അമ്മയെത്ര വലിയ താരമായിരുന്നെന്ന് അറിയാത്ത മക്കൾ; മഞ്ജുവിന്റെ സ്ഥിതി ശാലിനിക്കും?
കഴിഞ്ഞ ദിവസം ജെഎഫ്ഡബ്ല്യു അവാർഡ് വേദിയിൽ മുൻനടി ശാലിനി പറഞ്ഞ വാക്കുകൾ കാണികളായിരുന്ന പല പ്രമുഖരും അത്ഭുതത്തോടെയാണ് കേട്ടത്. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകം ആഘോഷിച്ച നടിയാണ് ശാലിനി. ബാലതാരമായും പിന്നീട് നായികനടിയായും ശ്രദ്ധിക്കപ്പെട്ട അഭിനേത്രി. എന്നാൽ തന്റെ ഒരു സിനിമ പോലും മക്കൾ രണ്ട് പേരും കണ്ടിട്ടില്ലെന്നാണ് ശാലിനി അവാർഡ് വേദിയിൽ പറഞ്ഞത്.
എന്റെ ഒരു സിനിമയെങ്കിലും കാണൂ എന്നാണ് മക്കളോട് എനിക്ക് പറയാനുള്ളത്. ഇതുവരെയും എന്റെ ഒരു സിനിമയും കണ്ടിട്ടില്ല. പ്ലാൻ ചെയ്യുമെങ്കിലും ഓക്കെ അമ്മ, പിന്നെ കാണാമെന്ന് പറയും. ഒരിക്കൽ മകൾ എന്നോട് അമ്മ, എന്റെ സുഹൃത്ത് ഒരു നല്ല സിനിമ കണ്ടു, കഥ കേട്ടപ്പോൾ എനിക്കിഷ്ടമായി, അലെെപായുതേ എന്നാണ് സിനിമയുടെ പേര്. അമ്മയ്ക്കൊപ്പം എനിക്കാ സിനിമ കാണണം എന്ന് പറഞ്ഞു. അവൾ ആവേശത്തിലായിരുന്നു. എന്നാൽ സിനിമ കണ്ടില്ല.

പാട്ടുകൾ കേട്ട് പോയി. ഇന്ന് ഈ ഇവന്റിന് വരുന്ന കാര്യം ഞാൻ മകനോട് സംസാരിച്ചു. അവനിക്കാര്യം സംസാരിക്കാൻ താൽപര്യം തോന്നി. അമ്മ അവാർഡ് ഷോയ്ക്ക് പോകുന്നു, റൊണാൾഡോ ബാലന്റീൻ പുരസ്കാരം നൽകുന്നത് പോലെ അമ്മ അവാർഡ് നൽകുന്നു എന്നെല്ലാം അവൻ സുഹൃത്തുക്കളോട് പറഞ്ഞു. ഇത്ര എക്സെെറ്റഡ് ആണെങ്കിൽ എന്തുകൊണ്ട് എന്റെ ഒരു സിനിമ കണ്ട് കൂടെന്ന് ഞാൻ ചോദിച്ചു. ഓക്കെ അമ്മ കാണാം എന്ന് പറഞ്ഞു. അത്രമാത്രമേയുള്ളൂയെന്ന് ശാലിനി പറയുന്നു.
ശാലിനിയുടെ ജനറേഷനിൽ വന്ന മിക്ക നായിക നടിമാരും വിവാഹ ശേഷം അഭിനയ രംഗം വിട്ടവരാണ്. ഇതേ കാലഘട്ടത്തിലെ നായകനടൻമാർ സൂപ്പർതാരങ്ങളുമായി. വളരെ കുറച്ച് നടിമാർക്ക് മാത്രമേ വിവാഹ ശേഷമെടുത്ത ഇടവേളയ്ക്ക് ശേഷം ശക്തമായി തിരിച്ച് വരാൻ പറ്റിയിട്ടുള്ളൂ. മഞ്ജു വാര്യർ, ജ്യോതിക എന്നിവരാണിതിന് ഉദാഹരണം. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും നീണ്ട ഇടവേള എടുത്തവരാണിവർ.
പ്രത്യേകിച്ചും മഞ്ജു വാര്യർ കരിയർ വിട്ടത് അക്കാലത്ത് വലിയ ചർച്ചയായി. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് മഞ്ജു അഭിനയ രംഗം വിട്ടത്. ഭർത്താവായിരുന്ന ദിലീപ് പിൽക്കാലത്ത് സൂപ്പർതാരമായി. മഞ്ജു അമ്മയായി കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. അമ്മ എത്ര വലിയ താരമായിരുന്നെന്ന് മകളായ മീനാക്ഷിക്ക് അറിയുമായിരുന്നില്ല. ഒരിക്കൽ ഇതേക്കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സംസാരിച്ചിട്ടുണ്ട്.
മീനാക്ഷിയെ സംബന്ധിച്ച് അച്ഛനായിരുന്നു ഹീറോ. അച്ഛൻ ആ സമയത്ത് വലിയ താരമാണ്. ലോകം മുഴുവൻ അച്ഛന് ആരാധകരും. എന്നാൽ അമ്മ മഞ്ജു ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് മീനാക്ഷി കണ്ടിട്ടുള്ളതെന്നും ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞു. ഞ്ജു കുഞ്ഞിനെ പ്രസവിച്ച ശേഷം വന്ന ഒരു അഭിമുഖത്തിൽ ഞാൻ ഡാൻസ് ചെയ്യുമോ എന്ന് പോലും എന്റെ മോൾക്ക് അറിയില്ല എന്ന് പറഞ്ഞിരുന്നു. ഇപ്പോഴാണ് മഞ്ജുവിന്റെ കഴിവ് മകൾ അറിയുന്നതെന്നാണ് നടി ജീജ സുരേന്ദ്രൻ ഒരിക്കൽ പറഞ്ഞത്.


Click it and Unblock the Notifications











