'മൂവായിരത്തിന് മുകളിൽ സാരികൾ എനിക്കുണ്ട്... പക്ഷെ ഏറ്റവും പ്രിയം ശരണ്യയുടെ കല്യാണ സാരിയോട്'; സീമ ജി നായർ!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ്. നിരവധി ആളുകൾക്കാണ് സീമ വീട് വെയ്ക്കാനും ചികിത്സയ്ക്കുമൊക്കെ സഹായം ഏർപ്പാടാക്കി കൊടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ സഹപ്രവർത്തകർക്കും എന്നും പ്രിയപ്പെട്ട ഈ സീമ ചേച്ചിയെ പറ്റി പറയാൻ വാക്കുകൾ ഏറെയാണ്. മുപ്പത്തിയേഴ് വർഷമായി സീമ അഭിനയരംഗത്തുണ്ട്.
സീരിയലുകളിൽ സജീവമായ സീമയുടെ സാരി കലക്ഷന്റെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. മൂവായിരത്തിന് മുകളിൽ സാരികളാണ് സീമയ്ക്ക് സ്വന്തമായി ഉള്ളത്. അവയിൽ ഭൂരിഭാഗവും കയ്യിൽ നിന്നും കാശ് മുടക്കി സീരിയൽ കഥാപാത്രങ്ങൾക്ക് വേണ്ടി വാങ്ങിയിട്ടുള്ളത്. ഒട്ടുമിക്ക വീട്ടമ്മമാരും സീരിയൽ കാണുന്നത് തന്നെ അതിലെ അഭിനേതാക്കളുടെ വസ്ത്രങ്ങളും ആഭരണളും കാണാൻ വേണ്ടി കൂടിയാണ്.

അതിനാൽ ഒരു സീരിയലിൽ ഉപയോഗിച്ച സാരികൾ മറ്റൊരു സീരിയലിന് ഉപയോഗിക്കാൻ സാധിക്കുകയില്ല. അങ്ങനെയാണ് ഇത്രയേറെ സാരികൾ സീമയുടെ അലമാരികളിൽ നിറഞ്ഞത്. സ്വന്തമായി മൂവായിരത്തിന് മുകളിൽ സാരികളുണ്ടെങ്കിലും സീമയ്ക്ക് പ്രിയം അന്തരിച്ച സിനിമാ-സീരിയൽ താരം ശരണ്യ ശശിയുടെ വിവാഹസാരിയാണ്. ശരണ്യയുടെ മരണശേഷം നടിയുടെ വിവാഹ സാരി സൂക്ഷിക്കാൻ ശരണ്യയുടെ അമ്മ ഏൽപ്പിച്ചത് സീമയേയാണ്.
ശരണ്യയും സീമയും തമ്മിൽ വലിയൊരു ആത്മബന്ധമാണുള്ളത്. രോഗാവസ്ഥയുടെ തുടക്കം മുതൽ മരണം വരെ ശരണ്യയുടെ എല്ലാമെല്ലാമായി സീമ എപ്പോഴും ഒപ്പമുണ്ടായിരുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സാരി കലക്ഷനെ കുറിച്ച് സീമ സംസാരിച്ചത്. ചെന്നൈയിൽ കുറേ സാരി കൊണ്ടുവെച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കുറേ സാരി വെച്ചിട്ടുണ്ട്.
അവിടേക്ക് വർക്കിന് പോകുമ്പോൾ ചുമക്കാൻ കഴിയാത്തതിനാലാണ് ഓരോ സ്ഥലങ്ങളിലായി സൂക്ഷിച്ചിരിക്കുന്നത്. സീരിയലിൽ അഭിനയിക്കുന്നതിനാൽ ആ മേഖലയിലെ നടിമാർക്ക് ഒരുപാട് സാരികളുണ്ടാകും. എല്ലാം ഞങ്ങൾ തന്നെ കയ്യിൽ നിന്നും പണം മുടക്കി വാങ്ങുന്നതാണ്. എന്റെ സാരി കലക്ഷനിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശരണ്യയുടെ കല്യാണ സാരിയാണ്.
അത് ഞാനാണ് അവളുടെ മരണശേഷം സൂക്ഷിക്കുന്നത്. കാരണം അവളുടെ വീട്ടിൽ അവളുടെ വസ്ത്രം കാണുന്നത് ശരണ്യയുടെ അമ്മയ്ക്ക് കൂടുതൽ സങ്കടം ഉണ്ടാക്കുന്നു. ശരണ്യയുടെ അമ്മയാണ് അവളുടെ കല്യാണ സാരി സൂക്ഷിക്കാൻ എനിക്ക് തന്നത്. അവളുടെ കുറച്ച് ചുരിദാറുകളും ഞാൻ സൂക്ഷിക്കുന്നുണ്ട്. അവൾ മരിക്കുന്നതിന് മുമ്പ് എനിക്കായി ഒരു ഡ്രസ് എടുത്ത് തന്നിരുന്നു.

അവൾക്ക് ഞാൻ അത് ഇട്ട് കാണണമെന്ന് ആഗ്രഹമായിരുന്നു. കച്ചവടം ചെയ്യാൻ പറ്റുന്ന സാരികളും എന്റെ കയ്യിലുണ്ട്. പല സാരികളും ഞാൻ ഉടുത്തിട്ടില്ല. അതുപോലെ ഞാൻ ഉടുക്കാതെ കേട് വന്ന സാരികളുമുണ്ട്. ചോദിക്കുന്നവർക്ക് കൊടുക്കാറുമുണ്ട്. എന്റെ ഫേവറേറ്റ് കളർ ബ്ലാക്ക് ആയതുകൊണ്ട് അതിലും ഒരുപാട് ഡ്രസ്സുണ്ട്. കോട്ടൺ, വില കുറഞ്ഞത്, വില കൂടിയത് എന്നിങ്ങനെ പല രീതിയിൽ തരം തിരിച്ചാണ് എടുക്കാനുള്ള എളുപ്പത്തിന് സാരികൾ ഞാൻ സൂക്ഷിച്ചിരിക്കുന്നത്.
ലെഹങ്ക പോലുള്ളവയും ഇടാറുണ്ട് ഞാൻ. ഒരു സീരിയലിൽ ഉടുത്ത സാരി പെട്ടന്ന് മറ്റൊരു സീരിയലിൽ ഉടുക്കാനാവില്ല. പ്രേക്ഷകരിൽ കൂടുതലായും സ്ത്രീകൾ ഉള്ളതുകൊണ്ട് അവർ അത് കണ്ടുപിടിക്കും. അതുകൊണ്ട് മാറ്റിപിടിക്കും. ചിലർ പറയാറുണ്ട് മരിച്ച് പോയവരുടെ വസ്ത്രമൊന്നും വീട്ടിൽ സൂക്ഷിക്കാൻ പാടില്ലെന്ന്. പക്ഷെ എനിക്ക് അങ്ങനെയുള്ള വിശ്വാസങ്ങളില്ല.
ശരണ്യയെന്ന് പേര് പറയാതെ എന്റെ ഒരു ദിവസം പോലും കടന്ന് പോകാറില്ല. അതുകൊണ്ട് കൂടിയാണ് ശരണ്യയുടെ വസ്ത്രങ്ങൾ ഞാൻ സൂക്ഷിക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വസ്ത്രം സെറ്റും മുണ്ടുമാണ്. കുറേക്കൂടി പ്രായമായി കഴിയുമ്പോൾ വീട്ടിൽ പോലും സെറ്റും മുണ്ടും ഉടുത്ത് ഇരിക്കണം എന്നാണ് കരുതുന്നത്. മൂവായിരത്തിന് മുകളിൽ സാരികൾ എനിക്കുണ്ടെന്നും സീമ പറയുന്നു.


Click it and Unblock the Notifications