യഥാർത്ഥ അമ്മ നൽകുന്ന സ്നേഹം നൽകാനില്ല; പണമുണ്ടായിട്ട് കാര്യമില്ല; വാടക ഗർഭധാരണത്തിനെതിരെ ഷക്കീല
ബി ഗ്രേഡ് സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയിട്ട് വർഷങ്ങളായെങ്കിലും ഈ സിനിമകളുണ്ടാക്കിയ പ്രതിച്ഛായ മാറാൻ ഷക്കീലയ്ക്ക് പിന്നെയും ഏറെക്കാലം വേണ്ടി വന്നു. ഇന്ന് തമിഴ് മീഡിയകളിലെ അഭിമുഖ പരിപാടികളിൽ ആങ്കറായി ഷക്കീല എത്താറുണ്ട്. തനിക്ക് ജീവിതത്തിൽ പറ്റിയ പിഴവുകളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഷക്കീല മടിക്കാറില്ല. ഇപ്പോഴിതാ സ്ത്രീകളെക്കുറിച്ചുള്ള ചില കാര്യങ്ങളിൽ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് നടി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
പണം സമ്പാദിക്കുന്നെന്ന് കരുതി തലയിൽ കൊമ്പുണ്ടെന്ന് കരുതുന്ന സ്ത്രീകളുണ്ടെന്ന് ഷക്കീല പറയുന്നു. പവർ ആരുടെയും ജീവിതത്തിൽ അനിവാര്യമല്ല. എനിക്ക് ഒരു ഭർത്താവും രണ്ട് മക്കളും ഉണ്ടെന്ന് കരുതുക. ഭർത്താവും ഞാനും സമ്പാദിക്കുന്നു. അത് കുട്ടികൾക്ക് വേണ്ടി ചെലവഴിക്കുന്നു. ഇന്ന് സ്ത്രീകൾ സമ്പാദിക്കുമ്പോൾ അവർ കരുതുന്നത് തലയിൽ കൊമ്പുണ്ടെന്നാണ്.

പുരുഷൻമാരില്ലാതെ സ്ത്രീകൾക്ക് കുട്ടികളുണ്ടാക്കാനാകില്ല. ഐവിഎഎഫോ, സറൊഗസിയോ ചെയ്ത് കൂടേയെന്ന മണ്ടൻ ചോദ്യം അപ്പോൾ നിങ്ങൾക്ക് ചോദിക്കാം. പക്ഷെ അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ സ്വാഭാവികമായ അമ്മയല്ല. യഥാർത്ഥ അമ്മ നൽകുന്ന സ്നേഹം നിങ്ങൾക്ക് കുഞ്ഞിന് നൽകാനാവില്ല. പണമുണ്ടെന്ന് കരുതി ഐവിഎഫ് ചെയ്ത് കുഞ്ഞുണ്ടാകുന്നതിൽ കാര്യമില്ലെന്നും ഷക്കീല തുറന്നടിച്ചു.
അമ്മയായാലേ സ്ത്രീ പൂർണയാകൂ എന്ന് താൻ കരുതുന്നെന്നും ഷക്കീല വ്യക്തമാക്കി.
കുഞ്ഞില്ലെന്ന വിടവ് തനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഭാഗ്യത്തിന് എനിക്കിന്ന് ട്രാൻസ്ജെൻഡർ കുട്ടികളുണ്ട്. അവർ എന്നെ അമ്മേയെന്ന് വിളിക്കുന്നു. അതിൽ സന്തുഷ്ടയാണ്. പക്ഷെ അഞ്ചാറ് വർഷം മുമ്പ് ഞാൻ പൂർണ സ്ത്രീയല്ല എന്ന് തോന്നിയിരുന്നു. എന്നാൽ ട്രാൻസ്ജെൻഡർ കുട്ടികൾ തന്നെ അമ്മയായി കണ്ടതോടെ ആ വിഷമം മാറിയെന്നും ഷക്കീല വ്യക്തമാക്കി. നടി വാടക ഗർഭധാരണത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇതിനോടകം ചർച്ചയാകുന്നുണ്ട്.

നടിമാരായ നയൻതാര, പ്രിയങ്ക ചോപ്ര, പ്രീതി സിന്റ തുടങ്ങിയ നടിമാരെല്ലാം വാടക ഗർഭധാരണം വഴിയാണ് കുഞ്ഞിനെ സ്വീകരിച്ചത്. നയൻതാരയുടെ സറൊഗസി തമിഴ്നാട്ടിൽ വലിയ തോതിൽ ചർച്ചയായതുമാണ്. ജീവിതത്തിൽ താൻ മാറ്റേണ്ടതായിരുന്നു എന്ന് തോന്നിയ കാര്യങ്ങളെക്കുറിച്ചും ഷക്കീല അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. പണം എന്റെ കൈവശം വെക്കണമായിരുന്നു. അത് ചെയ്തില്ല. എല്ലാവരെയും വിശ്വസിക്കുന്നത് തെറ്റാണ്. കുടുംബത്തെ പോലും. കണ്ണടച്ച് വിശ്വസിക്കരുതായിരുന്നെന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും ഷക്കീല തുറന്ന് പറഞ്ഞു.
കരിയറിലെ തിരക്കേറിയ സമയത്ത് സമ്പാദിച്ചതെല്ലാം തന്റെ കുടുംബത്തിന് നൽകുകയായിരുന്നെന്ന് ഷക്കീല നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു ഘട്ടത്തിൽ കുടുംബം നടിയെ തള്ളിപ്പറയുകയാണുണ്ടായത്. മലയാളത്തിൽ ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ ചർച്ചയായ ഷക്കീല പിന്നീട് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നത് നിർത്തുകയായിരുന്നു. അശ്ലീല സിനിമകളിൽ ഡ്യൂപ്പിനെ വെച്ച് രംഗങ്ങൾ ചിത്രീകരിച്ച് ഇത് ഷക്കീലയെന്ന പേരിൽ തിയറ്ററുകളിലെത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് താൻ കരിയർ വിട്ടതെന്നാണ് ഷക്കീല പറയുന്നത്.


Click it and Unblock the Notifications