പാതിരാത്രി ബൈക്കില്‍ പെണ്ണുകാണാന്‍ പോകല്‍, അതിലുണ്ടായ മകനാണ് ഷെയ്ന്‍; അബിയെക്കുറിച്ച് ഷാജു
മിമിക്രിയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു അബി. മിമിക്രിക്കാര്‍ക്കിടയിലെ മമ്മൂട്ടി എന്നാണ് അബിയെ എല്ലാവരും വിളിച്ചിരുന്നതെന്ന് ഒരിക്കല്‍ ജാഫര്‍ ഇടുക്കി പറഞ്ഞിരുന്നു. സിനിമയിലും അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും മിമിക്രി രംഗത്ത് തന്നെയാണ് അബിക്ക് തിളങ്ങാനായത്. എന്നാല്‍ തനിക്ക് സിനിമയില്‍ വലിയ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും മകനായ ഷെയ്‌നിന് മികച്ച കഥാപാത്രങ്ങളാണ് ലഭിച്ചത്.
ഇപ്പോഴിതാ നടനും മിമിക്രി ആര്‍ടിസ്റ്റുമായ ഷാജു ശ്രീധര്‍ അബിയെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രമേശ് പിഷാരടിയുടെ ഫണ്‍ അപോണ്‍ എ ടൈം എന്ന പരിപാടിയില്‍ മുമ്പ് പങ്കെടുത്ത സമയത്താണ് ഷാജു ശ്രീധര്‍ അബിയെക്കുറിച്ച് സംസാരിച്ചത്. അബിയുമൊത്തുള്ള ഓര്‍മകളും അദ്ദേഹത്തിന് പെണ്ണുകാണാന്‍ പോയ കഥയും ഷാജു പങ്കുവെച്ചു.

മിമിക്രിയില്‍ ഞാന്‍ ദൂരെ നിന്നും നോക്കികണ്ട ഒരു മഹാത്ഭുതമായിരുന്നു അബി എന്നാണ് ഷാജു ശ്രീധര്‍ പറയുന്നത്. അദ്ദേഹത്തിനാണ് താന്‍ ആദ്യമായി സിനിമയില്‍ ശബ്ദം കൊടുക്കുന്നത്. വാര്‍ധക്യപുരാണം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ശബ്ദം ഇമിറ്റേറ്റ് ചെയ്യുന്ന റോളാണ് അതില്‍ മൊത്തം. അതുകൊണ്ട് തന്നെ താന്‍ അദ്ദേഹത്തിന് ശബ്ദം കൊടുത്തുകൊണ്ടാണ് സിനിമയില്‍ വരുന്നതെന്നും ഷാജു പറഞ്ഞു.
ആ വര്‍ഷം തന്നെ എന്റെ ആദ്യത്തെ ഗള്‍ഫ് യാത്ര അദ്ദേഹത്തിനൊപ്പമായിരുന്നു. അന്നൊരു 18 വയസൊക്കെയേ കാണൂ. അന്ന് ഞാന്‍ അബിക്കയുടെ കൂടെ പോയി, അബിക്കയുടെ റൂമില്‍ അബിക്ക എന്നെ താമസിപ്പിച്ചു. അന്ന് ദുബായ് കണ്ട ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ആണ് അദ്ദേഹം. സ്റ്റേജില്‍ അദ്ദേഹം വരാന്‍ വേണ്ടി ആളുകള്‍ കാത്തിരിക്കുകയായിരിക്കുമെന്നും ഷാജു പറയുന്നു.
'ഞാന്‍, കോട്ടയം നസീര്‍, സാഗര്‍ ഷിയാസ്, അബിക്ക, ഞങ്ങള്‍ നാലുപേരുമായിരുന്നു അന്ന് ഷോയ്ക്ക് കയറിയത്. അതൊക്കെ മറക്കാന്‍ പറ്റാത്ത സ്റ്റേജുകളും ക്രൗഡുമായിരുന്നു. നരേന്ദ്ര പ്രസാദ് സാര്‍ അടക്കമുള്ള ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അബിക്ക വരുന്ന സമയത്തുള്ള ക്രൗഡ് വേറെ തന്നെയാണ്,'ഷാജു പറഞ്ഞു.
വേറെ ഒരു കാര്യം കൂടിയുണ്ടെന്ന് പറഞ്ഞാണ് പെണ്ണുകാണലിന്റെ കഥ ഷാജു പങ്കുവെക്കുന്നത്. അബിക്കയ്ക്ക് വേണ്ടി രാത്രിയാണ് പെണ്ണുകാണാന്‍ പോയതെന്ന് ഷാജു പറഞ്ഞു. പെണ്ണ് കാണാന്‍ അബിക്കയ്‌ക്കൊപ്പം താനാണ് കൂടെ പോകുന്നത്. ഹീറോ ഹോണ്ടയുടെ ചുവന്ന സ്‌പ്ലെണ്ടര്‍ ബൈക്കിലാണ് പോകുന്നത്.

മിമിക്‌സ് ആക്ഷന്‍ 500 ഷൂട്ടിംഗ് നടക്കുന്ന സമയമാണ്. അന്ന് അദ്ദേഹം പറഞ്ഞു, എട ഒന്ന് വണ്ടിയില്‍ കയറുമോ എന്ന് ചോദിച്ചിട്ട്, വണ്ടിയില്‍ കയറി പോവുകയാണ്. പകുതി വഴി ഒക്കെ എത്തിയപ്പോള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു. ഒരു പെണ്ണുകാണാന്‍ പോവുകയാണെന്ന് പറഞ്ഞു.
'പാതിരാത്രി പെണ്ണു കാണാന്‍ പോകുന്ന ഒരാളെ ലൈഫില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. അവിടെ ചെന്നു സംസാരിച്ചു. അധികം ആള്‍ക്കാരൊന്നുമില്ല. കുടുംബം മാത്രമേയുള്ളു. ആ കല്യാണം ഉറപ്പിച്ചു. അങ്ങനെ ആ വിവാഹം നടന്നു. അതിലുണ്ടായ മകനാണ് ഷെയ്ന്‍,' എന്നും ഷാജു പറഞ്ഞു.


Click it and Unblock the Notifications











