ശശി കലിംഗ പൂര്‍ത്തിയാക്കാതെ പോയ സിനിമകള്‍! ശ്രീനിവാസനൊപ്പം മുഴുനീള വേഷം ബാക്കിയായി
നടന്‍ ശശി കലിംഗയുടെ വിയോഗം താരങ്ങളെയും സങ്കടത്തിലാക്കിയിരിക്കുകയാണ്. ഒരുപാട് സിനിമകള്‍ ഏറ്റെടുത്തെങ്കിലും അതൊന്നും പൂര്‍ത്തിയാക്കാന്‍ കഴിയാതെയാണ് താരം വിട വാങ്ങിയത്. ശശി കലിംഗയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. ശ്രീനിവാസനൊപ്പമുള്ള മുഴുനീള വേഷം ചെയ്യാനിരിക്കെയാണ് താരത്തിന്റെ മരണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ഷാജി പട്ടിക്കരയുടെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട ശശിയേട്ടന് വിട. സിനിമയ്ക്കകത്തും, പുറത്തും നല്ലൊരു വ്യക്തിബന്ധം കാത്തു സൂക്ഷിച്ച പച്ച മനുഷ്യനായിരുന്നു അദ്ദേഹം. ഞാന്‍ ഇപ്പോള്‍ കോഴിക്കോട് ആയത് കൊണ്ട് സിനിമയില്ലാത്ത അവസരങ്ങളിലും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. കണ്ടില്ലെങ്കിലും കഴിയുന്നതും എല്ലാ ദിവസവും അങ്ങോട്ടോ
ഇങ്ങോട്ടോ വിളിക്കും. ജയന്‍ ശിവപുരം സംവിധാനം ചെയ്ത ' യാത്ര തുടരുന്നു' എന്ന ചിത്രത്തിലാണ് ഞങ്ങള്‍ ഒരുമിച്ച് ആദ്യമായി വര്‍ക്ക് ചെയ്യുന്നത്.

പ്രാഞ്ചിയേട്ടന്‍ റിലീസായതിന് തൊട്ടു പിന്നാലെ ആയിരുന്നു അത്. പ്രാഞ്ചിയേട്ടനിലെ അഭിനയം കണ്ടാണ് അതിലേക്ക് കാസ്റ്റ് ചെയ്തത്. പിന്നീട് ഗുണ്ട, ദം, ബെന്‍ , എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച, തേനീച്ചയും പീരങ്കിപ്പടയും, തുടങ്ങിയ സിനിമകള്‍. വയനാട്ടില്‍ ചിത്രീകരണം നടന്ന 'മയില്‍' എന്ന ചിത്രത്തില്‍ ഒരു ആദിവാസി മൂപ്പന്റെ വേഷം ചെയ്തിരുന്നു.
ചിത്രീകരണം പകുതി കഴിഞ്ഞ ആ ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാഗം പൂര്‍ത്തിയാക്കിയിരുന്നു. ഈയടുത്ത് ചിത്രീകരണം തുടങ്ങാനിരുന്ന, കൊവിഡ് മൂലം മാറ്റിവച്ച ഒരു ചിത്രത്തില്‍ ശ്രീനിവാസനൊപ്പം ഒരു മുഴുനീള കഥാപാത്രം പറഞ്ഞിരുന്നതാണ്. 'പാപ്പച്ചന്‍ പത്തനാപുരം' എന്ന നാടക കമ്പനി മാനേജരുടെ വേഷം. ഇടയ്ക്കിടെ എന്നെ കാണാന്‍ ഫ്‌ലാറ്റിലെത്തുമായിരുന്നു.

വരുമ്പോള്‍, എനിക്കേറെ ഇഷ്ടപ്പെട്ട ഈന്തപ്പഴം അടങ്ങിയ ഒരു പൊതി കയ്യിലുണ്ടാകും. എപ്പോള്‍ വന്നാലും ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടേ പിരിയുകയുള്ളൂ. ഏറെ മത്സ്യപ്രിയനായിരുന്നു ശശിയേട്ടന്‍. അദ്ദേഹത്തിന് പ്രിയപ്പെട്ട മത്സ്യം വാങ്ങിക്കൊടുക്കുന്നതിനായി ഞങ്ങള്‍ ഒരുമിച്ച് പുതിയാപ്പ ഹാര്‍ബറിലും പാകാറുണ്ടായിരുന്നു. ഹോളിവുഡിലും തന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചിട്ടാണ് ശശിയേട്ടന്‍ വിടവാങ്ങിയത്.
ആ ചിത്രം ഇതുവരെ റിലീസായിട്ടില്ല. ഇപ്പോള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും ആ ഭൗതിക ശരീരം കുന്ദമംഗലത്തിനടുത്തുള്ള പിലാശ്ശേരി തറവാട്ടു വീട്ടിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. ഞാന്‍ ഇവിടെ ഈ കോഴിക്കോട് ഉണ്ടായിട്ടു പോലും അവസാനമായി ഒന്നു കാണാന്‍ കഴിയാത്ത അവസ്ഥയുടെ സങ്കടം. ശശിയേട്ടന്റെ അകാല വിയോഗത്തില്‍ ദു:ഖത്തോടെ, ആത്മാവിന് നിത്യശാന്തി നേര്‍ന്നു കൊണ്ട്, ഷാജി പട്ടിക്കര.


Click it and Unblock the Notifications











