ആ റോൾ ചെയ്തില്ലായിരുന്നുവെങ്കിൽ നഷ്ടമായിപ്പോയേനെ, ഒഴിവാക്കി വിടാമെന്ന് കരുതി; നേരം സിനിമയെ കുറിച്ച് ഷമ്മി
എന്നേക്കും സിനിമപ്രേമികൾ ഓർത്തിരിക്കാൻ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യുകയോ അഭിനയിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് തെളിയിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. പതിമൂന്ന് വർഷത്തെ സിനിമാ ജീവിതത്തിനിടെ വെറും നാല് സിനിമകൾ മാത്രമാണ് അൽഫോൺസ് സംവിധാനം ചെയ്തത്. അതിൽ സമ്മിശ്ര പ്രതികരണം നേടിയത് അവസാനം റിലീസ് ചെയ്ത ഗോൾഡ് മാത്രമാണ്.
അതിന് മുമ്പ് മലയാളത്തിൽ ചെയ്ത നേരവും പ്രേമവും ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു. നേരത്തിലൂടെയായിരുന്നു സംവിധായകനായുള്ള അൽഫോൺസിന്റെ അരങ്ങേറ്റം. ചിത്രത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ഒരു കഥാപാത്രം ഷമ്മി തിലകൻ ചെയ്ത ഊക്കൻ ടിന്റുവെന്ന എസ്ഐയുടേതായിരുന്നു. ഷമ്മി തിലകൻ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വ്യത്യസ്തതയുള്ള കഥാപാത്രവുമായിരുന്നു.

എന്നാൽ അൽഫോൺസ് കഥ പറയാൻ വന്നപ്പോൾ ഒഴിവാക്കി വിടാമെന്നാണ് ആദ്യം കരുതിയതെന്ന് പറയുകയാണ് ഷമ്മി തിലകൻ. ക്യാരക്ടർ പേര് കേട്ടതോടെയാണ് കഥാപാത്രം ചെയ്യാമെന്ന് സമ്മതിച്ചതെന്നും ഷമ്മി തിലകൻ പറഞ്ഞു. അൽഫോൺസിന് ഞാൻ തന്നെ ആ ഊക്കൻ ടിന്റുവെന്ന കഥാപാത്രം ചെയ്യണമെന്ന് നിർബന്ധമായിരുന്നു. അവനോട് എങ്ങനെ നോ പറയും എന്ന ചിന്തയിലായിരുന്നു ഞാൻ.
നോ പറയാൻ വേണ്ടിയാണ് ക്യാരക്ടറിനെ കുറിച്ച് പറയാൻ അൽഫോൺസിനോട് പറഞ്ഞത്. അത് കേട്ട് കഴിയുമ്പോൾ എങ്ങനെ എങ്കിലും ഒഴിവാക്കാമെന്നാണ് കരുതിയിരുന്നത്. അങ്ങനെ അൽഫോൺസ് കഥാപാത്രത്തെ കുറിച്ച് പറഞ്ഞു. ഒപ്പം ക്യാരക്ടറിന്റെ പേര് ഊക്കൻ ടിന്റുവെന്നാണെന്നും പറഞ്ഞു. ക്യാരക്ടർ പേര് കേട്ടതോടെ കഥാപാത്രം ചെയ്യാമെന്ന് ഞാൻ ഓക്കെ പറഞ്ഞു.
അങ്ങനെയാണ് നേരത്തിലെ റോൾ ചെയ്യുന്നത്. സീരിയസ് പോലീസ് ഉദ്യോഗസ്ഥനായി തന്നെയാണ് ഞാൻ അതിൽ എന്റെ ക്യാരക്ടറിനെ ചെയ്തിരിക്കുന്നത്. ടിന്റു എന്ന പേര് വിളിക്കുന്നത് തന്നെ ഇഷ്ടമില്ലാത്ത പോലീസുകാരനാണ്. അതിലൊന്നും കോമഡിയില്ല. ഞാൻ ചെയ്തതും സീരിയസായിട്ട് തന്നെയാണ്. പക്ഷെ ആ കഥാപാത്രത്തെ കാണുന്നവർക്ക് അതൊരു കോമഡിയാണ്. ആ രീതിയിലെ ഞാൻ കോമഡി ചെയ്തിട്ടുള്ളു.
അല്ലാതെ ആ കഥാപാത്രത്തിൽ ഞാൻ കോമഡി ചെയ്തിട്ടുണ്ടെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ലെന്നും ഷമ്മി തിലകൻ പറയുന്നു. നടന്റെ കരിയറിൽ സംഭവിച്ചിട്ടുള്ളതിൽ പ്രേക്ഷകർ ഇന്നും മനസിൽ ഓർത്ത് വെച്ചിരിക്കുന്ന കഥാപാത്രമാണ് ഊക്കൻ ടിന്റു. നടന്റെ വീഡിയോ വൈറലായതോടെ ഊക്കൻ ടിന്റുവിനെ മിസ് ചെയ്തിരുന്നുവെങ്കിൽ നഷ്ടമായിപ്പോയെ എന്നാണ് കമന്റുകൾ.

ഷമ്മി തിലകൻ ചെയ്തതിൽ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം. നേരത്തിലെ ടിന്റുവും ശൃംഗാര വേലനിലെ കണ്ണനും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്, നേരം ചെയ്തില്ലായിരുന്നേൽ നഷ്ടം ആയേനെ, ഊക്കൻ ടിന്റു സാറിന്റെ ലവ് സ്റ്റോറി നറേഷൻ പൊളിയാണ്, ഷമ്മി തിലകൻ കോമഡി ചെയ്താൽ പൊളിയാണ് എന്നിങ്ങനെയാണ് കമന്റുകൾ. പല ചിത്രങ്ങളിലും ക്രൂരതയും വില്ലത്തരങ്ങളുമായി വിലസിയിരുന്ന ഷമ്മി തിലകൻ ഇപ്പോൾ വില്ലൻ വേഷങ്ങളിൽ മാത്രമല്ല ക്യരക്ടർ റോളുകളിലും അതിശയിപ്പിക്കുന്ന പ്രതിഭയാണ്.
നേരത്തിന്റെ കഥയും അൽഫോൺസ് പുത്രന്റേത് തന്നെയായിരുന്നു. നിവിൻ പോളി, നസ്രിയ, കൃഷ്ണ ശങ്കർ, സിജു വിത്സൺ, മനോജ് കെ ജയൻ, ബോബി സിൻഹ തുടങ്ങിയവരായിരുന്നു സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.


Click it and Unblock the Notifications











