For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചക്ക പഴുത്തോന്ന് നോക്കാനിറങ്ങിയ ആനിയെ കൂട്ടി പോയി വിവാഹം കഴിച്ചു! പ്രണയത്തെ കുറിച്ച് ഷാജി കൈലാസ്!

  |

  മലയാളത്തിലെ മാതൃക താരദമ്പതികളാണ് ഷാജി കൈലാസും ആനിയും. 1989 മുതല്‍ സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന സംവിധായകന്‍ അക്കാലത്ത് തിളങ്ങി നിന്നിരുന്ന നടി ആനിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. 1996 ല്‍ വിവാഹിതരായ ഷാജി കൈലാസും ആനിയും ഇന്ന് 22-ാം വിവാഹം ആഘോഷിക്കുകയാണ്.

  താരദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി ആളുകളാണ് എത്തിയിരുന്നത്. 22 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഞങ്ങള്‍ ഇപ്പോഴും പ്രണയിക്കുകയാണെന്നാണ് ഷാജി കൈലാസ് പറയുന്നത്. പ്രാര്‍ത്ഥനയും പിന്തുണയും അറിയിച്ചവര്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞിട്ടുണ്ട്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ച് ഷാജി കൈലാസ് തുറന്ന് സംസാരിച്ചിരിക്കുകയാണ്.

  ഷാജി കൈലാസും ആനിയും

  ഷാജി കൈലാസും ആനിയും

  മമ്മൂട്ടിയുടെയും ജയറാമിന്റെയുമെല്ലാം നായികയായി ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു ആനി. 1996 ലായിരുന്നു ഷാജി കൈലാസിനെ ആനി പ്രണയിച്ച് വിവാഹം കഴിച്ചത്. അദ്ദേഹത്തെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഹിന്ദുമതത്തിലേക്ക് മാറിയ ആനി ചിത്ര എന്ന് പേര് സ്വീകരിക്കുകയായിരുന്നു. ഇരുവര്‍ക്കും മൂന്ന് ആണ്‍ മക്കളാണ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും ടെലിവിഷന്‍ ഷോ യിലൂടെ ആനി പ്രേക്ഷകരിലേക്ക് തിരിച്ചെത്തിയിരുന്നു.

   ആനിയെ ആദ്യമായി കാണുന്നത്..

  ആനിയെ ആദ്യമായി കാണുന്നത്..

  ഒരിക്കല്‍ പാച്ചിക്കയുടെ (ഫാസില്‍) സിനിമയിലേക്ക് ഒരു നടിയെ തേടിയുള്ള അന്വേഷണം എത്തിയത് അമ്മയാണെ സത്യം എന്ന സിനിമയുടെ ഡബ്ബിങ് നടക്കുന്ന അരുണാചലം സ്റ്റുഡിയോയിലാണ്. അവിടെ നിന്നുമായിരുന്നു ആനിയെ ആദ്യമായി കാണുന്നത്. അതിന് മുന്‍പ് പല മാഗസിനുകളിലും കണ്ടിരുന്ന മുഖമായിരുന്നതിനാല്‍ ആ മുഖം പെട്ടെന്ന് എന്റെ മനസില്‍ ഇടം നേടിയതായി തനിക്ക് തോന്നിയിരുന്നു. അതിന് ശേഷമാണ് രുദ്രാക്ഷം എന്ന സിനിമയിലേക്ക് ആനിയെ ഞാന്‍ ക്ഷണിക്കുന്നത്.

   കുസൃതിക്കാരി

  കുസൃതിക്കാരി

  ലൊക്കേഷനില്‍ ഞാന്‍ പൊതുവേ കടുംപിടുത്തക്കാരനാണ്. ചിത്രയാണെങ്കില്‍ എല്ലാവരോടും ചിരിച്ചു കളിച്ച് തമാശ പറഞ്ഞ് നടക്കുന്ന ആളും. പക്ഷെ എന്താണെന്നറിയില്ല ആ തമാശയും കളിയും അവളറിയാതെ ഞാന്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ എന്നെ പേടിച്ച് അവള്‍ പലപ്പോഴും മൂഡോഫായി ഇരിക്കുന്നത് ശ്രദ്ധയിപ്പെട്ടു. എന്നെ കാണുമ്പോഴുള്ള അവളുടെ മുഖഭാവങ്ങള്‍ താന്‍ അന്ന് ശ്രദ്ധിച്ചിരുന്നു. പേടി മാത്രമല്ല അവളുടെ കണ്ണിലെ തിളക്കവും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പല നാടകീയ സംഭവങ്ങള്‍ക്കിടയില്‍ നിന്നും ഷൂട്ടിംഗ് പെട്ടെന്ന് തീര്‍ന്നു.

  അഭിനന്ദിക്കാന്‍ തോന്നി..

  അഭിനന്ദിക്കാന്‍ തോന്നി..

  ചിത്ര മറ്റുള്ള സിനിമകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മഴയത്തെും മുന്‍പേ എ്‌ന സിനിമയിലെ പ്രകടനത്തിന് ചിത്രയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് നേടി കൊടുത്തിരുന്നു. ഒന്ന് അഭിനന്ദിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. അതിനാല്‍ അവരുടെ വീട്ടിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചപ്പോള്‍ അച്ഛനാണ് ഫോണ്‍ എടുത്തത്. അദ്ദേഹത്തോട് കാര്യം അവതരിപ്പിച്ചു. അച്ഛന്‍ ഫോണ്‍ അവള്‍ക്ക് കൊടുത്തു. അവളുടെ കഴിവിനെ ഒരുപാട് സ്‌നേഹിച്ച വ്യക്തിയായിരുന്നു ഞാന്‍. ഒരിക്കല്‍ രഞ്ജി പണിക്കരുമായി സംസാരിച്ചിരുന്നപ്പോള്‍ ചിത്രയെ കുറിച്ച് പറഞ്ഞു. അവളെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞത് കേട്ട് രഞ്ജി പണിക്കരുടെ ചിരി ഞാനിപ്പോഴും മറന്നിട്ടില്ലെന്നും ഷാജി കൈലാസ് പറയുന്നു.

  അനുകൂലമായ മറുപടി

  അനുകൂലമായ മറുപടി

  ഇക്കാര്യം രഞ്ജി അപ്പോള്‍ തന്നെ ചിത്രയോട് പറഞ്ഞു. അവളില്‍ നിന്നും അനുകൂലമായ മറുപടിയായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഞങ്ങള്‍ ഒരിക്കല്‍ പോലും കത്ത് ആയക്കുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിരുന്നില്ല. ഒരു ഗോസിപ്പുകളിലും ഞങ്ങളുടെ പ്രണയം വന്നിട്ടുമില്ല. ഒരിക്കല്‍ ചെന്നൈയ്ക്ക് പോകാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ അവിടെ ചിത്രയെ കണ്ടു. ടിക്കറ്റ് നോക്കിയപ്പോള്‍ അടുത്തടുത്ത സീറ്റും. അന്ന് ചിത്രയെ കണ്ട നിമിഷം മുതല്‍ എന്റെ പെണ്ണായി താന്‍ സങ്കല്‍പ്പിച്ചിരുന്നെന്നും ഷാജി പറയുന്നു.

  മോതിരം കൈയിലുണ്ട്..

  മോതിരം കൈയിലുണ്ട്..

  അവളോടുള്ള പ്രണയം തുറന്ന് പറഞ്ഞത് മുതല്‍ അവളുടെ വിരലില്‍ ഇടാന്‍ ഒരു മോതിരവുമായിട്ടായിരുന്നു ഞാന്‍ നടക്കുന്നത്. ഫ്‌ളൈറ്റില്‍ കയറി വിമാനം പറക്കാന്‍ തുടങ്ങിയപ്പോള്‍ ചിത്രയോട് വിരല്‍ ഒന്ന് നീട്ടാന്‍ ഞാന്‍ പറഞ്ഞു. അവള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കേ ഞാന്‍ മോതിരം വിരലിലിട്ട് കൊടുത്തു. എന്നിട്ട് നമ്മുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും ഇനി വിവാഹത്തിന് കാണാമെന്നും പറയുകയായിരുന്നു. ഇതേ സമയം വീട്ടിലും എന്നെ എങ്ങനെ എങ്കിലും കെട്ടിച്ചേ മതിയാകു എന്ന തീരുമാനത്തിലായിരുന്നു അമ്മ. അമ്മ കണ്ടെത്തിയ ഫോട്ടോകളില്‍ എതെങ്കിലും സെലക്ട് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന മാഗസിനെടുത്ത് അതിലെ 18-ാം പേജില്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഉണ്ട്. അതിഷ്ടമായോ എന്ന് നോക്കാന്‍ പറഞ്ഞു. അമ്മയ്ക്ക് ചിത്രയെ ഒരുപാട് ഇഷ്ടമായി.

   സുരേഷ് ഗോപിയുടെ വീട്ടിലേക്ക്..

  സുരേഷ് ഗോപിയുടെ വീട്ടിലേക്ക്..

  ഒരു സിനിമയുടെ ആവശ്യവുമായി ബോംബെയില്‍ പോവണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ബാഗുമായി ഇറങ്ങിയെങ്കിലും എന്റെ വണ്ടി ചെന്ന് നിന്നത് ആനിയുടെ വീടിന്റെ പുറകിലായിരുന്നു. ചക്ക പഴുത്തോ എന്ന് നോക്കാനെന്ന് പറഞ്ഞ് ചിത്ര എന്നെയും കാത്ത് അവിടെ നില്‍ക്കുകയായിരുന്നു. അവിടെ നിന്നും അവളെ കൂട്ടി നേരെ പോയത് സുരേഷ് ഗോപിയുടെ വീട്ടിലേക്ക്. ഞങ്ങളെ ഒരുമിച്ച് കണ്ടപ്പോള്‍ സുരേഷ് ഗോപിക്ക് കാര്യം മനസിലായില്ലായിരുന്നു. വിവരങ്ങളെല്ലാം തുറന്ന് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ പ്രണയത്തിലാണെന്ന് സുരേഷ് പോലും അറിയുന്നത്. അവിടെ വെച്ചായിരുന്നു റജിസ്റ്റര്‍ വിവാഹം നടക്കുന്നത്.

  വിവാഹക്കാര്യം പുറത്തറിയിച്ചു..

  വിവാഹക്കാര്യം പുറത്തറിയിച്ചു..

  രഞ്ജി പണിക്കരാണ് പ്രസ്മീറ്റ് നടത്തി ഞങ്ങളുടെ വിവാഹക്കാര്യം പുറത്തറിയിക്കുന്നത്. വേണു നാഗവള്ളി, മണിയന്‍പിള്ള രാജു, ജഗദീഷ്, എന്നിവരാണ് ചിത്രയുടെ വീട്ടില്‍ ഇക്കാര്യം അറിയിക്കുന്നത്. എന്റെ അച്ഛന് അന്ന്് ഒരുപാട് സങ്കടം വന്നിരുന്നു. കുറെ നേരം ഒന്നും മിണ്ടിയില്ലെങ്കിലും അവന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ എന്നോട് പറയാമായിരുന്നു. മകന്റെ വിവാഹം നടത്തുന്നത് ഒരു അച്ഛന്റെ കടമയാണെന്നും അതിനുള്ള അവസരം അവന്‍ എനിക്ക് തന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്കുകള്‍ എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. ഒരു പരിഭവവുമില്ലാതെയാണ് അച്ഛനും അമ്മയും ഞങ്ങളെ വീട്ടിലേക്ക് സ്വീകരിച്ചത്. പിറ്റേ ദിവസം ചിത്രയുടെ നിര്‍ബന്ധത്തില്‍ വീടിനടുത്തുള്ള ദേവി ക്ഷേത്രത്തില്‍ നിന്നും വീണ്ടും അവളെ ഞാന്‍ വിവാഹം കഴിച്ചു. വൈകാതെ ചിത്രയുടെ വീട്ടുകാരുടെ പിണക്കം മാറിയെന്നും ഷാജി കൈലാസ് പറയുന്നു.

  English summary
  Shaji Kailas fondly remembers 22 years of togetherness with Annie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X