'സൗന്ദര്യമാണ് മമ്മൂട്ടിയുടെ ഇൻവെസ്റ്റ്മെന്റ്, മോഹൻലാൽ ആത്മസമർപ്പണമുള്ള നടൻ'; ഷാജി എൻ കരുൺ പറയുന്നു!
മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളാണ് ഷാജി എൻ കരുൺ. പിറവിയും വാനപ്രസ്ഥവും കുട്ടിസ്രാങ്കുമൊക്കെ മലയാളികളുടെ ഉള്ളിലേൽപ്പിച്ച പാടുകൾ വളരെ വലുതാണ്. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ഖ്യാതി അന്താരാഷ്ട്ര തലത്തിലെത്തിച്ച പ്രതിഭ കൂടിയാണ് ഷാജി എന്‍ കരുണ്‍.
സംവിധായകനായും ഛായാഗ്രഹകനായുമെല്ലാം അംഗീകാരങ്ങൾ വാരിക്കൂട്ടിയ ഷാജി എൻ കരുണിന്റെ സംവിധാനത്തിൽ ഏറ്റവും അവസാനം പ്രേക്ഷകരിലേക്ക് എത്തിയത് ഷെയ്ൻ നിഗവും എസ്തേർ അനിലും കേന്ദ്രകഥാപാത്രങ്ങളായ ഓള് എന്ന സിനിമയാണ്.
എന്നാൽ ചിത്രത്തിന് ഷാജി എൻ കരുണിന്റെ മറ്റ് ചിത്രങ്ങൾക്ക് ലഭിച്ചിടത്തോളം ഒരു സ്വീകാര്യത ലഭിച്ചിരുന്നില്ല. ഓളിന് ശേഷം അമൃത എന്നൊരു ചിത്രം അണിയറയിൽ ഷാജി എൻ കരുണിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നതായി ഇടക്കാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതുവരെയും സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ സിനിമാ ജീവിതത്തിൽ ഷാജി എൻ കരുണിന്റെ സാന്നിധ്യവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നും മോഹൻലാൽ എന്ന പ്രതിഭയെ കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം ആളുകൾ പറയാറുള്ളത് വാനപ്രസ്ഥം എന്ന സിനിമയെ കുറിച്ചാണ്. ഷാജി എൻ കരുൺ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന വിസ്മയമായിരുന്നു വാനപ്രസ്ഥം.
ഇനി അതുപോലൊരു സിനിമ മലയാളത്തിൽ സംഭവിക്കാൻ ഇടയില്ല. മലയാള സിനിമയിലെ ബിഗ് എമ്മുകൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഷാജി എൻ കരുൺ ഇരുവരെയും കുറിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ സംസാരിക്കവെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
നടൻ മമ്മൂട്ടിയുടെ ഇൻവസ്റ്റ്മെന്റ് സൗന്ദര്യമാണെന്നും മോഹൻലാൽ ആത്മസമർപ്പണമുള്ള നടനാണെന്നുമാണ് അനുഭവങ്ങൾ പങ്കിട്ട് ഷാജി എൻ കരുൺ പറഞ്ഞത്. സംവിധായകനായി മാത്രമല്ല മോഹൻലാൽ അഭിനയിച്ച നിരവധി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച അനുഭവ സമ്പത്തും ഷാജി എൻ കരുണിനുണ്ട്. 'മോഹൻലാൽ അഭിനയിച്ച നിരവധി ചിത്രങ്ങൾക്ക് ഞാൻ കാമറ ചലിപ്പിച്ചിട്ടുണ്ട്.'
'അദ്ദേഹത്തിന് കഥാപാത്രങ്ങളോടുള്ള ആത്മസമർപ്പണം ഞാൻ കണ്ടിട്ടുള്ളതാണ്. സംവിധായകന് വേണ്ടത് കിട്ടിയോയെന്ന് ചോദിക്കുന്ന ഒരു നടൻ. ആ സത്യസന്ധതയാണ് വാനപ്രസ്ഥത്തിന്റെ വിജയം. വാനപ്രസ്ഥം ചെയ്യുമ്പോൾ കഥകളി കലാകാരന്മാരുടെ മുന്നിൽ മോഹൻലാൽ പേടിച്ചാണ് നിന്നിരുന്നത്.'

'അവരും അങ്ങനെ തന്നെ. അവർക്കിടയിലെ കെമിസ്ട്രി വളരെ മികച്ചതായിരുന്നു. ഏറ്റവും നല്ലത് കൊടുക്കണം എന്ന വിശ്വാസമായിരുന്നു ഇരുകൂട്ടർക്കും. മോഹൻലാൽ ചെയ്ത കഥാപാത്രങ്ങൾ ഒരിക്കലും മറ്റൊരാൾക്ക് ചെയ്യാൻ കഴിയില്ല. ഒരുപക്ഷെ അദ്ദേഹത്തിന് പോലും വീണ്ടും അതേ കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞൂവെന്ന് വരില്ല.'
'മറ്റുള്ളവർ പറയുന്നതല്ലാതെ താൻ ചെയ്തത് നന്നായി എന്ന് ഒരിക്കലും മോഹൻലാൽ പറയില്ല. ഇനിയും മികച്ചത് തരാൻ കഴിയുമെന്ന് വിശ്വാസം അദ്ദേഹത്തിനുണ്ട്. സൗന്ദര്യമാണ് മമ്മൂട്ടിയുടെ ഇൻവെസ്റ്റ്മെന്റ്. അത് വലിയൊരു സമ്പാദ്യമാണ്. അത് നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.'
'എന്റെ സിനിമയിൽ ഞാൻ അത് നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഒരു ചിത്രം ചെയ്യണമെന്ന് മമ്മൂട്ടി ഇങ്ങോട്ട് സൂചിപ്പിച്ചതാണ്. മമ്മൂട്ടിയെ നായകനാക്കി ചെയ്ത കുട്ടിസ്രാങ്ക് എന്ന ചിത്രത്തിന് ഏഴ് ദേശീയ പുരസ്‌കാരങ്ങൾ കിട്ടി. എന്നാൽ മമ്മൂട്ടിക്ക് ആ ചിത്രത്തിൽ പുരസ്‌കാരങ്ങൾ കിട്ടിയില്ല. അത് വളരെ ഖേദകരമാണ്.'
'ഒരുപാട് ആത്മസമർപ്പണത്തോടെയാണ് അദ്ദേഹം ആ ചിത്രം ചെയ്‌തതെന്നാണ്', ഷാജി എൻ കരുൺ പറഞ്ഞത്. അടുത്തിടെയായി ഏറ്റവും നല്ല കഥകൾ കണ്ടെത്തി ചെയ്ത് വിസ്മയിപ്പിക്കാനും വിജയിപ്പിക്കാനും മമ്മൂട്ടിക്ക് സാധിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നല്ലൊരു കാമ്പുള്ള സിനിമയുടെ ഭാഗമാകാൻ മോഹൻലാലിന് സാധിച്ചിട്ടില്ല.


Click it and Unblock the Notifications











