എനിക്കതിൽ നിന്നും പുറത്ത് വരണം; ഞാനും മാറും; ഷക്കീലയും ഇസ്ലാമിക ജീവിതത്തിലേക്കോ; മുംതാസുമായുള്ള സംഭാഷണം
ബി ഗ്രേഡ് സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയിട്ട് വർഷങ്ങളായിട്ടും ഷക്കീലയെ ഇന്നും ആ ഇമേജിൽ കാണുന്നവരുണ്ട്. തന്റെ കുടുംബത്തിന് വേണ്ടിയാണ് ഇത്തരം സിനിമകളിൽ അഭിനയിക്കേണ്ടി വന്നതെന്നും സാമ്പത്തിക പ്രശ്നങ്ങളുള്ള കുടുംബത്തിന്റെ ആശ്രയം താനായിരുന്നെന്ന് ഷക്കീല തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് കുടുംബവുമായും അകൽച്ചയിലാണ് ഷക്കീല. ജീവിതത്തിൽ പറ്റിപ്പോയ പിഴവുകളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഷക്കീല മടിക്കാറില്ല.
കുടുംബത്തിന് വേണ്ടി ജീവിച്ച താൻ സ്വന്തം ജീവിതത്തെക്കുറിച്ച് ആലോചിച്ചില്ലെന്ന് നടി ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്. തനിക്ക് പറ്റിയ തെറ്റ് മറ്റാർക്കും പറ്റരുതെന്നും ഷക്കീലയ്ക്ക് ആഗ്രഹമുണ്ട്. സോഷ്യൽ മീഡിയയിൽ പെൺകുട്ടികൾ മോശമായി വസ്ത്രം ധരിച്ച് വീഡിയോ ചെയ്യുന്നതിനെതിരെ അടുത്തിടെ ഷക്കീല സംസാരിക്കുകയുണ്ടായി. ഇപ്പോഴിതാ മുൻ നടി മുംതാസുമായുള്ള ഷക്കീലയുടെ സംഭാഷണമാണ് ശ്രദ്ധ നേടുന്നത്.

അതീവ ഗ്ലാമറസായി ഒരു കാലത്ത് സിനിമാ രംഗത്ത് അറിയപ്പെട്ട നടിയാണ് മുംതാസ്. എന്നാൽ ഇന്ന് സിനിമ വിട്ട് ഇസ്ലാമിക ദർശന പ്രകാരമുള്ള ജീവിതം നയിക്കുകയാണ് മുംതാസ്. ഹിജാബ് ധരിച്ച് മാത്രമാണ് മുംതാസിനെ ഇപ്പോൾ കാണാറുള്ളത്. ഒരു തമിഴ് മീഡിയക്ക് വേണ്ടി മുംതാസിന്റെ അഭിമുഖമെടുത്തതായിരുന്നു ഷക്കീല. മുംതാസിന്റെ ഇപ്പോഴത്തെ ജീവിതത്തിലും കാഴ്ചപ്പാടുകളിലും ഷക്കീല ആകൃഷ്ടയായി. മുംതാസിനോട് തന്റെ കുറ്റങ്ങളിൽ നിന്ന് എങ്ങനെ പാപമോചനം നേടാൻ പറ്റുമെന്ന് ഷക്കീല ചോദിച്ചു.
ഞാൻ ചെയ്തത്രയും നിങ്ങൾ സിനിമകളിൽ ചെയ്തിട്ടില്ല. നിങ്ങൾക്കീ ബോധം നേരത്തെ വന്നതിൽ എനിക്ക് അസൂയയുണ്ട്. ഞാനൊരു വലിയ തെറ്റ് ചെയ്തു. എനിക്കതിൽ നിന്നും പുറത്ത് വരണം. എങ്ങനെയാണത് സാധിക്കുക എന്ന് ഷക്കീല മുംതാസിനോട് ചോദിച്ചു. ഇത് കേട്ട് മുംതാസ് വികാരഭരിതയായി. അള്ളാഹു ഇതിൽ നിന്ന് നിങ്ങളെ പുറത്തെത്തിക്കും. നിങ്ങളതിന് വേണ്ടി പ്രാർത്ഥിക്കണം. ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. ഇത് കാണുന്ന എല്ലാവരും പ്രാർത്ഥിക്കും. ആളുകൾ നിങ്ങളെ സ്വീകരിച്ചാലും ഇല്ലെങ്കിലും അത് പ്രശ്നമല്ല. അള്ളാഹു നിങ്ങളെ സഹായിക്കും എന്നാണ് മുംതാസ് നൽകിയ മറുപടി.

ഇതേക്കുറിച്ച് പഠിപ്പിക്കാൻ താൻ പലരോടും ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ആരും അതിന് തയ്യാറായില്ലെന്ന് ഷക്കീല പറഞ്ഞു. ഷക്കീലയെക്കുറിച്ച് താൻ ശ്രദ്ധിച്ച കാര്യം മുംതാസ് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. കിരൺ റാത്തോഡുമായുള്ള അഭിമുഖത്തിന്റെ ക്ലിപ്പ് ഞാൻ കണ്ടു. അതിൽ അവർ നിങ്ങൾക്ക് ഭക്ഷണം വാരി തന്നപ്പോൾ നിങ്ങൾ ബിസ്മില്ലാ എന്ന് പറഞ്ഞു. അതെന്നെ വളരെ ഇമോഷണലാക്കി. അള്ളാഹുവിനോട് സ്നേഹമില്ലാതെ ആർക്കും അള്ളാഹുവിനെ പേര് പറയാൻ പറ്റില്ല. ആ ഭാഗ്യം എല്ലാവർക്കും കിട്ടില്ലെന്നും മുംതാസ് പറഞ്ഞു.
അഭിമുഖം മുന്നോട്ട് പോകവെ ഷക്കീലയും മുംതാസും വികാരഭരിതരായി. നിങ്ങളുടെ നമ്പർ വാങ്ങി ഒരുപാട് സംസാരിക്കണം. ഇത് പോലെ മാറാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് വർഷമാണ് ഞാൻ കരുതുന്നത്. പക്ഷെ അടുത്ത വർഷവും മാറിയാലും അത് അള്ളാഹുവിന്റെ വിളിയാണ്. നമ്മൾക്ക് വീണ്ടും കാണാമെന്ന് ഷക്കീല പറഞ്ഞു. അത് മനോഹരമായ യാത്രയായിരിക്കുമെന്ന് മുംതാസും മറുപടി നൽകി.


Click it and Unblock the Notifications











