twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍ താരങ്ങള്‍ മുതല്‍ പുതുമുഖങ്ങള്‍ വരെയുള്ള ബഹുവര്‍ണ്ണ പോസ്റ്ററുകള്‍! ഇവരെ കൂടി ശ്രദ്ധിക്കണം

    |

    കൊവിഡിന്റെ വ്യാപനം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക് ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഇതോടെ വീണ്ടും പ്രശ്‌നത്തിലായത് ദിവസവേതനത്തില്‍ പണി എടുക്കുന്നവരാണ്. സിനിമാ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ദിവസവേതനക്കാര്‍ക്ക് സഹായവുമായി പ്രമുഖ താരങ്ങളടക്കം എല്ലാവരും രംഗത്തുണ്ട്.

    എന്നാല്‍ അവര്‍ക്കൊപ്പം തന്നെ കഷ്ടപ്പെടുന്ന ചിലരുണ്ടെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. സിനിമാ പോസ്റ്ററുകള്‍ ഒട്ടിക്കുന്ന ആളുകള്‍ക്ക് കൂടി സഹായം നല്‍കാന്‍ ശ്രമിക്കണമെന്നാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ ഷാജി പട്ടിക്കര പറയുന്നത്.

    ഷാജി പട്ടിക്കരയുടെ കുറിപ്പ്

    കൊവിഡിന്റെ ദുരന്തവലയില്‍ നിന്നും സമൂഹം പതിയെ രക്ഷപെട്ടു തുടങ്ങിയിരിക്കുന്നു. എങ്കിലും അവസ്ഥ സാധാരണ ഗതിയിലേക്ക് ആയിട്ടില്ല. പുതിയ രോഗികള്‍, മരണങ്ങള്‍. ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിയിരിക്കുന്നു. ദിവസ വേതനക്കാരായ സാധാരണ ജനങ്ങള്‍ അവരുടെ ജീവിതത്തിന്റെ താളം തിരിച്ചു പിടിക്കണമെങ്കില്‍ ഇനിയും ഒരു മാസത്തിലേറെ... ചിലപ്പോള്‍ അതില്‍ കൂടുതല്‍ കാത്തിരിക്കണം. തിയറ്ററുകള്‍ തുറക്കണമെങ്കില്‍ ജനജീവിതം സാധാരണ നിലയിലാകണം.

    ഷാജി പട്ടിക്കരയുടെ കുറിപ്പ്

    സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് സംഘടനകളും, വ്യക്തികളും, താരങ്ങളും ഗവണ്‍മെന്റും, ഒക്കെ സഹായവുമായി എത്തിയിരിക്കുന്നു. ആശ്വാസകരമാണത്. പക്ഷേ ആ കൂട്ടത്തില്‍ എല്ലാവരും വിട്ടുപോയ ഒരു വിഭാഗമുണ്ട്. വളരെ ചെറിയ അംഗങ്ങളുളള, എന്നാല്‍ വളരെ വലിയ ജോലി ചെയ്യുന്ന ഒരു വിഭാഗം. തിയറ്ററുകളിലേക്ക് സിനിമയുടെ വരവറിയിച്ച് ചെറുതും വലുതുമായ വര്‍ണ്ണ പോസ്റ്ററുകള്‍ കാലേകൂട്ടി പ്രത്യക്ഷപ്പെടും. മതിലുകളിലും, ചുവരുകളിലും, തൂണുകളിലും ഉയരത്തിലും, താഴ്ച്ചയിലും ഒക്കെ അവ നിരന്നു കാണാം.

    ഷാജി പട്ടിക്കരയുടെ കുറിപ്പ്

    സൂപ്പര്‍ താരങ്ങള്‍ മുതല്‍ പുതുമുഖങ്ങള്‍ വരെ നിരന്നു നില്‍ക്കുന്ന ബഹുവര്‍ണ്ണ പോസ്റ്ററുകള്‍. യാത്രയിലോ, നടന്നു പോകുമ്പോഴോ, നമ്മുടെ ശ്രദ്ധയെ പെട്ടന്ന് ആകര്‍ഷിക്ക വിധത്തില്‍ ആ പോസ്റ്ററുകളെ അവിടെ പതിപ്പിക്കുന്ന ഒരു വിഭാഗം തൊഴിലാളികളുണ്ട്. സര്‍ക്കാരിന്റെയോ, സിനിമാ സംഘടനകളുടേയോ കണക്കില്‍ പെടാത്തവര്‍. തിയറ്ററുകള്‍ അടച്ചതോടെ പട്ടിണിയിലായവര്‍. വളരെ കുറഞ്ഞ പ്രതിഫലത്തില്‍ ജോലി ചെയ്തിരുന്നവര്‍. ചിലര്‍ അവരുടെ അസോസ്സിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍.

     ഷാജി പട്ടിക്കരയുടെ കുറിപ്പ്

    ചിലര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവര്‍. പോസ്റ്റര്‍ ഒട്ടിക്കല്‍ ഒരു കലയാണ്. വലിപ്പം കൂടിയ ഒരു പോസ്റ്റര്‍ ആറ് ഷീറ്റുകള്‍ ചേര്‍ന്നതാണ്. അതായത് ആറ് ഷണള്‍. ഇവയെ ചേര്‍ത്തൊട്ടിച്ചാണ് ഒറ്റ പോസ്റ്ററാക്കുന്നത്. അതില്‍ തന്നെ ചിലപ്പോള്‍ ഒരു മുഖം തന്നെ പല കഷണങ്ങളിലാണ് ഉണ്ടാവുക. കൃത്യമായി ചേര്‍ത്ത് ഒട്ടിച്ചില്ലെങ്കില്‍ മുഖം വികൃതമാകും. ഉയരമുള്ള ഭാഗങ്ങളിലൊക്കെ സൂക്ഷ്മതയോടെ ഗോവണിയില്‍ നിന്നാണ് ഒട്ടിക്കുന്നത്. അതിനിടയില്‍ വീണു പരിക്കേറ്റവരും നിരവധി. അങ്ങനെ ആറ് ഭാഗങ്ങള്‍ കൂട്ടിയിണക്കി ഒരു വലിയ പോസ്റ്റര്‍ ആക്കി ഒട്ടിക്കുന്നതിന് നാല് രൂപ അന്‍പത് പൈസയാണ് അവര്‍ക്ക് ചാര്‍ജ്.

    ഷാജി പട്ടിക്കരയുടെ കുറിപ്പ്

    മഴയായാലും വെയിലായാലും ജോലി മാറ്റിവയ്ക്കാന്‍ പറ്റില്ല. വെളളിയാഴ്ച്ച റിലീസ് ചേയ്യേണ്ട സിനിമയ്ക്ക് തലേദിവസം രാത്രിയ്ക്കു മുന്‍പ് പോസ്റ്റര്‍ ഒട്ടിക്കണമല്ലോ. എല്ലായിടത്തും പോസ്റ്റര്‍ എത്തിയിട്ടില്ലെങ്കില്‍ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും ശകാരമാവും മിച്ചം. ചിലയിടത്ത് സാമൂഹ്യ വിരുദ്ധര്‍ പോസ്റ്റര്‍ നശിപ്പിക്കും. ചിലയിടത്ത് മഴപെയ്ത് നശിക്കും. അപ്പോഴൊക്കെ അവിടെ പോയി പകരം പോസ്റ്റര്‍ ഒട്ടിക്കണം. പോസ്റ്റര്‍ ഒട്ടിക്കുന്നതിനുള്ള പശ സ്വന്തമായി ഉണ്ടാകണം. പശപ്പൊടിയും, തുരിശും ചേര്‍ത്താണ് പശയുണ്ടാക്കുന്നത്. അത് സ്വന്തം ചിലവിലാണ്. യാത്രയും സ്വന്തം ചിലവിലാണ്. ഓട്ടോറിക്ഷയിലും, ബൈക്കിലും ഒക്കെ കറങ്ങി പോസ്റ്റര്‍ ഒട്ടിക്കുന്നവരുണ്ട്.

     ഷാജി പട്ടിക്കരയുടെ കുറിപ്പ്

    ടൗണ്‍ ഏരിയകളില്‍ ഒരേ ദിവസം തന്നെ നാലും അഞ്ചും, ചിലപ്പോള്‍ അതില്‍ കൂടുതലും തിയറ്ററുകളില്‍ അത്രത്തോളം സിനിമകള്‍ റിലീസ് ഉണ്ടാകും. അപ്പോള്‍ വെള്ളിയാഴ്ച്ച രാത്രിക്ക് മുന്‍പ്, ചിലപ്പോള്‍ ഒറ്റ ദിവസം കൊണ്ട് അതെല്ലാം ഒട്ടിക്കണം. മഴയാണെങ്കില്‍ ദുരിതമാകും. ചില തിയറ്ററുകള്‍ അവരുടെ ജീവനക്കാരെ ഉപയോഗിച്ചാണ് ഒട്ടിക്കാറ്. അതിന് 1500, 2000, 2500 തുടങ്ങി ചാര്‍ജുകള്‍ ഈടാക്കും. കോഴിക്കോട്, എറണാകുളം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ അസോസ്സിയേഷനുകളിലായി അറുപത് പേരോളം ഈ ജോലി ചെയ്യുന്നു.

    ഷാജി പട്ടിക്കരയുടെ കുറിപ്പ്

    തിരുവനന്തപുരത്ത് - ശിവമണി, തങ്കപ്പന്‍ നായര്‍ എറണാകുളത്ത് - കോയ, ആന്റോ ,പ്രദീപ്, ഷണ്‍മുഖന്‍, മുകുന്ദന്‍ കോഴിക്കോട് - രാജന്‍, അബ്ബാസ്, മുജീബ്, മുരളി, വേണു, ഗണേഷ് തുടങ്ങി ഈ മേഖലയില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി പ്രവര്‍ത്തിക്കുന്നവരുണ്ട്. തിയറ്ററുകള്‍ പ്രവര്‍ത്തിക്കാതായതോടെ ജോലിയില്ലാതെയായ ഈ വിഭാഗത്തെ സഹായിക്കുവാന്‍ വിതരണക്കാരോ നിര്‍മ്മാതാക്കളോ അവരുടെ സംഘടനകളോ മുന്‍കയ്യെടുത്താല്‍ നന്നായിരിക്കും. തങ്ങളുടെ മുഖം മനോഹരമായി ചുവരില്‍ പതിക്കുന്ന ഇവരുടെ പട്ടിണി മാറ്റാന്‍ ഏതെങ്കിലും താരങ്ങളെങ്കിലും മുന്നിട്ട് വന്നെങ്കില്‍ എന്ന് ആശിക്കുന്നു. കാരണം ഇവര്‍ എണ്ണത്തില്‍ വളരെ കുറവുള്ള ഒരു തൊഴിലാളി വിഭാഗമാണ്. ആരെങ്കിലും കടന്നുവരും എന്ന പ്രതീക്ഷയോടെ,
    ഷാജി പട്ടിക്കര.

    Read more about: cinema സിനിമ
    English summary
    Shaji Pattikara Talks About Poster Sticking Labors
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X