പിതാവിന്റെ പ്രണയരംഗത്തില്‍ താളമിട്ട് കൊടുത്ത് അഭിനയിച്ച ഏക മകന്‍ താനായിരിക്കുമെന്ന് ഷമ്മി തിലകന്‍
താന്‍ അഭിനയിച്ച സിനിമകളുടെ പിന്നണയില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് കൊണ്ട് നടന്‍ ഷമ്മി തിലകന്‍ എത്താറുണ്ട്. കുത്തിപ്പൊക്കല്‍ പരമ്പര എന്ന് താരം തന്നെ പേരിട്ട് വിളിക്കുന്നുമുണ്ട്. ലോക്ഡൗണിലായതോടെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന കുറിപ്പിലൂടെയാണ് തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. ഇപ്പോഴിതാ സ്വന്തം അച്ഛന്റെ പ്രണയഗാനത്തിന് തബല വായിച്ച് ഇരിക്കേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് താരം.
ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം
ഭരത് ഗോപി ചേട്ടനും, എന്റെ പിതാവും നായകന്മാരായും, ലിസി, ജയരേഖ, എന്നിവര്‍ നായികമാരായും, മമ്മൂക്ക അതിഥി താരമായും അഭിനയിച്ച്, ആന്റണി ഈസ്റ്റ്മാന്‍ സംവിധാനംചെയ്ത്, 1986-ല്‍ റിലീസ് ചെയ്ത ഐസ്‌ക്രീം എന്ന സിനിമയിലെ ഒരു യുഗ്മഗാനം.

പ്രേമമെന്നാലെന്ത്..?
അതിന്‍ ദാഹമെന്നാലെന്ത്..?
ആരോമലാളല്ലേ ചൊല്ലാമോ..?
ഒരു തൂവലാലുള്ളം തലോടാമോ..?
പുലിയൂര്‍ സരോജ നൃത്തസംവിധാനം നിര്‍വ്വഹിച്ച ഈ ഗാനരംഗത്തില്‍, സൂക്ഷിച്ചു നോക്കിയാല്‍ എന്നേയും കാണാം. ഗോപിയേട്ടന്റേയും, അച്ഛന്റേയും പാട്ടിന് താളം ഇടുന്ന തബലിസ്റ്റ് മറ്റാരുമല്ല, ഈ ഞാന്‍ തന്നെയാണ്. ക ജി ജോര്‍ജ്ജ് സാറിന്റെ കീഴില്‍ സിനിമയിലും അച്ഛന്റെ കീഴില്‍ നാടകത്തിലും സഹസംവിധായകനായി അന്ന് പ്രവര്‍ത്തിച്ച് വന്നിരുന്ന ഞാന്‍, പുലിയൂര്‍ സരോജയുടെ നൃത്ത സംവിധാനം കണ്ട് മനസ്സിലാക്കുന്നതിനും ഭരത് ഗോപി എന്ന അതുല്യ പ്രതിഭയെ അടുത്ത് അറിയുന്നതിനും വേണ്ടിയാണ് അച്ഛനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ (ബോള്‍ഗാട്ടി പാലസ്) പോയത്.

ഗാനരംഗത്തില്‍ അഭിനയിക്കേണ്ടിയിരുന്ന തബലിസ്റ്റ് വരാതിരുന്നതിനാല്‍ ഷൂട്ടിംഗ് മുടങ്ങും എന്ന സാഹചര്യത്തില്‍ അച്ചനും, ഗോപിയേട്ടനും കൂടി എന്നെ പിടിച്ചു തബലിസ്റ്റിന്റെ വേഷം കെട്ടിച്ചു. സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയില്‍ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല എന്നത് ചരിത്രം.
ഇന്നായിരുന്നെങ്കില്‍ ഇങ്ങനെ ട്രോള്‍ വന്നേനെ. സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാന്‍ പറ്റുമോ സക്കീര്‍ ഭായീ നിങ്ങള്‍ക്ക്. പറ്റില്ല ഭായീ.


Click it and Unblock the Notifications