മോഹൻലാലിന് ഓർമ്മ കാണില്ല, മമ്മൂട്ടി സമ്മതിച്ചു തരില്ല, പക്ഷെ സുരേഷ് ഗോപി അങ്ങനെയല്ല: ഷാജി കൈലാസ് പറയുന്നു
മലയാള സിനിമയ്ക്ക് ഒരുപാട് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച സ്റ്റാർ ഡയറക്ടറാണ് ഷാജി കൈലാസ്. കുടുംബ ചിത്രങ്ങളും, കോമഡികളും, ത്രില്ലറുകളും കണ്ടു ശീലിച്ച മലയാളി പ്രേക്ഷകർക്ക്, അത് വരെ കാണാത്ത മാസ്സ് സിനിമ അനുഭവങ്ങൾ ഒരുക്കിയ സംവിധായകനാണ് അദ്ദേഹം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ് സുകുമാരൻ, തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളോടൊപ്പവും ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ സംവിധായകൻ എന്ന പ്രതേകതയും ഷാജി കൈലാസിനുണ്ട്. പ്രത്യേകിച്ച്, സൂപ്പർ താരങ്ങൾക്ക് ഏറ്റവും മികച്ച മാസ്സ് കഥാപാത്രങ്ങൾ ലഭിച്ചത് പ്രശസ്ത സംവിധായകന്റെ ചിത്രത്തിലാണെന്ന് നിസ്സംശയം പറയാം.
മുൻപൊരിക്കൽ, പ്രശസ്ത മലയാളം റേഡിയോ സ്റ്റേഷനായ ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നീ മൂന്ന് സൂപ്പർ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചതിനെ കുറിച്ച് ഷാജി കൈലാസ് മനസ്സ് തുറന്നിരുന്നു. മൂന്ന് ദേശീയ അവാർഡ് ജേതാക്കളായ നടന്മാരും, അവരുടെ അഭിനയ രീതികളും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നാണ് അന്ന് സംവിധായകൻ വെളിപ്പെടുത്തിയത്.

മോഹൻലാൽ ക്യാമറയ്ക്ക് മുന്നിൽ വിസ്മയം തീർക്കുന്ന വ്യക്തിയാണെന്നും, മുൻകൂട്ടി ഒന്നും പ്ലാൻ ചെയ്യാറില്ലായെന്നുമാണ് ഷാജി കൈലാസ് പറഞ്ഞത്. അത് കൊണ്ട് തന്നെ, ഒരിക്കൽ ചെയ്ത ഒരു സീനോ ആക്ഷനോ വീണ്ടും ചെയ്യാൻ പറഞ്ഞാൽ അദ്ദേഹത്തിന് അത് ഓർമയുണ്ടാവാറില്ല. മമ്മൂട്ടി എന്നാൽ അങ്ങനെയല്ല, സീൻ എടുക്കുമ്പോൾ ചില സർപ്രൈസുകൾ തരും. അത് വീണ്ടും ചെയ്യണമെന്ന് പറഞ്ഞാൽ എന്തിനാണെന്ന് ചോദിക്കും. അത് അദ്ദേഹത്തിന് കാര്യം മനസ്സിലാവാത്തത് കൊണ്ടല്ല, പക്ഷെ എന്താണ് നമ്മൾ ഉദ്ദേശിച്ചതെന്ന് മനസ്സിലായതായി അദ്ദേഹം സമ്മതിച്ചു തരില്ലയെന്നും ഷാജി കൈലാസ് വെളിപ്പെടുത്തി. സുരേഷ് ഗോപി ഈ രണ്ടു വിഭാഗത്തിലും പെടാത്ത ആളാണെന്നും അദ്ദേഹം പറഞ്ഞു.
"ഉദാഹരണത്തിന്, നരസിംഹത്തിലെ കാൽ വിരലിന്റെ ഷോട്ട്. മോഹൻലാൽ കാൽ വിരൽ കൊണ്ട് കാണിച്ച ആക്ഷൻ നല്ലതാണെന്ന് തോന്നിയപ്പോൾ, ഞാൻ കട്ട് പറഞ്ഞു. എന്നിട്ട് "ലാൽ ജി, ആ ഷൂട്ട് ഒന്നുകൂടി എടുക്കുകയാണ്, കാൽ കൊണ്ട് ഒരിക്കൽ കൂടി അങ്ങനെ ആക്കാമോ," എന്ന് ചോദിച്ചു. പക്ഷെ "ഞാൻ എങ്ങനെ ആക്കി?" എന്ന മറുചോദ്യമാണ് ആദ്ദേഹത്തിൽ നിന്നും വന്നത്. പുള്ളി അത് മറന്നു പോയി. അപ്പോൾ ഞാൻ പറഞ്ഞു, കാൽ കൊണ്ട് ഇങ്ങനെ ആക്കി, അങ്ങനെ വേണം എനിക്ക്, എന്ന്," ഷാജി കൈലാസ് ഓർത്തെടുത്തു.

"അത് പോലെ, ദി കിംഗ് ഷൂട്ട് ചെയ്യുമ്പോൾ മമ്മൂക്കയോട്, "കൈ കൊണ്ട് മുടി മാടുന്നത് ചെയ്യണേ" എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം അതെന്തിനാണെന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു "അത് ഭയങ്കര രസമുണ്ട്. ചെയ്യൂ പ്ലീസ്," എന്ന് പറഞ്ഞു. അദ്ദേഹം ആദ്യം അംഗീകരിക്കില്ല ഒന്നും. പിന്നീട് ഷോട്ട് നോക്കി, "അങ്ങനെ വേണ്ടേ?" എന്ന് ഇങ്ങോട്ട് ചോദിക്കും. നമ്മൾ പറയുന്നത് പുള്ളി ആദ്യമേ അംഗീകരിച്ചു കഴിഞ്ഞു, പക്ഷെ അത് സമ്മതിച്ചു തരില്ല," ഒരു ചിരിയോടെ ഷാജി കൈലാസ് വെളിപ്പെടുത്തി.
എന്നാൽ സുഹൃത്ത് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞപ്പോൾ ഒരു വലിയ ചിരിയായിരുന്നു ഷാജി കൈലാസിന്റെ മുഖത്ത്. "സുരേഷ് ആ തല കുലുക്കി വരുന്നത് കാണാൻ തന്നെ രസമാല്ലേ. ആ കൈയ്യിന്റെ പവർ ഒക്കെ പറയേണ്ട കാര്യമുണ്ടോ. സുരേഷ് ഗോപിയുടെ കൈ വെറുതെ ഒന്ന് വച്ചിട്ട് ഒരു ഷോട്ട് എടുത്താൽ പോലും, ഒരു ഭയങ്കര പൗരുഷമുള്ള കട്ട ലുക്ക് ആണ്," പ്രശസ്ത സംവിധായകൻ തുറന്നു പറഞ്ഞു. എന്തായാലും, അധികം വൈകാതെ സുരേഷ് ഗോപിക്കൊപ്പം ഒരു സിനിമ ചെയ്യാൻ തയ്യാറെടുക്കുകയാണ് ഷാജി കൈലാസ് എന്നാണ് വിവരം.


Click it and Unblock the Notifications