയിൽ മറ്റൊരു പ്രധാന കഥാപാത്രം ചെയ്തിരുന്നത് ശാലു കുര്യൻ ആയിരുന്നു. തുടക്കത്തിൽ ശാലുവിന്റെ വർഷ എന്ന കഥാപാത്രം വില്ലത്തിയായിരുന്നുവെങ്കിലും പിന്നീട് വർഷയെന്ന കഥാപാത്രത്തിനും ആരാധകരുണ്ടായി.
സീരിയലുകൾ നിരന്തരമായി കാണാത്തവർ പോലും ഒരു സീരിയലിന്റെ പേര് പറയാൻ പറഞ്ഞാൽ ആദ്യം പറയുക ചന്ദനമഴ എന്നായിരിക്കും. അത്രത്തോളം പോപ്പുലാരിറ്റി ഉണ്ടാക്കിയെടുക്കാൻ ചന്ദനമഴ എന്ന സീരിയലിനും കഥാപാത്രങ്ങൾക്കും സാധിച്ചിട്ടുണ്ട്.
ചന്ദനമഴ സീരിയൽ കഴിഞ്ഞതോടെ അഭിനേതാക്കളെല്ലാം പലവഴിക്ക് പിരിഞ്ഞു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ചന്ദനമഴ ടീം വീണ്ടും ഒത്തുകൂടിയിരിക്കുകയാണ്. മേഘ്നയാണ് സ്വന്തം യുട്യൂബ് ചാനൽ വഴി പഴയ സഹപ്രവർത്തകരെ വീണ്ടും കണ്ട സന്തോഷം പങ്കുവെച്ചത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർട്ട് മ്യൂസിക്ക് എന്ന പരിപാടിയുടെ വരാൻ പോകുന്ന എപ്പിസോഡിൽ പങ്കെടുക്കുന്നവരിൽ ഒരു ടീം ചന്ദനമഴ സീരിയലിലെ താരങ്ങളാണ്. അതിൽ പങ്കെടുക്കാൻ വന്നതിന്റെ ഭാഗമായാണ് വീണ്ടും പഴയ സഹപ്രവർത്തകർക്കൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ മേഘ്നയ്ക്ക് അവസരം ലഭിച്ചത്.

തന്റെ സഹോദരി വർഷയായി അഭിനയിച്ച ശാലു കുര്യനെയാണ് വീഡിയോയിൽ ആദ്യം മേഘ്ന പരിചയപ്പെടുത്തിയത്. ശാലുവിനെ കാണാറുണ്ടോ സംസാരിക്കാറുണ്ടോ എന്നുള്ള ചോദ്യം താൻ നിരന്തരം കാണാറുണ്ടെന്നും ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം തങ്ങൾ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണെന്നുമാണ് ശാലുവിനെ വീഡിയോയൽ ഉൾപ്പെടുത്തി മേഘ്ന പറഞ്ഞത്.
വർഷങ്ങൾക്ക് ശേഷമാണ് തങ്ങൾ ഒരുമിച്ചിരുന്ന് മേക്കപ്പ് ചെയ്യുന്നതെന്നും വീഡിയോയിൽ മേഘ്ന പറഞ്ഞു. ശേഷം അമൃതയുടെ ഭർത്താവായി അഭിനയിച്ച സുബ്രമണിയാണ് മേഘ്നയ്ക്കൊപ്പം വിശേഷം പങ്കിട്ട് എത്തിയത്.
എന്റെ അമൃതെ... എന്ന് വിളിച്ചാണ് കണ്ടപ്പോൾ തന്നെ സുബ്രമണി വന്ന് സംസാരിച്ച് തുടങ്ങിയതെന്നും മേഘ്ന പറയുന്നു. ഞാൻ വർഷങ്ങൾക്ക് ശേഷമാണ് എന്റെ അമൃതയെ കാണുന്നത്. അർജുനേയും അമൃതയേയും ഒരുമിച്ച് വീണ്ടും കണ്ടപ്പോൾ നിങ്ങൾക്കുണ്ടായ സന്തോഷം തന്നെയാണ് വീണ്ടും എല്ലാവരുമായി ഒത്തുചേർന്നപ്പോൾ എനിക്ക് തോന്നുന്നതെന്നും സുബ്രമണി പറഞ്ഞു. ഭയങ്കര നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നുണ്ടെന്നും മേഘ്ന പറഞ്ഞു.
ചന്ദനമഴ ചെയ്തിരുന്ന സമയത്ത് പോലും ചന്ദനമഴ ടീമായി ഒരു ഷോയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്നും അത് വർഷങ്ങൾക്ക് ശേഷം സാധിക്കുമ്പോൾ സന്തോഷമുണ്ടെന്നും മേഘ്ന പറഞ്ഞു. കാതോട് കാതോരം സീരിയൽ ടീമിനൊപ്പമായിരുന്നു ചന്ദനമഴ ടീം സ്റ്റാർട്ട് മ്യൂസിക്കിൽ പങ്കെടുത്തത്. ചന്ദനമഴ സീരിയൽ അവസാനിക്കാറായപ്പോഴാണ് മേഘ്ന വിവാഹിതയായത്. ഡിംപിൾ റോസിന്റെ സഹോദരൻ ഡോണിനെയാണ് മേഘ്ന വിവാഹം ചെയ്തത്. പക്ഷെ പിന്നീട് ഇരുവരും വേർപിരിഞ്ഞു.


Click it and Unblock the Notifications