നിന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ച് തരാനായില്ലെന്ന് അറിയാം, പ്രയാസങ്ങളിലും സങ്കടങ്ങളിലും നീ കൂടെ നിന്നു: ഷാനിദ്
സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് നടിയും നർത്തകിയുമായ ഷംന കാസിം. ഷംന ആഗ്രഹിച്ചത് പോലെയാെരു പങ്കാളിയാണ് ഭർത്താവ് ഷാനിദ് ആസിഫ് അലി. ഷംനയുടെ സിനിമാ, ഡാൻസ് കരിയറിന് ഷാനിദ് തടസമല്ല. സ്നേഹപ്രകടനങ്ങളില്ലെങ്കിലും ഭർത്താവ് തന്നെ മനസിലാക്കുന്നയാളാണെന്ന് ഷംന പറയാറുണ്ട്. ഇപ്പോഴിതാ വാലെന്റെെൻസ് ഡേയ്ക്ക് ഷാനിദ് ഷംനയക്കായി പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.
നിന്റെ ആഗ്രഹങ്ങളൊക്കെയും എനിക്ക് സഫലീകരിച്ച് തരാൻ കഴിഞ്ഞിട്ടില്ലെന്ന് ഞാൻ അറിയുന്നു. എന്നാലും എന്റെ പ്രയാസങ്ങളിലും സങ്കടങ്ങളിലും എപ്പോഴും കൂടെ നിന്നതിനും, എന്നെ പിന്തുണച്ചതിനും ഹൃദയം നിറഞ്ഞ നന്ദി. നീ കൂടെയുണ്ടെന്നത് തന്നെ എനിക്ക് വലിയ ശക്തിയാണ്. ഹാപ്പി വാലെെന്റെെൻസ് ഡേ എന്നാണ് ഷാനിദ് സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.
ദുബായിൽ ഷാനിദിന് വേണ്ടി ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് ഷംന ഷാനിദിനെ കാണുന്നത്. ഇഷ്ടം തോന്നിയപ്പോൾ ഷംന തന്നെ തുറന്ന് പറഞ്ഞു. അങ്ങനെ വിവാഹത്തിലേക്ക് എത്തി. തന്നെ മനസിലാക്കുന്നയാളാണെന്ന് വ്യക്തമായപ്പോഴാണ് ഷംന വിവാഹം ചെയ്തത്. വിവാഹക്കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടായിരുന്നെന്ന് ഷംന നേരത്തെ തുറന്ന് പറഞ്ഞിരുന്നു.
കല്യാണമെന്ന് പറയുമ്പോൾ ഉള്ളിൽ ഭയമുണ്ടായിരുന്നു. കാരണം സിനിമാ രംഗത്ത് എന്റെ സുഹൃത്തുക്കളിൽ പലരും ഡിവോഴ്സായി. അവർക്കിടയിൽ പ്രശ്നമായത് വർക്കാണ്. സിനിമ വിടാൻ പറ്റില്ലെന്ന് എനിക്കുറപ്പായിരുന്നു. സിനിമാ രംഗത്തേക്ക് വന്നാൽ പോകുമെന്ന് പറയുമെന്നല്ലാതെ അവസാനം നമ്മൾ സിനിമയിലേക്ക് തന്നെ തിരിച്ചെത്തും. ഡാൻസും സിനിമയും മാത്രമാണ് എനിക്കറിയുന്നത്. വളരെ ഇൻഡിപെൻഡ് ആയി ജീവിക്കണമെന്നായിരുന്നു എനിക്ക്. അതിനിപ്പോഴും സാധിക്കുന്നുണ്ടെന്നും ഷംന പറഞ്ഞു.

ഷംന തലയിൽ തട്ടമിട്ടില്ലെന്ന സോഷ്യൽ മീഡിയ കമന്റുകൾക്ക് കഴിഞ്ഞ ദിവസം ഷാനിദ് മറുപടി നൽകിയിരുന്നു.
ഇസ്‌ലാമിന്റെ പേരിൽ ചിലർ ഖുർആനിലെ "നടുവിലെ പേജ്" എന്നു സ്വയം വിശേഷിപ്പിച്ച് പലവിധ അഭിപ്രായങ്ങളും കമന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആദ്യം അതിന് മറുപടി നൽകേണ്ടതില്ലെന്ന് കരുതിയെങ്കിലും, പരിധികൾ കടക്കുമ്പോൾ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് തോന്നി.നമുക്ക് സ്വയം ചോദിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്:
ഇന്ന് നാം സുബ്ഹി നമസ്കാരം നിർവഹിച്ചോ?
അഞ്ച് വഖ്ത് നമസ്കാരവും കൃത്യമായി പാലിക്കുന്നുണ്ടോ?
നമ്മുടെ വീട്ടിലുള്ള സ്ത്രീകൾ ഇസ്‌ലാം നിർദ്ദേശിച്ച പ്രകാരം ഔറത്ത് പാലിക്കുന്നുണ്ടോ?
നാം ഭക്ഷണം കഴിക്കുമ്പോൾ, ചുറ്റുമുള്ള 40 വീടുകളിൽ ആരെങ്കിലും പട്ടിണിയിലാണോ എന്ന് അന്വേഷിക്കുന്നുണ്ടോ?
നമ്മുടെ വീട്ടിലുള്ളവർ അഞ്ചു വഖ്ത് നമസ്കാരം കൃത്യമായി ചെയ്യുന്നുണ്ടോ?
ഒരു വ്യക്തി മുസ്ലിമാണോ അല്ലയോ എന്ന് വിധിയെഴുതുന്നത് നമ്മുടെ ഉത്തരവാദിത്തമല്ല. അതിന് നമുക്ക് എല്ലാം റബ്ബിന്റെ മുമ്പിൽ മറുപടി പറയേണ്ടിവരും. മറ്റുള്ളവരെ വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ ഇമാനിന് ഗുണകരമല്ല. മഹ്ശറയിൽ നിൽക്കുന്ന ദിവസം, സ്വന്തം രക്ഷക്കായി മറ്റുള്ളവരെ നിന്ദിച്ച പ്രവൃത്തികൾ നമ്മെ സഹായിക്കുകയില്ല. അതിനാൽ പരസ്പരം മാന്യതയും സഹിഷ്ണുതയും പാലിക്കാം.ആദ്യം 'ഗീബത്ത്' (പരനിന്ദ)യും 'നമീമത്ത്' (ചുരുള്‍പ്പറച്ചിൽ)യും എന്താണെന്ന് മനസ്സിലാക്കി, അത് ഒഴിവാക്കാൻ ശ്രമിക്കാം. അല്ലാഹു നമ്മെ എല്ലാം ശരിയായ വഴിയിൽ നിലനിറുത്തട്ടെ എന്നായിരുന്നു ഷാനിദിന്റെ പ്രതികരണം.


Click it and Unblock the Notifications











