'ജിഷിനും വരദയും പിരിഞ്ഞുവെന്നത് ഇത് കണ്ടപ്പോൾ മനസിലായി'; സീരിയൽ താരം വരദയുടെ പുതിയ വീടിന്റെ വിശേഷങ്ങൾ!
കുടുബപ്രേക്ഷകർക്കിടയിൽ സിനിമാ താരങ്ങളെക്കാൾ ജനപ്രീതി സീരിയൽ താരങ്ങൾക്കാണ്. ദിവസവും സ്വീകരണ മുറികളിലിരുന്ന് താരങ്ങളെ കാണുന്നു... അവരുടെ അഭിനയം കാണുന്നുവെന്നത് കൊണ്ട് തന്നെയാണ് സിനിമാ താരങ്ങളെക്കാൾ കൂടുതലായി സീരിയൽ താരങ്ങൾക്ക് കുടുംബപ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിക്കാൻ കാരണം.
സീരിയൽ താരങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ് പ്രേക്ഷകർ കാണുന്നത്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിച്ച ഒരു താരമാണ് നടി വരദ. ഒട്ടനവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള വരദ അടുത്തിടെയാണ് പുതിയൊരു വീട് സ്വന്തമാക്കിയത്.

കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി താമസം ആരംഭിച്ചതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയും വീഡിയോയിലൂടെയുമാണ് വരദ പ്രേക്ഷകരേയും ആരാധകരേയും അറിയിച്ചത്. പുതിയ വീട്.... പുതിയ പ്രതീക്ഷകൾ എന്ന് കുറിച്ചുകൊണ്ടാണ് വരദ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. 'ഒരുപാട് നാളത്തെ എന്റെ ഒരു സ്വപ്നം യാഥാർഥ്യമായി.'
'കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ്. ഒരുപാട് പ്രതീക്ഷകളോടെയും പ്രാർത്ഥനകളോടെയും താമസം തുടങ്ങി. പപ്പയ്ക്കും മമ്മിക്കും എന്റെ ഹൃദയം തൊട്ടുള്ള നന്ദി. അവരില്ലായിരുന്നെങ്കിൽ ഇന്ന് എനിക്ക് ഇങ്ങനെ നിൽക്കാൻ കഴിയില്ലായിരുന്നു. ഒപ്പം എന്റെ സുഹൃത്തുക്കൾക്ക് നന്ദി പറയുന്നു. എനിക്ക് നൽകിയ മാനസികവും വൈകാരികവുമായ പിന്തുണയ്ക്ക്. എന്റെ കൂടെ കട്ടക്ക് നിന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.'
'എല്ലാവരോടും സ്നേഹം. ദൈവത്തിന് നന്ദി....' എന്നാണ് വരദ സോഷ്യൽമീഡിയയിൽ കുറിച്ചത്. വീടിന്റെ പാല് കാച്ചലിന്റെയും വെഞ്ചെരിപ്പിന്റെയുമെല്ലാം ചിത്രങ്ങളും വരദ പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയും മകനുമെല്ലാം ചിത്രങ്ങളിലുണ്ടായിരുന്നു. നിരവധി പേരാണ് വരദയ്ക്ക് ആശംസകളുമായി എത്തിയത്.
ഒതുങ്ങിയതും വളരെ ആഡംബരമില്ലാത്തതുമായ വളരെ ചെറിയൊരു ഫ്ലാറ്റാണ് വരദ സ്വന്തമാക്കിയിരിക്കുന്നത്. വീടിന്റെ വിശേഷങ്ങളെല്ലാം വരദ മൈൽസ്റ്റോൺ മേക്കഴ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണിപ്പോൾ. 'എറണാകുളത്ത് സ്വന്തമായൊരു വീട് സ്വപ്നമായിരുന്നു. ഷൂട്ടിങ് അധികവും എറണാകുളത്താണ് നടക്കാറുള്ളത്.'

'ഷൂട്ടിന് എത്തിയാൽ ഹോട്ടലുകളിൽ താമസിക്കുന്നതിനോട് എനിക്ക് തീരെ താൽപര്യമില്ല. അതുകൊണ്ടാണ് ഇങ്ങനൊരു വീട് വാങ്ങിയത്. പക്ഷെ ഈ വീട്ടിൽ പാല് കാച്ചലിന് ശേഷം ഒരാഴ്ചയെ താമസിച്ചിട്ടുള്ളു. വല്ലപ്പോഴുമാണ് ഇവിടെ വരാറുള്ളത്. മകൻ തൃശൂരാണ്. അവിടെ നിന്നും പതുക്കെ അവനേയും കൂട്ടി എറണാകുളത്തേക്ക് വരണമെന്നൊക്കെ പ്ലാനുണ്ട്' എന്നാണ് വീട്ട് വിശേഷം പങ്കുവെച്ച് വരദ പറഞ്ഞത്.
വരദയുടെ ഹോം ടൂർ വീഡിയോ എത്തിയതോടെ ആരാധകരെല്ലാം കമന്റിലൂടെ തിരക്കുന്നത് വരദയുടെ ഭർത്താവും നടനുമായ ജിഷിനെയാണ്. ഇരുവരും ഇപ്പോൾ പിരിഞ്ഞ് താമസിക്കുകയാണ്. വരദയ്ക്കൊപ്പമാണ് ഏക മകനുള്ളത്. എന്നാൽ ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയോ എന്നതിൽ വ്യക്തതയില്ല. ഇതേ കുറിച്ച് താരങ്ങൾ പ്രതികരിച്ചിട്ടില്ല.
വരദ വേറെ വിവാഹം കഴിച്ചോ?, ജിഷിനും വരദയും പിരിഞ്ഞുവെന്നത് ഇത് കണ്ടപ്പോൾ മനസിലായി, ജിഷിൻ എവിടെ എന്നെല്ലാമാണ് ആരാധകർ കമന്റിലൂടെ വരദയോട് തിരക്കുന്നത്. ജിഷിൻ കണ്ണൂർ സ്വദേശിയാണ്. അദ്ദേഹമിപ്പോൾ ഷൂട്ടിങും മറ്റുമായി തിരക്കിലാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ജിഷിനും വരദയും. വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്നവർ എന്തിന് വേർപിരിഞ്ഞ് താമസിക്കുന്നുവെന്നതാണ് ആരാധകരേയും കുഴപ്പിക്കുന്നത്.
2006 ൽ വാസ്തവം എന്ന ചിത്രത്തിലൂടെയാണ് വരദ സിനിമയിലെത്തുന്നത്. പിന്നീട് യെസ് യുവർ ഓണർ, മകന്റെ അച്ഛൻ, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങി ഒരുപിടി സിനിമകളിലും അഭിനയിച്ചിരുന്നു. യുട്യൂബ് ചാനലിലൂടെ വ്ലോഗുമായി സജീവമാണ് താരം. ഫുഡ്, യാത്രകൾ ഒക്കെയായി എപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട് വരദ.


Click it and Unblock the Notifications











