സംശയം തീർക്കാൻ പോയപ്പോൾ ഡോക്ടർ മോശമായി പെരുമാറി; നഴ്സ് എന്നെ പിടിച്ച് മാറ്റുകയായിരുന്നു; ഷക്കീല
മലയാള സിനിമകളിലെ മാദക താരമായി ഒരുകാലത്ത് അറിയപ്പെട്ട നടിയാണ് ഷക്കീല. സിനിമാ ലോകത്ത് ഷക്കീല എന്ന പേര് അന്നും ഇന്നും പ്രശസ്തമാണ്. സൂപ്പർ താരങ്ങളുടെ സിനിമകളേക്കാളും ഷക്കീല ചിത്രങ്ങൾ തിയറ്ററിൽ നിറഞ്ഞോടിയ കാലമായിരുന്നു അത്. മലയാള സിനിമാ വ്യവസായത്തെ പിടിച്ച് നിർത്താൻ അന്ന് ഷക്കീലയ്ക്ക് കഴിഞ്ഞെന്നും അഭിപ്രായമുണ്ട്. പ്രമുഖ താരങ്ങളുടെ സിനിമകൾ തുടരെ പരാജയപ്പെട്ട കാലമായിരുന്നു അത്.
നഷ്ടം വന്ന നിർമാതാക്കൾക്ക് പിടിച്ച് നിൽക്കാൻ ഷക്കീല സിനിമകളിലൂടെ കഴിഞ്ഞു. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഷക്കീല തരംഗം അവസാനിച്ചു. ഇത്തരം സിനിമകളുടെ നിർമാണത്തിന് തടസ്സങ്ങൾ നേരിടുകയും ഇതിനിടെ ഷക്കീല മലയാള സിനിമാ രംഗം വിടുകയും ചെയ്തു. മോശം ഇമേജിൽ സിനിമാ രംഗത്ത് തളയ്ക്കപ്പെട്ടതോടെയാണ് നടി ബുക്ക് ചെയ്ത സിനിമകളുടെ അഡ്വാൻസ് തിരികെ കൊടുത്ത് തിരികെ ചെന്നെയിലേക്ക് പോയത്.
തമിഴ്, തെലുങ്ക് സിനിമകളിൽ ചെറിയ വേഷങ്ങളിൽ ഷക്കീല അഭിനയിച്ചു. ഷക്കീലയുടെ പഴയ പ്രതിച്ഛായയിൽ നിന്നും ഒരുപാട് മാറ്റം ഇന്ന് വന്നിട്ടുണ്ട്. തമിഴ് ജനതയ്ക്ക് ഇന്ന് പ്രിയപ്പെട്ടവളാണ് ഷക്കീല. നിരവധി ഷോകളിൽ ഷക്കീല അതിഥിയായും അവതാരകയായും എത്തുന്നുണ്ട്.

തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയെ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഡോക്ടറിൽ നിന്നുണ്ടായ മോശം പെരുമാറ്റമാണ് ഷക്കീല തുറന്ന് പറഞ്ഞത്.
ഡോക്ടർ മരുന്നുകൾ എഴുതിത്തന്നു. എന്താണ് അതിൽ എഴുതിയതെന്ന് എനിക്ക് മനസ്സിലായില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ എന്താണ് സംശയമെന്ന് ചോദിച്ച് മറുവശത്തിരിക്കുന്ന ഡോക്ടർ എനിക്കരികിലേക്ക് വന്നു.
പിറകിൽക്കൂടി മോശമായി സ്പർശിച്ചു. ഞാൻ മുഖത്തടിച്ചു. വെറുതെ അടിച്ചതല്ല. നന്നായി അടിച്ചു. ഇന്ന് അതിനുള്ള ശക്തിയുണ്ടോ എന്ന് എനിക്കറിയില്ല. താൻ അടിക്കുന്ന ശബ്ദം കേട്ട് നഴ്സ് ഓടി വരികയും തന്നെ പിടിച്ച് മാറ്റുകയും ചെയ്തെന്നും ഷക്കീല ഓർത്തു. ഗലാട്ട തമിഴ് ചാനലിൽ തമിഴ് സീരിയൽ നടി റിഹാനയെ ഇന്റർവ്യൂ ചെയ്യുമ്പോഴാണ് ഷക്കീല തന്റെ അനുവങ്ങൾ തുറന്ന് പറഞ്ഞത്.

തമിഴിലെ താരങ്ങളുമായി ഷക്കീല നടത്തുന്ന അഭിമുഖങ്ങൾ ശ്രദ്ധ നേടാറുണ്ട്. മലയാള സിനിമകളിലാണ് പേരെടുത്തതെങ്കിലും ഷക്കീലയ്ക്ക് കേരളത്തിലെ പൊതുസമൂഹത്തിൽ ഇപ്പോഴും സ്വീകാര്യതയില്ലെന്ന ആക്ഷേപം ഉണ്ട്. അടുത്തിടെ ഷക്കീലയെ അതിഥിയായി വിളിച്ച് കോഴിക്കോട് നടത്താനിരുന്ന ട്രെയ്ലർ ലോഞ്ചിന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.
ഷക്കീലയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പലപ്പോഴും ചർച്ചയായിട്ടുണ്ട്. സിനിമകളിൽ നിന്നും ലഭിച്ച സമ്പാദ്യമെല്ലാം നടിക്ക് നഷ്ടപ്പെടുകയാണുണ്ടായത്. കുടുംബത്തിന് വേണ്ടി ജീവിച്ച ഷക്കീല അവസാനം ബന്ധുക്കൾ തള്ളിപ്പറഞ്ഞു. ഇന്ന് വാടക വീട്ടിലാണ് നടി താമസിക്കുന്നത്. 40 വർഷമായി വാടക വീട്ടിലാണ് താൻ താമസിക്കുന്നതെന്ന് ഷക്കീല അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.
ദിവസം നാല് ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയ കാലം ഉണ്ടായിരുന്നു. അഭിനയത്തിലൂടെ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. പക്ഷെ അത് ചേച്ചി കൊണ്ട് പോയി. വീട്ടിൽ വെച്ചാൽ ഇൻകം ടാക്സുകാർ വരുമെന്ന് പറഞ്ഞാണ് ചേച്ചി തന്റെ പണം കൈക്കലാക്കിയത്. സീറോയിൽ നിന്നാണ് താൻ പിന്നെ ജീവിതം തുടങ്ങിയതെന്നും ഷക്കീല അന്ന് വ്യക്തമാക്കി. അഭിമുഖങ്ങളിൽ ഷക്കീല നടത്തുന്ന തുറന്ന് പറച്ചിലുകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.


Click it and Unblock the Notifications