മഞ്ജു ചേച്ചിയാണ് വിളിച്ച് പറയുന്നത്; പ്രാങ്കാണെന്ന് കരുതി വിശ്വസിച്ചില്ല! അവാര്‍ഡ് കിട്ടിയതിനെ പറ്റി നടി ശാലു
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലായിരുന്നു ചന്ദനമഴ. സീരിയലിലെ നായിക പ്രിയങ്കരിയായിരുന്നെങ്കില്‍ അതിലെ വില്ലത്തി വേഷത്തിലെത്തി നടി ശാലു കുര്യനും പ്രേക്ഷക പ്രശംസ നേടിയെടുത്തു. വര്‍ഷ എന്ന നെഗറ്റീവ് കഥാപാത്രമായിരുന്നു ശാലു അവതരിപ്പിച്ചിരുന്നത്.
പിന്നീട് സിനിമയിലും സജീവമായി അഭിനയിച്ച് ശാലു അഭിനയത്തിനൊപ്പം കുടുംബജീവിതവും മുന്നോട്ട് കൊണ്ട് പോയി. ഇപ്പോഴും അഭിനയത്തില്‍ സജീവമായി തുടരുകയാണ് നടി. ഇതിനിടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാലു.

ചന്ദനമഴ സീരിയലിലെ വര്‍ഷ എന്ന കഥാപാത്രത്തിന് ആദ്യം നെഗറ്റീവ് ആയിരുന്നെങ്കിലും പ്രേക്ഷകര്‍ക്ക് ആ കഥാപാത്രം മനസിലായിരുന്നു. കാരണം വര്‍ഷയിലും ചില ന്യായങ്ങളുണ്ടായിരുന്നു. പിന്നെ നീ അമൃത ഉപദ്രവിക്കുമോടീ എന്ന് ചോദിച്ച് ചിലര്‍ നുള്ളാനൊക്കെ വന്നിട്ടുണ്ട്. അതല്ലാതെ നെഗറ്റീവായിട്ടുള്ള പ്രതികരണമൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ശാലു പറയുന്നത്.
ഞാന്‍ അഭിനയത്തില്‍ നിന്നും വലിയ ഗ്യാപ്പ് എടുത്തതായി ആളുകള്‍ക്ക് തോന്നാറുണ്ട്. സത്യത്തില്‍ ഞാനത്രയും ഗ്യാപ്പ് എടുത്തിട്ടില്ല. ചന്ദനമഴ തീരാന്‍ ആയപ്പോഴാണ് എന്റെ കല്യാണം. ആ സമയത്ത് ഓടി നടന്ന് അഭിനയിക്കുമായിരുന്നു. മാസത്തില്‍ മുപ്പത് ദിവസം പോലും തികയാതെ വരുമായിരുന്നു. മൂന്നോ നാലോ സീരിയലുകള്‍ക്ക് വേണ്ടി ഡേറ്റ് തിരിച്ച് കൊടുത്തിരിക്കുകയായിരുന്നു. ഡേറ്റ് ക്ലാഷ് ആയിട്ട് അവിടുന്നും ഇവിടുന്നുമൊക്കെ പ്രശ്‌നമായ സംഭവങ്ങളും ഉണ്ട്.
വിവാഹത്തിന് ശേഷം കൂടുതല്‍ സീരിയലുകള്‍ ഒരുമിച്ച് ചെയ്തില്ലെന്നേയുള്ളു. പക്ഷേ ഞാന്‍ സ്ഥിരമായി അഭിനയിച്ചിരുന്നു. ആദ്യത്തെ തവണ ഗര്‍ഭിണിയായപ്പോള്‍ കൊവിഡ് സമയമാണ്. അന്നേരമാണ് വീട്ടിലിരുന്ന് പോയത്. അത് കഴിഞ്ഞിട്ടും ഞാന്‍ അഭിനയിക്കാന്‍ വന്നു. പിന്നെ എന്റെ മാതാവ് എന്ന സീരിയല്‍ ചെയ്യുമ്പോഴാണ് രണ്ടാമതും ഗര്‍ഭിണിയാവുന്നത്. ഏകദേശം അഞ്ച് മാസത്തോളം ഞാനതില്‍ അഭിനയിച്ചു. പിന്നെ തട്ടിം മുട്ടീം ഇടയ്ക്കിടെ ഒന്ന് രണ്ട് എപ്പിസോഡുകളായിട്ട് വന്ന് ചെയ്തു.

എന്റെ മാതാവ് സീരിയല്‍ ചെയ്യുന്നതിനിടയില്‍ എനിക്ക് സ്‌റ്റേറ്റ് അവാര്‍ഡും കിട്ടിയിരുന്നു. സത്യത്തില്‍ അത് കിട്ടിയെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചില്ലെന്ന് മാത്രമല്ല വിശ്വസിച്ചില്ലെന്നുള്ളതാണ് സത്യം. എന്നെയിത് വിളിച്ച് പറയുന്നത് മഞ്ജു പിള്ളയാണ്. ചേച്ചിയിത് വിളിച്ച് പറയുമ്പോള്‍ ബംബര്‍ ചിരി എന്ന പരിപാടി ചെയ്യുകയാണ്. കൂടെ സാബു ചേട്ടനടക്കമുള്ളവരുണ്ട്.
മഞ്ജു ചേച്ചി എന്നെ വിളിച്ചിട്ട് എടീ കണ്‍ഗ്രാജുലേഷന്‍സ് എന്ന് പറഞ്ഞു. ആഹ് താങ്ക്യൂ, എന്തിനാണെന്ന് ചോദിച്ചു. എടീ നിനക്കാണ് സ്‌റ്റേറ്റ് അവാര്‍ഡെന്ന് ചേച്ചി പറഞ്ഞു. സ്റ്റേറ്റ് അവാര്‍ഡേ ഉള്ളോ, നാഷണല്‍ അവാര്‍ഡില്ലെന്ന് ഞാന്‍ തിരികെ ചോദിച്ചു. സത്യമാണെന്ന് വീണ്ടും പറഞ്ഞെങ്കിലും നിങ്ങള്‍ക്ക് പ്രാങ്ക് കളിക്കാന്‍ വേറെ ആരെയും കിട്ടിയില്ലേ എന്നൊക്കെ ഞാന്‍ പറഞ്ഞു.


Click it and Unblock the Notifications











