തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ ഉത്കണ്ഠയില്‍!3 കോടി രൂപ നല്‍കിയ ലോറന്‍സിനെ കുറിച്ച് ഷമ്മി തിലകന്‍
ഒരു ദുരിത കാലം വന്നപ്പോള്‍ മാതൃകയാവുകയാണ് സിനിമാ താരങ്ങള്‍. കോടിക്കണക്കിന് രൂപയാണ് തെന്നിന്ത്യന്‍ സിനിമാലോകത്തുള്ള പ്രമുഖ താരങ്ങള്‍ സംഭാവനയായി നല്‍കിയിരുന്നത്. ഇപ്പോഴിതാ തമിഴില്‍ നിന്നും നടന്‍ രാഘവ ലോറന്‍സ് വലിയൊരു സാമ്പത്തിക സഹായം നല്‍കി എത്തിയിരിക്കുകയാണ്.
രജനികാന്ത് നായകനായിട്ടെത്തുന്ന ചന്ദ്രമുഖി 2 വില്‍ അഭിനയിക്കുന്നതിന് തനിക്ക് അഡ്വാന്‍സ് തുകയായ 3 കോടി മുഴുവന്‍ കൊവിഡ് ഫണ്ടിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ലോറന്‍സ് തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ആരാധകർ ഇത് വലിയ ആഘോഷമാക്കുകയും ചെയ്തിരിക്കുകയാണ്.

'പ്രിയപ്പെട്ട കൂട്ടുകാരെ ആരാധകരെ നിങ്ങളോട് ഒരു സന്തോഷ വാര്‍ത്ത പങ്കുവെക്കാനുണ്ട്. തലൈവര്‍ നായകനാകുന്ന ചന്ദ്രമുഖി 2 ആണ് എന്റെ അടുത്ത പ്രോജക്ട്.പി വാസു സര്‍ സംവിധാനം ചെയ്ത കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു.
ഈ ചിത്രത്തിനായി എനിക്ക് ലഭിച്ച അഡ്വാന്‍സ് തുകയായ 3 കോടി രൂപ കൊറോണ വൈറസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതായി അറിയിക്കുന്നു. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയുമടക്കം പല രീതിയിലാണ് ആ തുക വിഭാഗിച്ച് നല്‍കിയിരിക്കുന്നത്. അതും താരം സൂചിപ്പിച്ചിരുന്നു'. എന്നാല്‍ ലോറന്‍സിന്റെ ഈ പ്രവൃത്തി സൂപ്പര്‍ താരങ്ങളെ ഉത്കണ്ഠയിലാക്കിയെന്ന് പറയുകയാണ് നടന്‍ ഷമ്മി തിലകന്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഷമ്മി തിലകന്‍ ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഷമ്മി തിലകന്റെ കുറിപ്പ്
'ചന്ദ്രമുഖി 2' ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്. ഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകള്‍ ഉത്കണ്ഠാകുലര്‍. ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാന്‍ ഇടവേള പോലുമില്ലാതെ പതിനഞ്ചര കമ്മിറ്റി കൂടിയാലോചനകള്‍ നടത്തുന്നതായി അറിയുന്നു. ഈ കൊറോണ കാലത്ത് വീട്ടില്‍ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം തമാശകള്‍ കാണേണ്ടി വരുമോ എന്തോ?


Click it and Unblock the Notifications