twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമ മാഫിയയുടെ പിടിയിലാണെന്ന് പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോ! വെളിപ്പെടുത്തി ഷമ്മി തിലകന്‍

    |

    മലയാള സിനിമയെ നിയന്ത്രിയ്ക്കുന്നത് പതിനഞ്ച് പേരടങ്ങുന്ന ഒരു ലോബിയാണെന്ന് പറയുകയാണ് നടന്‍ ഷമ്മി തിലകന്‍. സിനിമാ ലോകം മാഫിയ സംഘങ്ങളുടെ പിടിയിലാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ തന്റെ അച്ഛനും പ്രമുഖ നടനുമായിരുന്ന തിലകന്‍ തന്നെയല്ലേ ഹീറോ എന്നും ഷമ്മി തിലകന്‍ ചോദിക്കുന്നു. ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഷമ്മി തിലകന്‍ ഇതേ കുറിച്ച് പറഞ്ഞിരിക്കുന്നത്.

    ഷമ്മി തിലകന്റെ കുറിപ്പ്

    മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാര്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, എന്നിവരുള്‍പ്പെട്ട 15 പേരുടെ ലോബി ആണെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇവരില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആരെയും എന്നന്നേയ്ക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും. അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നുവെന്നും.

    shammi-thilakan

    സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും, പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നുവെന്നും, പ്രമുഖരായ നടിമാര്‍ക്കും നടന്‍മാര്‍ക്കും ഇപ്പോഴും വിലക്കുണ്ട് എന്നും; നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും, ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നത് ലോബിയുടെ രീതിയാണെന്നും, അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്താറുണ്ടെന്നും, ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുളളൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നും മറ്റും റിപ്പോര്‍ട്ടില്‍ പറയുന്നു.

     thilakan

    ഇത് തന്നെയല്ലേ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വിധി ന്യായത്തില്‍, തങ്ങളുടെ ഇഷ്ടത്തിനും ഇംഗിതത്തിനും താളത്തിനും തുള്ളാത്തവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്. ഇത് തന്നെയല്ലേ അമ്മ സംഘടനാ ഭാരവാഹികളുടെ ലീക്കായ വാട്ട്‌സാപ്പ് സന്ദേശത്തില്‍, പറയുന്ന 'സൂപ്പര്‍ബോഡി' .

    അഭിപ്രായം പറഞ്ഞാലുടനെ വെട്ടി നിരത്തുക, വാളോങ്ങുക, തുടങ്ങിയ ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍ കൈക്കൊള്ളുവാന്‍ സംഘടന മൂന്നാംകിട രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് അവര്‍ പറഞ്ഞതും ഇവരെ ഉദ്ദേശിച്ച് തന്നെയല്ലേ? അങ്ങനെയെങ്കില്‍, മാഫിയാ സംഘങ്ങളുടെ പിടിയിലാണ് മലയാള സിനിമ എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോ. അതെ... അച്ഛനാണച്ഛാ ശരിയായ ഹീറോ.

    ഷമ്മി തിലകൻ്റെ പോസ്റ്റ്

    English summary
    Shammi Thilakan Talks About Hema Commission Report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X