'തുറക്കെടീ'!, മദ്യപിച്ച് അവർ രൂപശ്രീയുടെ മുറിക്ക് മുന്നിൽ; ഞാൻ നേരിട്ട് കണ്ടതാണ്; തുറന്ന് പറഞ്ഞ് ഷക്കീല
മലയാള സിനിമാ രംഗത്തെ പ്രമുഖരെ കുരുക്കിലാക്കുകയാണ് സ്ത്രീകളുടെ തുറന്ന് പറച്ചിൽ. സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ബാബുരാജ് തുടങ്ങിയവർക്കെതിയെല്ലാം പരാതികൾ വന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണങ്ങൾ ഉന്നയിച്ചത്. മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോഴിതാ ഒരു നടിക്ക് നേരിടേണ്ടി വന്ന ദുരനുഭവം നേരിട്ട് കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ഷക്കീല.
നടി രൂപശ്രീയെക്കുറിച്ചാണ് ഒരു തമിഴ് മീഡിയയിൽ ഷക്കീല സംസാരിച്ചത്. നടിമാരുടെ കതകിൽ തട്ടി ശല്യം ചെയ്യുന്ന പ്രവണത സിനിമാ രംഗത്ത് താൻ കണ്ടിട്ടുണ്ടെന്ന് ഷക്കീല പറയുന്നു. രൂപശ്രീ എന്ന ആർട്ടിസ്റ്റുണ്ട്. അവർ നായികയായി അഭിനയിക്കുന്ന സിനിമ. ഞാനും അഭിനയിക്കുന്നുണ്ട്. എന്റെ മുറിയുടെ എതിർവശമാണ് അവരുടെ മുറി. മദ്യപിച്ച് വന്ന ആളുകൾ അവരുടെ കതകിൽ തട്ടി വലിയ പ്രശ്നമുണ്ടാക്കി.

ആ പെൺകുട്ടി മുറിയിലിരുന്ന് ഭയന്ന് കരഞ്ഞു. ഞങ്ങൾ വന്ന് നോക്കിയപ്പോൾ നാലഞ്ച് ആളുകൾ മദ്യപിച്ച അവസ്ഥയിൽ. വാതിൽ തുറക്കെടീ എന്ന് പറഞ്ഞ് ബഹളം വെക്കുന്നു. ഞാനും എന്റെ അനിയനും എന്റെ സുഹൃത്തുക്കളുമുണ്ട്. ഷൂട്ടിംഗിന് എപ്പോഴും അങ്ങനെയാണ് പോകാറ്. ഈ ആളുകളുമായി ഞങ്ങൾ വഴക്കായി. അവിടെ ഒരു അമേരിക്കൻ അച്ചായനുണ്ട്. അവരോട് സംസാരിച്ച് നാല് മണിക്ക് വണ്ടി വരുത്തി രൂപശ്രീയെ ചെന്നെെയിലേക്ക് അയച്ചു.
ഇത്തരം സംഭവങ്ങൾ ഒരുപാട് നടന്നിട്ടുണ്ട്. എന്റെ കൺമുന്നിൽ കാണുന്ന കാര്യങ്ങളിൽ അപ്പോൾ തന്നെ പ്രതികരിക്കാറുണ്ട്. ആ പടങ്ങൾക്ക് ഡേറ്റ് കൊടുക്കാതിരുന്നിട്ടുണ്ടെന്നും ഷക്കീല പറയുന്നു. രൂപശ്രീയോട് ചോദിച്ചാൽ ഇക്കാര്യം സത്യമാണെന്ന് മനസിലാകുമെന്നും ഷക്കീല പറയുന്നു.

മലയാള സിനിമാ രംഗത്ത് തന്റെ സിനിമകൾക്കെതിരെയും ഗൂഡ നീക്കങ്ങൾ നടന്നിട്ടുണ്ടെന്ന് ഷക്കീല പറയുന്നു. എന്റെ സിനിമകൾക്ക് സെൻസർ കൊടുത്തില്ല, എന്നെ ബാൻ ചെയ്യാൻ ആലോചിച്ചു. എന്നെക്കുറിച്ച് ഒരു മുസ്ലിം മന്ത്രിയോട് പോയി സംസാരിച്ചു. അമ്മ അസോസിയേഷനാണ് അങ്ങനെ ചെയ്തത്. ഒരു നടനിൽ നിന്നാണ് ഞാൻ ഇക്കാര്യങ്ങൾ അറിഞ്ഞത്. ആ നടൻ അന്തരിച്ചെന്നും ഷക്കീല പറയുന്നു.
തിയറ്ററുകൾ കല്യാണ മണ്ഡപങ്ങൾ ആയിരുന്ന കാലത്താണ് തന്റെ സിനിമകൾ സിനിമാ മേഖലയ്ക്ക് താങ്ങായത്. എന്നാൽ ആണധികാരം ഉപയോഗിച്ച് തന്റെ കരിയർ അവർ ഇല്ലാതാക്കിയെന്നും ഷക്കീല പറയുന്നു. 2001 ലേ ഇക്കാര്യങ്ങൾ ഞാൻ തുറന്ന് പറഞ്ഞതാണ്. അന്ന് ആരും തന്നെ പിന്തുണച്ചില്ലെന്നും ഷക്കീല പറയുന്നു.
അതേസമയം ഇപ്പോൾ വരുന്ന തുറന്ന് പറച്ചിലുകൾ കാരണം മലയാള സിനിമാ രംഗത്തെ മാത്രം മോശമായി കാണേണ്ടതില്ലെന്നും ഷക്കീല പറയുന്നു. ഇതൊരു പാൻ ഇന്ത്യൻ പ്രശ്നമാണ്. തമിഴിൽ കാസ്റ്റിംഗ് കൗച്ച് മലയാളത്തേക്കാൾ കൂടുതലാണ്. തമിഴിനേക്കാൾ കൂടുതൽ തെലുങ്ക് സിനിമാ രംഗത്ത് ഈ പ്രവണതയുണ്ടെന്നും ഷക്കീല തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











