ഹംദാന് കൂട്ടായി ഒരാൾ കൂടി കുടുംബത്തിലേക്ക് എത്തുന്നു, രണ്ടാമതും ഗർഭിണിയായ സന്തോഷം പങ്കുവെച്ച് നടി ഷംന കാസിം!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ഷംന കാസിമാണ് സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്ന സെലിബ്രിറ്റികളിൽ ഒരാൾ. അതിന് കാരണം നടിയുടെ ഭർത്താവായ ഷാനിദ് ആസിഫ് അലി സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പായിരുന്നു. ഏറെനാളുകൾ ഷംന കാസിമിനെ പിരിഞ്ഞ് കഴിഞ്ഞതിനെ കുറിച്ചായിരുന്നു ഷാനിദിന്റെ കുറിപ്പ്. പോസ്റ്റ് വൈറലായതോടെ ഇരുവരും വേർപിരിഞ്ഞുവോയെന്ന് പോലും ഫോളോവേഴ്സ് സംശയിച്ചു.
ഷാനിദുമായുള്ള വിവാഹശേഷം ഷംന ദുബായിൽ സെറ്റിൽഡാണ്. ഹംദാൻ എന്നൊരു മകനും ഇരുവർക്കും ഉണ്ട്. താനും ഷംനയും തമ്മിൽ പ്രശ്നങ്ങളില്ലെന്നും ഷംന നാട്ടിൽ പോയപ്പോഴുണ്ടായ ഒറ്റപ്പെടലിനെ കുറിച്ചാണ് താൻ കുറിപ്പ് എഴുതിയത് എന്നുമാണ് പിന്നീട് വൈറൽ പോസ്റ്റിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഷാനിദ് പറഞ്ഞത്.

പ്രിയ സുഹൃത്തുക്കളേ... എന്റെ ഭാര്യ ജയിലർ 2 സിനിമയുടെ ഷൂട്ടിങിനായി ഇരുപത് ദിവസം ചെന്നൈയിലും പിന്നെ പതിനഞ്ച് ദിവസം മലപ്പുറത്തും വീട്ടിലുമൊക്കെയായതിനാൽ ആകെ 45 ദിവസത്തെ അവധിയായിരുന്നു. ഞങ്ങൾ വിവാഹിതരായി മൂന്ന് വർഷം കഴിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും നീണ്ട ദിവസങ്ങൾ ഞങ്ങൾ ഒരുമിച്ചില്ലാതെ കഴിഞ്ഞിട്ടില്ല.
ആ ദിവസങ്ങളെയൊക്കെയാണ് ഞാൻ എന്റെ പോസ്റ്റിൽ പങ്കുവച്ചത്. ദയവായി തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കരുത്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ സന്തോഷം നിറഞ്ഞ ജീവിതത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത് എന്നാണ് ഷാനിദ് കുറിച്ചത്. ഇപ്പോഴിതാ വലിയൊരു സന്തോഷ വാർത്ത പങ്കിട്ട് എത്തിയിരിക്കുകയാണ് ഷംന കാസിം.
താൻ വീണ്ടും അമ്മയാകാൻ പോകുന്നുവെന്ന സന്തോഷമാണ് പുതിയ പോസ്റ്റിലൂടെ ഷംന അറിയിച്ചത്. ഹംദാന് കൂട്ടായി 2026ൽ മറ്റൊരു കുഞ്ഞ് കൂടി ഷാനിദിനും ഷംനയ്ക്കും ഇടയിലേക്ക് എത്തും. ഞങ്ങളുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു... ഞങ്ങളുടെ കുടുംബം വളരുകയാണ്... സ്നേഹിക്കുന്ന ഒരാളോടൊപ്പം വിവാഹം കഴിച്ച് ജീവിക്കുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. എന്നാൽ മാതാപിതാക്കളാകുക എന്നത് എല്ലാറ്റിലും വെച്ച് ഏറ്റവും മനോഹരമായ അധ്യായമാണ്.
ഇന്ന് ഞങ്ങൾ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന കാര്യം പങ്കിടുന്നതിൽ എനിക്ക് അതിയായ സന്തോഷവുമുണ്ട്. കുട്ടികൾ ഒരു കുടുംബത്തെ പൂർത്തിയാക്കുന്നുവെന്ന് പറയപ്പെടുന്നു. ഇപ്പോൾ ഞങ്ങളുടെ രണ്ടാമത്തെ ചെറിയ അത്ഭുതം ഞങ്ങളിലേക്ക് വരുന്നുവെന്ന് അറിയുമ്പോൾ ഞങ്ങളുടെ ഹൃദയങ്ങൾ കൂടുതൽ പൂർണ്ണതയുള്ളതായി തോന്നുന്നു.

സ്നേഹത്തോടെയും പ്രാർത്ഥനയോടെയും പിന്തുണയോടെയും ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദി. ഞങ്ങളുടെ യാത്രയിൽ നിങ്ങളുടെ സാന്നിധ്യം വാക്കുകൾക്ക് പറയാൻ കഴിയുന്നതിലുമധികം അർത്ഥമാക്കുന്നു. പുതിയ ചിരിയും ചെറിയ കാൽപ്പാടുകളും അനന്തമായ സ്നേഹവും നിറഞ്ഞ വരാനിരിക്കുന്ന ദിവസങ്ങൾക്കായി ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല എന്നാണ് ഷംന കുറിച്ചത്.
ബിഗ് ബ്രദർ എന്നെഴുതിയ ബോർഡുമായി നിറചിരിയോടെ ഇരിക്കുന്ന ഹംദാന്റെ ചിത്രങ്ങളും കുറിപ്പിനൊപ്പം ഷംന പങ്കിട്ടു. നിരവധി പേരാണ് ഷംനയ്ക്കും കുടുംബത്തിനും ആശംസകൾ നേർന്ന് എത്തിയത്. ഷംനയുടേയും ഷാനിദിന്റേയും ഹണിമൂൺ പിരീഡിലെ ബേബിയാണ് ഹംദാൻ. നിക്കാഹ് കഴിഞ്ഞപ്പോൾ മുതൽ ഷാനിദും ഷംനയും ഒരുമിച്ച് താമസിച്ച് തുടങ്ങിയിരുന്നു. വിവാഹ ചടങ്ങ് നടക്കുന്ന സമയത്ത് ഷംന ഗർഭിണിയായിരുന്നു.
വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കിട്ടപ്പോൾ വിവാഹം കഴിഞ്ഞ് ഏഴാം മാസത്തിൽ താരം എങ്ങനെ വളകാപ്പ് ചടങ്ങ് നടത്തിയെന്നത് ചർച്ചയായിരുന്നു. അപ്പോഴാണ് നിക്കാഹ് കഴിഞ്ഞപ്പോൾ താനും ഷാനിദും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നതെന്ന് ഷംന വെളിപ്പെടുത്തിയത്. മകനെ ഗർഭിണിയായിരുന്ന സമയത്തും നിറവയറിൽ നൃത്തം ചെയ്തും അഭിനയിച്ചും അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഷംന. ഗർഭിണിയായി കഴിയുമ്പോൾ വിശ്രമിക്കാമെന്ന് കരുതിയിരിക്കുന്നയാളാല്ല താരം. മാത്രമല്ല ഡാൻസ് അക്കാദമിയും ഷംനയ്ക്കുണ്ട്.


Click it and Unblock the Notifications











